- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വള്ളംകളി ഒരുമിച്ചിരുന്ന് കാണാം; ഓണാഘോഷത്തിനും ഒപ്പമുണ്ടാകണം! അമിത് ഷായെ നെഹ്‌റു ട്രോഫി വള്ളം കളിയിൽ മുഖ്യതിഥിയായി കൊണ്ടു വരാൻ മുഖ്യമന്ത്രിയുടെ ചടുലമായ നീക്കങ്ങൾ; വിക്രാന്തിന്റെ ഉദ്ഘാടനത്തിന് മോദിയേയും കാണുന്നു; സ്വർണ്ണ കടത്തിലെ ഇഡി അന്വേഷണം ആവിയാകുമോ? കോവളത്തെ യോഗം നിർണ്ണായകമാകും; അമിത് ഷായെ ചേർത്തു പിടിക്കാൻ പിണറായി
ആലപ്പുഴ: വീണ്ടും അനുനയത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ? നെഹ്‌റു ട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടൽ നടത്തുമ്പോൾ ഒത്തൂതീർപ്പുകളുടെ സംശയങ്ങളും സജീവം. ഐഎൻഎസ് വിക്രാന്തിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ എത്തുന്നുണ്ട്. ഈ പരിപാടിയിൽ മുഖ്യമന്ത്രിയും അതിഥിയായെത്താനാണ് സാധ്യത. ഇതിനൊപ്പം അമിത് ഷായ്ക്ക് മുമ്പിലും അനുനയത്തിനൊരുങ്ങുകയാണ് പിണറായി സർക്കാർ.
നാലാം തീയതിയാണ് നെഹ്‌റു ട്രോഫി വള്ളം കളി. അമിത് ഷായെ ക്ഷണിച്ചു കൊണ്ട് 23നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് കത്തയച്ചത്. ഓണാഘോഷങ്ങളിൽ പങ്കെടുക്കണമെന്നും കത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ദക്ഷിണമേഖലാ കൗൺസിൽ യോഗം 30 മുതൽ സെപ്റ്റംബർ മൂന്നുവരെ കോവളത്തു നടക്കുന്നുണ്ട്. ഇതിനായി അമിത് ഷാ ഉൾപ്പെടെയുള്ളവർ എത്തുന്നുണ്ട്. യോഗത്തിൽ പങ്കെടുക്കാനെത്തുമ്പോൾ നെഹ്‌റുട്രോഫി വള്ളംകളിയിൽ മുഖ്യാതിഥിയായി പങ്കെടുക്കനാണ് ക്ഷണിച്ചിരിക്കുന്നത്. ഇത്തവണത്തെ നെഹ്‌റു ട്രോഫി വള്ളംകളിയിൽ ഒൻപത് വിഭാഗങ്ങളിലായി 79 വള്ളങ്ങളാണ് മാറ്റുരയ്ക്കുന്നത്.
മുഖ്യമന്ത്രി വള്ളംകളിക്ക് പങ്കെടുക്കുമെന്നതിനാൽ പ്രശ്നങ്ങളില്ലാതെ സമയക്രമം പാലിച്ചു വള്ളംകളി നടത്താനുള്ള ശ്രമത്തിലാണ് സംഘാടകർ. കോവിഡും വെള്ളപ്പൊക്കവും കാരണം മൂന്നുവർഷമായി പുന്നമടക്കായലിലെ ഓളപ്പരപ്പിൽ നെഹ്‌റു ട്രോഫി വള്ളംകളി നടത്താൻ സാധിച്ചിരുന്നില്ല. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലേക്കാണ് അമിത് ഷായെ ക്ഷണിക്കുന്നത്. സ്വർണ്ണ കടത്തിലും മറ്റും കേന്ദ്ര ഏജൻസിയായ ഇഡി അന്വേഷണത്തിലാണ്. എല്ലാം ഏകോപിപ്പിക്കുന്നത് അമിത് ഷായാണെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെയാണ് പുതിയ സൗഹൃദത്തിനുള്ള ശ്രമങ്ങൾ.
സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തലുകൾ അതീവ ഗൗരവമുള്ളതാണ്. പ്രതീഷ് വിശ്വനാഥനാണ് ഇതിന് പിന്നിൽ സമ്മർദ്ദവുമായി നിൽക്കുന്നത്. ലാവ് ലിൻ കേസും സുപ്രീംകോടതിക്ക് മുന്നിൽ എത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ അമിത് ഷാ എടുക്കുന്ന ഓരോ തീരുമാനവും നിർണ്ണായകമാണ്. കേരളത്തിൽ കൂടുതൽ ശ്രദ്ധ നൽകാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ദക്ഷിണേന്ത്യൻ ആഭ്യന്തര മന്ത്രിമാരുടെ യോഗം തിരുവനന്തപുരത്ത് ചേരുന്നത്. ഐഎസ് അടക്കമുള്ളവരുടെ സാന്നിധ്യം ഈ മേഖലയിൽ കൂടുകയാണ്. ഈ വേദികളിൽ തീവ്രവദാത്തിനെതിരെ ശക്തമായ ചർച്ചകളും നടക്കും.
കോവളത്തെ യോഗത്തിൽ അമിത് ഷായും പിണറായി വിജയനും തമ്മിൽ ഒറ്റയ്‌ക്കൊറ്റയ്ക്ക് ചർച്ച നടക്കാനും സാധ്യതയുണ്ട്. ഇതെല്ലാം കേരളത്തിലെ രാഷ്ട്രീയ പ്രശ്‌നങ്ങളിൽ നിർണ്ണായക വഴിത്തിരിവാകുമെന്ന് തന്നെയാണ് വിലയിരുത്തൽ. മുമ്പും സ്വർണ്ണ കടത്ത് കേസ് അട്ടിമറിച്ചതിന് പിന്നിൽ കേന്ദ്ര സർക്കാരാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. സമാന സ്ഥിതിയിലേക്ക് കോവളത്തെ സമ്മേളന ശേഷവും ചർച്ചകൾ വഴിമാറും. നെഹ്‌റു ട്രോഫി വള്ളം കളിക്കും ഓണാഘോഷത്തിനും അമിത് ഷായെ ക്ഷണിക്കുന്നത് ഇത്തരം അന്തർനാടകത്തിന് വേണ്ടിയാണെന്ന ആരോപണം സജീവമാണ്.
കേരള രാഷ്ട്രീയത്തിൽ അടിമുടി മാറ്റി മറിക്കുന്ന വിധത്തിലേക്ക് സ്വർണ്ണക്കടത്തു കേസ് മാറുമോ? ഈ ആകാംക്ഷ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ രണ്ടാം ഘട്ടത്തോടെ രാഷ്ട്രീയ അന്തരീക്ഷത്തിൽ ഉണ്ട്. സ്വപ്ന സുരേഷിന് പിന്നിലാര് എന്ന ചോദ്യമായിരുന്നു ഇതിൽ പ്രസക്തമായത്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ പരാതിയുമായി സ്വപ്ന എത്തിയതിന് പിന്നാലെ സരിത്തിനെ വിജിലൻസ് പൊക്കി ചോദ്യം ചെയ്തതിന്റെ ഉദ്ദേശ്യവും ആരാണ് ഇവർക്ക് പിന്നിൽ പ്രവർത്തിക്കുന്നത് എന്നറിയാൻ വേണ്ടിയായിരുന്നു. സ്വപ്നയക്ക് പിന്തുണയുമായി ഉള്ളവരുടെ കൂട്ടിത്തിൽ മുൻ വിഎച്ച്പി നേതാവ് പ്രതീഷ് വിശ്വനാഥനും ഉണ്ടെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.
എന്നാൽ പിണറായി വിജയനെ ഭയപ്പെടുത്തുന്ന വിധത്തിൽ സ്വപ്നയുടെ വെളിപ്പെടുത്തൽ പുറത്തുവരുമ്പോൾ ബിജെപി നേതാക്കളുമായി ഒത്തു തീർപ്പെന്ന ആരോപണവും ശക്തമാണ്. ഇത് ബിജെപി രാഷ്ട്രീയത്തിലും അനുരണനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ബിജെപി നേതൃത്വം നിരന്തരം പിണറായി വിജയനുമായി അഡ്‌ജെസ്റ്റ്‌മെന്റിലാണ് മുന്നോട്ടു പോകുന്നതെന്നാണ് ആക്ഷേപം. ഇതിനിടെയാണ് പ്രതീഷ് വിശ്വനാഥനും സ്വപ്നക്ക് സഹായങ്ങളുമായി രംഗത്തെത്തിയത്. ദേശീയ തലത്തിൽ മോദിയും അമിത്ഷായുമായി അടുത്ത ബന്ധമുള്ള നേതാവാണ് പ്രതീഷ് വിശ്വനാഥൻ. അതുകൊണ്ട് തന്നെ സ്വപ്നയുടെ രണ്ടാം വരവിൽ ബിജെപി ദേശീയ നേതൃത്വത്തിന്റെ ഇടപെടലും ഉണ്ടെന്നാണ് സൂചനകൾ.
ഒത്തുതീർപ്പുകളെ പൊളിക്കും വിധത്തിലാണ് പ്രതീഷ് ഇപ്പോൾ സ്വർണ്ണക്കടത്തു കേസിൽ ഇടപെട്ടിരിക്കുന്നത്. സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുബാങ്കിലും വിള്ളലുണ്ടാക്കിയാൽ മാത്രമേ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാൻ സാധിക്കൂവെന്ന് വ്യക്തമായ ബോധ്യം അമിത്ഷായ്ക്കുണ്ട്. എന്നാൽ, കോൺഗ്രസിന് വീണ്ടും അവസരം ആകുകയും അറുതെന്നാണ് ഷായുടെ പക്ഷം. ഇതിൽ പിണറായിയെ വീഴ്‌ത്താനുള്ള ദൗത്യമാണ് പ്രതീഷിനുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത്ഷാ തുടങ്ങിയവരുമായി വ്യക്തിപരമായി അടുപ്പമുള്ള, ഇരുവരുടെയും വിശ്വസ്തനായ പ്രതീഷ് വിശ്വനാഥ് കേന്ദ്രത്തിൽ നടത്തിയ ഇടപെടലുകളെ തുടർന്നാണ് കർശന നിലപാടിലേക്ക് ഇ.ഡി. നീങ്ങിയ തെന്നാണ് സൂചന.
സംസ്ഥാനത്തെ ബിജെപി നേതൃത്വം പോലും ഇ.ഡി. നീക്കങ്ങൾ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. പ്രതീഷ് വിശ്വനാഥിന്റെ ഇടപെടലുകൾക്കു ശേഷം എൻ. ഐ.എ. യും സിബിഐയും വീണ്ടും കേസിലെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതീഷ് വിശ്വനാഥിന്റെ അഭിഭാഷക പങ്കാളിയായ കൃഷ്ണരാജാണ് ഈ ഘട്ടത്തിൽ സ്വപ്ന സുരേഷിന്റെ അഭിഭാഷകൻ എന്നതും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തിലാണ് അമിത് ഷായുമായി കൂടുതൽ സൗഹൃദം പിണറായി കാട്ടാൻ ശ്രമിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ