കൊല്ലം: ധർമസ്ഥാപനമല്ല സ്വകാര്യ ആശുപത്രികൾ എന്ന് എല്ലാവർക്കും അറിയാം. അവിടെ പോയാൽ, എല്ലാ സേവനത്തിനും എണ്ണിയെണ്ണി കാശുമേടിക്കും. അതിൽ തെറ്റില്ല. സേവനത്തിനാണല്ലോ പണം ഈടാക്കുന്നത്. എന്നാൽ, പാവം രോഗികളെ ഇതിന്റെ പേരിൽ ചൂഷണം ചെയ്യുന്ന ചില സ്വകാര്യ ആശുപത്രികളും ഉണ്ട്.

പ്രസവ ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ ബില്ലടയ്ക്കാൻ പണമില്ലാതിരുന്നതിനെ തുടർന്ന് നവജാത ശിശുവിനെ ആശുപത്രിക്ക് വിറ്റെന്ന് ദമ്പതികൾ വെളിപ്പെടുത്തിയത് രണ്ടുവർഷം മുമ്പാണ്. ആശുപത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് കുഞ്ഞിനെ വിറ്റതെന്നും ദമ്പതികൾ ആരോപിച്ചിരുന്നു. ആഗ്ര ട്രാൻസ്-യമുനയിലെ ജെ.പി ആശുപത്രിക്കെതിരെയാണ് ദമ്പതിമാർ പരാതിയുമായി അന്ന് രംഗത്തെത്തിയത്. പുതിയ സംഭവം ഇങ്ങ് കൊച്ചുകേരളത്തിലാണ്. പണമില്ലാത്തതു കൊണ്ട് ആശുപത്രി ബിൽ അടയ്ക്കാൻ കഴിയാത്തതിനെ തുടർന് സ്വന്തം നവജാത ശിശുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ആശുപത്രി അധികൃതർ അനുമതി നിഷേധിച്ചെന്നാണ് ആരോപണം. കൊല്ലം ട്രാവൻകൂർ മെഡിസിറ്റി ആശുപത്രി അധികൃതരാണ് ക്രൂരത കാണിച്ചത്.

ഒക്ടോബർ 3 നാണ് കൊല്ലം സ്വദേശി തന്യാ കിരണിനെ (25) മെഡിസിറ്റി ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. മൂന്നിന് അവർ കുഞ്ഞിന് ജന്മം നൽകി. പ്രസവത്തിന് ശേഷം ഡങ്കി പനി സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യസ്ഥിതി വഷളായി. ഓക്‌സിജൻ നില താഴ്ന്നതിനെ തുടർന്ന് നവജാത ശിശു ബൻസിഗർ ആശുപത്രിയിൽ മരിച്ചു.

മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ യുവതിക്ക് 2 ലക്ഷം രൂപയുടെ ബിൽ അടയ്ക്കാനുണ്ടായിരുന്നു. എന്നാൽ ബിൽ അടയ്ക്കാനുള്ള സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്നില്ല. ബിൽ അടയ്ക്കാത്തത് കാരണം യുവതിയെ ആശുപത്രിയിൽ നിന്ന് വിടുതൽ ചെയ്യുന്നില്ലെന്ന് ബന്ധുക്കൾ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഇടപെട്ടു.

കമ്മീഷന്റെ ഇടപെടലിനെത്തുടർന്ന് യുവതിയെ സ്വകാര്യാശുപത്രി വിടുതൽ ചെയ്തു. ഇതോടെ യുവതിക്ക് നവജാത ശിശുവിന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാനുമായി. സംസ്‌കാര ചടങ്ങിന് വേണ്ട പണവും സ്വരൂപിക്കാനാകാതെ ഇവർ വിഷമിച്ചതായും പറയുന്നു.

സമാന സംഭവങ്ങൾ ഏറെ

ചികിത്സ നടത്താൻ ആശുപത്രിയിൽ അടയ്ക്കാനുള്ള ബിൽ തുക നൽകാൻ പണം ഇല്ലാതെ വന്നതിനെ തുടർന്ന് മധ്യപ്രദേശിൽ 80 വയസുള്ള വയോധികനെ കിടക്കയിൽ കെട്ടിയിട്ടതായി പരാതി ഉയർന്നത് 2020 ജൂണിലാണ്. സംസ്ഥാനത്തെ ഷാജാപൂറിലെ സിറ്റി ആശുപത്രിയിലാണ് 11,000 രൂപ ബിൽ അടക്കാത്തതിനെ തുടർന്ന് വയോധികന്റെ കാലുകളും കൈകളും ആശുപത്രി അധികൃതർ കെട്ടിയിട്ടത്. ഇയാൾ ആശുപത്രിയിൽ പ്രവേശിക്കുന്ന സമയം 5,000 രൂപ അടച്ചിരുന്നതായും ചികിത്സ നീണ്ടതോടെ ബിൽ അടയ്ക്കാൻ കൈവശം പണമില്ലാതെ വരികയുമായിരുന്നു. വൃദ്ധന് അപസ്മാര രോഗം ഉണ്ടായിരുന്നതായും അദ്ദേഹത്തിന് സ്വയം പരിക്കേൽക്കാതിരിക്കാനായാണ് കൈകാലുകൾ കെട്ടിയിട്ടതെന്നുമാണ് ആശുപത്രി അധികൃതർ പിന്നീട് നൽകിയ വിശദീകരണം.

ബില്ലടയ്ക്കാൻ പണമില്ലാതെ സ്വകാര്യ ആശുപത്രിയുടെ 'തടങ്കലിലായ' അമ്മയെ രക്ഷിക്കാൻ ഏഴുവയസ്സുകാരൻ ഭിക്ഷാടനം നടത്തിയ വാർത്ത വന്നത് 2017 ലാണ്. പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ലളിതാദേവിക്കും കുടുംബത്തിനുമാണു ദുരനുഭവം ഉണ്ടായത്. 12 ദിവസം ആശുപത്രിയിൽ തടഞ്ഞുവച്ച യുവതിയെ പിന്നീട് പൊലീസ് മോചിപ്പിക്കുകയായിരുന്നു.

മാധേപ്പുരയിൽ നിന്നുള്ള ലളിതയെ (31)പട്‌നയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭർത്താവ് നിർധൻ റാം 25,000 രൂപ ആശുപത്രിയിൽ അടച്ചിരുന്നു. അടുത്തദിവസം യുവതി പ്രസവിച്ചെങ്കിലും കുഞ്ഞിനു ജീവനില്ലായിരുന്നു. തുടർന്നു 30,000 രൂപ കൂടി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. പണമില്ലെന്നു നിർധൻ പറഞ്ഞതോടെ യുവതിയെ വിട്ടയയ്ക്കില്ലെന്നായിരുന്നു ആശൂപത്രിയുടെ മറുപടി.