തിരുവനന്തപുരം: വീണ്ടും അമ്മത്തൊട്ടിൽ വിവാദം. തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ ജൂലൈ 17നു കുഞ്ഞിനെ ലഭിച്ചിരുന്നുവെന്നു ശിശുക്ഷേമ സമിതി (സിഡബ്ല്യുസി) അധ്യക്ഷ ഷാനിബ ബീഗം സ്ഥിരീകരിക്കുമ്പോൾ ചർച്ചകൾ പുതു തലത്തിലെത്തുന്നു. ആരുടെ കുഞ്ഞാണെന്നു സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്താനാണ് തീരുമാനം. കുട്ടിയുടെ ഭാവി സുരക്ഷിതമോ എന്നതും ചട്ടപ്രകാരം അന്വേഷിക്കും. അതിന് ശേഷമാകും കുട്ടിയുടെ രക്ഷകർത്വത്തിൽ തീരുമാനം എടുക്കുക.

മൂന്നുമാസം മുമ്പ് അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ച ആലിയയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ എന്ന് അവകാശപ്പെട്ടവർ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഡി എൻ എ പരിശോധന. പ്രണയകാലത്തെ ഗർഭം ഒളിപ്പിച്ചു വച്ച് വിവാഹിതരായ യുവാവും യുവതിയും മാനഹാനി ഭയന്നാണ് ഒന്നര മാസം വളർത്തിയശേഷം കുഞ്ഞ് ആലിയയെ ഉപേക്ഷിച്ചത്. ഈ കഥയിൽ പിന്നീട് ട്വിസ്റ്റുണ്ടായി. ഇവർ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായി. ഇതോടെയാണ് കുട്ടിയെ തേടി എത്തിയത്. ഈ സാഹചര്യത്തിലാണ് ഡി എൻ എ പരിശോധന. ദത്തു കൊടുക്കൽ നടപടികളിലേക്ക് ശിശുക്ഷേമ സമിതി കടന്നിട്ടില്ല. അതുകൊണ്ട് തന്നെ ഡി എൻ എ ഫലം അനുകൂലമായാൽ കുട്ടിയ അച്ഛനും അമ്മയ്ക്കും വിട്ടു കൊടുക്കും.

വിവാഹപൂർവ ഗർഭത്തെ വീട്ടുകാരും നാട്ടുകാരും എതിർക്കുമെന്നതിനാലാണ് കുട്ടിയെ ഉപേക്ഷിച്ചത്. ഉപേക്ഷിക്കുന്ന ദിവസം രാത്രിയിൽ കണ്ണെഴുതി പൊട്ടുതൊടീച്ച് പുത്തനുടുപ്പിട്ട് ഒരുക്കിയശേഷം അവളുടെ മാതാപിതാക്കൾ ചിത്രവും എടുത്തിരുന്നു. ഈ ചിത്രവും തെളിവാണ്. െേറക്കാലത്തെ പ്രണയത്തിനുശേഷം വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു ആലിയയുടെ അച്ഛനും അമ്മയും വിവാഹിതരായത്. പക്ഷേ വിവാഹത്തിനു മുമ്പുതന്നെ അമ്മ ഗർഭിണിയായി. വിവാഹം വേഗത്തിലാക്കാൻ ഇരുവരും ശ്രമിച്ചു. നാളിലും പക്കത്തിലും മുഹൂർത്തത്തിലുമൊക്കെ തട്ടി അതു നീണ്ടുപോയി. ഗർഭഛിദ്രത്തിനു സമീപിച്ചപ്പോൾ ഡോക്ടർ വിസമ്മതിച്ചു.

ഭ്ര്യൂണഹത്യ പാപമാണെന്ന ഡോക്ടറുടെ ഉപദേശവും ഇതിന് കാരണമായി. ഇതിനിടെ അവർ വിവാഹിതരായി. എട്ടു മാസം ഗർഭിണിയായിരുന്നു അന്ന്. വിവാഹശേഷം ഇരുവരും തിരുവനന്തപുരത്ത് വാടകവീടെടുത്തു. കഴിഞ്ഞ മെയ്‌ മാസം ആലിയ പിറന്നു. അപ്പോഴും ഇരുവരും വീട്ടുകാരിൽനിന്ന് എല്ലാം മറച്ചു. ഒന്നര മാസത്തിനുശേഷം ജൂലൈ 17ന് അവർ ആലിയയെ ഉപേക്ഷിക്കാൻ ഉറപ്പിച്ചു. പുലർച്ചെ രണ്ടുമണിയോടെ ശിശുഭവനിലെ അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ഉപേക്ഷിച്ചു. അതിന് ശേഷം അവർ സമാധാനം അറിഞ്ഞില്ല. ഇതോടെയാണ് കുട്ടിയെ വീണ്ടെടുക്കാൻ എത്തിയത്.

എല്ലാം വീട്ടുകാരോടു പറയും, കുഞ്ഞിനെ തിരികെ എടുക്കണം. നിയമപരമായും സാമ്പത്തികമായും കടമ്പകൾ ഏറെയുണ്ട് ഇവർക്കു മുന്നിൽ. പൊതുസമൂഹം എന്തുപറയും എന്ന ആ ഭയം കാരണമാണു സ്വന്തം ചോരയിൽ പിറന്ന കുഞ്ഞിനെ ഇവർ ഉപേക്ഷിച്ചത്. പരിശോധനകൾ തൃപ്തികരമെങ്കിൽ മൂന്നാഴ്ചയ്ക്കകം കുട്ടിയെ കൈമാറുമെന്നാണ് ശിശുക്ഷേമ സമിതിയുടെ നിലപാട്.