ന്യൂഡൽഹി: ദേശീയ ഗുസ്തി ഫെഡറേഷൻ നേതൃത്വത്തിന് എതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുമായി കായിക മന്ത്രാലയം നടത്തിയ ചർച്ച പരാജയപ്പെട്ടു. ഫെഡറേഷൻ പിരിച്ചുവിടുകയും, ആരോപണ വിധേയനായ ബ്രിജ് ഭൂഷൺ സിംഗിനെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യും വരെ പ്രതിഷേധം ശക്തമായി തുടരുമെന്ന് താരങ്ങൾ അറിയിച്ചു. ഈ മാസം 22 ന് നടത്തുന്ന വാർഷിക പൊതുയോഗത്തിൽ ബ്രിജ് ദൂഷൺ രാജി അറിയിച്ചേക്കുമെന്ന സൂചന ലഭിച്ചെങ്കിലും ബ്രിജ് ഭൂഷൺ സിംഗിനെതിരെ നിയമനടപടി സ്വീകരിക്കും വരെ പ്രതിഷേധം തുടരാനാണ് കായികതാരങ്ങളുടെ തീരുമാനം.

കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിൽ നിന്നും പിന്തുണ ലഭിക്കുന്നുവെന്നും പ്രതിഷേധക്കാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ലൈംഗിക ആരോപണമടക്കമുന്നയിച്ച് ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ദൂഷൺ സിംഗിനെതിരെ വലിയ പ്രതിഷേധമാണ് കായികതാരങ്ങളുയർത്തിയത്. പ്രസിഡന്റിനെതിരായ ലൈംഗികാരോപണത്തിൽ ശക്തമായ നടപടിയുണ്ടാകാതെ സമരത്തിൽനിന്ന് പിന്മാറില്ലെന്ന് വനിതാ താരങ്ങൾ അറിയിച്ചു.

സർക്കാരുമായി നടത്തിയ ചർച്ചയിൽ തൃപ്തികരമായ ഒരു പ്രതിരകരണവും ലഭിച്ചില്ലെന്ന് സമരംചെയ്യുന്ന ഗുസ്തി താരങ്ങൾ പ്രതികരിച്ചു. ആരോപണം നേരിടുന്ന ദേശീയ റെസ്ലിങ്ങ് ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ് രാജിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇല്ലെങ്കിൽ നിയമപരമായി നീങ്ങുമെന്നും ഗുസ്തി താരം വിനേഷ് ഫോഗട്ട് പറഞ്ഞു.

കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറുമായി ഗുസ്തി താരങ്ങൾ നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് റെസ്ലിങ്ങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ യോഗം അയോധ്യയിൽ വെച്ചു അടിയന്തരമായി വിളിക്കാനുള്ള തീരുമാനത്തിലേക്ക് കായിക മന്ത്രാലയം എത്തിയത്. ഈ മാസം 22-നാണ് യോഗം ചേരുക. യോഗത്തിൽ ബ്രിജ്ഭൂഷൺ കരൺ രാജി പ്രഖ്യാപനം നടത്തുമെന്ന് സൂചനയുണ്ട്.

ബ്രിജ്ഭൂഷൺ ശരൺ സിങ്ങും ചില പരിശീലകരും വനിതാ താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് മുപ്പതോളം ഗുസ്തി താരങ്ങളാണ് ഡൽഹിയിലെ ജന്തർ മന്ദറിൽ പ്രതിഷേധിച്ചത്. സാക്ഷി മാലിക്, സരിത മോർ, സംഗീത ഫോഗട്ട്, ജിതേന്ദർ കിൻഹ, സുമിത് മാലിക്ക് തുടങ്ങി മുപ്പതോളം കായികതാരങ്ങൾ പ്രതിഷേധത്തിൽ അണിചേർന്നു. പ്രതിഷേധം തുടർന്നതോടെ ദേശീയ കായിക മന്ത്രാലയം വിഷയത്തിൽ ഇടപെട്ടു. റെസ്ലിങ്ങ് ഫെഡറേഷനോട് 72 മണിക്കൂറിനകം വിശദീകരണം നൽകാൻ കേന്ദ്ര മന്ത്രാലയം ആവശ്യപ്പെട്ടു. പിന്നീട് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ പരാതിക്കാരുമായി നേരിട്ടു കൂടിക്കാഴ്ച നടത്തുകയായിരുന്നു.

ബ്രിജ്ഭൂഷൺ മാനസികമായും ശാരീരികമായും ലൈംഗികമായും നിരന്തരം തങ്ങളെ പീഡിപ്പിക്കാറുണ്ടെന്ന് പരാതിക്കാർ മന്ത്രിയെ അറിയിച്ചു. ക്യാമ്പുകളിൽ വെച്ചുപോലും പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്ന അവസ്ഥയുണ്ടായതായും കായികതാരങ്ങൾ മന്ത്രിയെ അറിയിച്ചു. ഇന്ത്യൻ കായികരംഗത്തിനു തന്നെ മാനക്കേടുണ്ടാക്കുന്ന തരത്തിലുള്ള സമീപനമാണ് ബ്രിജ്ഭൂഷണിന്റെ ഭാഗത്തുനിന്നുണ്ടായത് എന്നാണ് കായികതാരങ്ങൾ പറഞ്ഞത്. ദീർഘകാലമായി ബിജെപി എം. പി സ്ഥാനത്തു തുടരുന്ന ഇയാൾ രാഷ്ട്രീയ സ്വാധീനത്തിന്റെ ഹുങ്കിലാണ് തങ്ങളോടു മോശമായി പെരുമാറുന്നതെന്നാണ് കായികതാരങ്ങൾ ആരോപിക്കുന്നത്.

ഫെഡറേഷന്റെ പ്രവർത്തനത്തിൽ വ്യാപകമായ സാമ്പത്തിക ക്രമക്കേട് നടക്കുന്നുവെന്ന ആരോപണം താരങ്ങളുയർത്തി. കായികതാരങ്ങൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനപ്പുറം വ്യക്തിപരമായ തീരുമാനങ്ങളിൽ വരെ ഫെഡറേഷൻ കൈകടത്തുന്നുവെന്നും പരാതി ഉയർന്നിട്ടുണ്ട്. കേന്ദ്ര സർക്കാരോ കോടതിയോ ആവശ്യപ്പെട്ടാൽ ആരോപണങ്ങൾക്ക് തെളിവ് സമർപ്പിക്കുമെന്ന് താരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ തനിക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണങ്ങളെന്നായിരുന്നു ബ്രിജ് ഭൂഷണിന്റെ പ്രതികരണം.

ആരോപണങ്ങൾ റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ ആരോപണങ്ങൾ നിഷേധിച്ചു. എന്തുകൊണ്ടാണ് കഴിഞ്ഞ 10 വർഷം ഇവരൊന്നും പ്രതികരിക്കാതിരുന്നതെന്നും പ്രായം കൂടിയതിനാൽ താരങ്ങളുടെ കായികക്ഷമത നഷ്ടപ്പെട്ടുവെന്നും അതിനാലാണ് ഇപ്പോൾ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നുവെന്നുമാണ് റെസ്ലിങ്ങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വാദം.