കോഴിക്കോട്: മീടൂ പരാതിയെ തുടർന്നു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ച കേസിലെ പ്രതിക്കു വേണ്ടി വക്കാലത്തുമായി കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് എത്തിയെന്ന ഗുരുതര ആരോപണവുമായി പരാതിക്കാരിയും ഇന്ത്യൻ യൂത്ത് കോൺഗ്രസ് ലിറ്ററേറ്റർ സെൽ നേതാവുമായ വനിത രംഗത്തുവന്നു. കോൺഗ്രസുകാരിയും ഇരയുമായ തന്നോടു താൻ പരാതി നൽകിയ സാഹിത്യകാരൻ വി.ആർ.സുധീഷുമായി ഒത്തീതീർപ്പിൽ എത്തണമെന്നാണ് തന്നോടു ആവശ്യപ്പെട്ടതെന്നും ഇവർ ആരോപിച്ചു.

അതോടൊപ്പം തന്നെ പൊലീസ് കേസ് രജിസ്റ്റർചെയ്തു അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന കേസിലെ പ്രതിയെ കഴിഞ്ഞ ദിവസം കോഴിക്കോട് ഡി.സി.സിയുടെ നേതൃത്വത്തിൽ നടന്ന വൈക്കം സത്യാഗ്രഹ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടിയിൽ മുഖ്യാതിഥിയായി എത്തിച്ചുവെന്നും ഇത് പരാതിക്കാരിയായ തന്നെ അപമാനിക്കാനാണെന്നും യുവതി പ്രതികരിച്ചു. ഡി.സി.സിയിൽ വിളിച്ചാണു കേസ് ഒത്തുതീർപ്പിലാക്കാൻ സംസാരിച്ചതെന്നും താനും സഹപ്രവർത്തകയുംകൂടി പോയ സമയത്താണു ഇത്തരത്തിൽ സംസാരിച്ചതെന്നും അവർ പറഞ്ഞു.

സുധീഷ് കേസിലെ പരാതിക്കാരി ഫേസ്‌ബുക്കിലിട്ട പോസ്റ്റിന്റെ പൂർണരൂപം:

വളരെ വേദനയുണ്ട്.. ഞാൻ കോൺഗ്രസുകാരി ആണ്.എഴുത്തുകാരി എന്ന നിലയിലും പ്രസാധക എന്ന നിലയിലും ഒരു കോൺഗ്രസ് പ്രവർത്തകയാണ് എന്ന് ഉറക്കെ വിളിച്ചു പറയുന്ന വ്യക്തിയാണ്. എന്റെ രാഷ്ട്രീയ നിലപാടുകൾ ഒന്നിന് വേണ്ടിയും മാറ്റി വെയ്ക്കാറില്ല. എഴുത്തിലോ പ്രസാധക മേഖലയിലോ എന്ത് തന്നെ നഷ്ടപ്പെടുത്തിയാലും എന്റെ രാഷ്ട്രീയം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണെന്ന് ഏറെ ഉറക്കെ പറയുന്ന വ്യക്തി. ഒരു കോൺഗ്രസ് പ്രവർത്തക ആയി തന്നെ എന്നെ അംഗീകരിക്കുന്ന എനിക്ക് പുസ്തകം തരുന്ന ഒരുപാട് പേരുണ്ട്. അത് കമ്മ്യൂണിസ്റ്റ്ക്കാർ ഉൾപ്പടെ...അത് എന്റെ നിലപാടും എന്റെ രാഷ്ട്രീയവും എന്റെ ജീവിതവും ആണ്...

അതേ, ഇത് ഞാൻ വിശ്വസിക്കുന്ന ഞാൻ പ്രവർത്തിക്കുന്ന കോൺഗ്രസ് രാഷ്ട്രീയ പ്രസ്ഥാനം തന്നെയാണ്.നിലവിൽ ഇപ്പോഴും ഇന്ത്യൻ യൂത്ത് കോൺഗ്രസ് ലിറ്ററേറ്റർ സെൽ സ്റ്റേറ്റ് ചെയർപേഴ്സൺ എന്ന ചുമതല ഉണ്ട്. പ്രവർത്തന അനുമതി ഇത് വരെ തന്നില്ലെങ്കിലും...

നിലവിൽ എന്റെ പരാതിയിൽ മീ ടു കേസ് നില നിൽക്കുന്ന കേസ് നമ്പർ 3/22 സി.സി.നം:568/22 എന്ന കേസിലെ പ്രതിയായ വി ആർ സുധീഷിനെ അതിഥി ആയി പരിപാടിയിൽ വിളിച്ചത്.ഈ പ്രവർത്തകയെ അപമാനിക്കാൻ തന്നെ ആണെന്ന് കരുതുന്നു.നിഷ്പക്ഷ മുഖ മൂടി അണിഞ്ഞു ബോംബയിൽ ബിജെപി നടത്തിയ സാഹിത്യ പരിപാടിയിൽ വരെ പങ്കെടുത്ത വി ആർ സുധീഷ് എന്ന എഴുത്തുകാരൻ എങ്ങനെ ആണ് കോൺഗ്രസ് ആഘോഷം ആകുന്നത്?

കോഴിക്കോട് ഡിസിസി നടത്തിയ പരിപാടി ആണ്. ഇത് എനിക്ക് അയച്ചു തന്നവരോട്...എനിക്ക് ഡിസിസി യുടെ വാതിലുകൾ തുറക്കണം എങ്കിൽ പോലും ഈ വേട്ടക്കാരൻ കനിയണമത്രേ.... അതേ കോഴിക്കോട് എന്റെ നാടാണ്.. എന്റെ നാട്ടിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഡിസിസി പ്രസിഡന്റ്ആയ അഡ്വ പ്രവീൺ കുമാർ നടത്തിയ പരിപാടി തന്നെയാണ്.... ഇതൊക്കെ അങ്ങനെ ആണ്...വേട്ടനായ്ക്കൾ ഇങ്ങനെ നിരന്തരം ആഘോഷിക്കപെടും, നമ്മൾ വിശ്വസിച്ചവർ നമ്മുടെ ആൾക്കാർ എന്ന് നമ്മൾ കരുതിയവർ ഒക്കെ നമുക്ക് എതിരെ പരിഹാസവും അപമാനവും ഒക്കെ നൽകും...

ചേർത്ത് പിടിക്കാൻ ആരുമുണ്ടാവില്ല...സ്വന്തം നിഴലു പോലും.... അതിജീവിച്ചു പോകുന്നതിൽ പരം എന്ത് പ്രയാസമാണ് ഈ ഭൂവിൽ?ഇതിൽ കൂടുതൽ ഇനിയും പറയാനുണ്ട്.... വരും ദിവസങ്ങളിൽ... പരാതികൾ ഒത്തു തീർപ്പ് ആകുന്ന, ഇരകളെ മറന്നു വേട്ടക്കാരനു ഒപ്പം നിൽക്കുന്നവരിൽ ഒരാൾ ആണ് ഡിസിസി പ്രസിഡന്റ് അഡ്വ പ്രവീൺ കുമാർ. കൂടുതൽ തെളിവുകളുമായി വീണ്ടും വരുന്നതാണ്... ആത്മാഭിമാനം പണയം വെച്ച് ഒരു നേട്ടങ്ങൾക്കും താല്പര്യമില്ല.....