- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടിവെള്ളത്തിനും ദ്രവമാലിന്യ സംസ്കരണത്തിനും പ്രധാന്യം; 3600 കോടിയിൽ മൂഖംമിനുക്കാൻ കേരളത്തിലെ നഗരങ്ങൾ; പദ്ധതിയുടെ രണ്ടാംഘട്ടം ആറുകോർപ്പറേഷനുകളിലും 87 മുനിസിപ്പാലിറ്റികളിലും; കേന്ദ്രസർക്കാരുമായി കൈകോർത്ത് അമൃത് പദ്ധതി 2.0 വരുന്നു
തിരുവനന്തപുരം: കേരളത്തിലെ നഗരങ്ങളുടെ മുഖംമാറ്റാൻ ലക്ഷ്യമിട്ടുള്ള അമൃത് പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ (അമൃത് 2.0) 3600 കോടിയോളം രൂപ ചെലവിടും.ഇതിൽ 1372 കോടി കേന്ദ്രസർക്കാർ നൽകും.ബാക്കി തദ്ദേശസ്ഥാപനങ്ങളുടേതുൾപ്പെടെ സംസ്ഥാനവിഹിതമാണ്. ഒന്നാം ഘട്ടത്തിൽ ആറുകോർപ്പറേഷനുകളിലും പാലക്കാട്, ഗുരുവായൂർ, ആലപ്പുഴ മുനിസിപ്പാലിറ്റികളിലും. 2026 വരെയുള്ള രണ്ടാംഘട്ടത്തിൽ ആറുകോർപ്പറേഷനുകളും 87 മുനിസിപ്പാലിറ്റികളും. പൂർത്തിയായില്ലെങ്കിൽ കാലാവധി നീട്ടും.
ദ്രവമാലിന്യസംസ്‌കരണം, ജലസ്രോതസ്സുകളുടെ സംരക്ഷണം, നടപ്പാത, ഓട വൃത്തിയാക്കൽ, വെള്ളക്കെട്ട് ഒഴിവാക്കൽ, കുളങ്ങളുടെ നവീകരണം, ഇവയോടുചേർന്നുള്ള പാർക്കുകളുടെ വികസനം, ജലസംരക്ഷണത്തിനുള്ള ബോധവത്കരണം തുടങ്ങിയവയാണ് അമൃതിൽ ലക്ഷ്യമിടുന്നത്.ഒന്നാംഘട്ടത്തിൽ പ്രതീക്ഷിച്ച ചെലവായ 2250 കോടിയിൽ 60 ശതമാനം ചെലവിട്ടു.2015-ൽ തുടങ്ങിയ ഒന്നാംഘട്ടത്തിന് അഞ്ചുവർഷമായിരുന്നു കാലാവധിയെങ്കിലും 2023 മാർച്ചുവരെ തുടരാൻ അനുമതിയുണ്ട്. അടുത്തഘട്ടത്തിനും കാലാവധി അഞ്ചുവർഷം.
എല്ലാവീട്ടിലും ശുദ്ധജലം 24 മണിക്കൂറും എത്തിക്കുന്നതും ദ്രവമാലിന്യ സംസ്‌കരണവും മുഖ്യം. ഒപ്പം കുടിവെള്ളത്തിന് ട്രീറ്റ്മെന്റ് പ്ലാന്റ്, പൈപ്പുകൾ മാറ്റിസ്ഥാപിക്കൽ, പുതിയ സംഭരണികൾ സ്ഥാപിക്കൽ എന്നിവയും. നടപ്പാക്കുന്ന ഏജൻസി വാട്ടർ അഥോറിറ്റി. വാട്ടർ കണക്ഷൻ ഒന്നിന് ചെലവിടാൻ കേന്ദ്രസർക്കാർ അനുമതി നൽകിയത് 37,000 രൂപ. എന്നാൽ, 50,000 രൂപവരെ ചെലവിടാൻ സംസ്ഥാനം അനുമതിനൽകിയിട്ടുണ്ട്. കേരളത്തിന്റെ ഭൂപ്രകൃതിയാണ് ചെലവുകൂട്ടാൻ കാരണം.
പദ്ധതി വലിയ പ്രതിക്ഷയോടെയാണ് വരുന്നതെങ്കിലും തലവേദനയാകുന്നത് മാലിന്യസംസ്‌ക്കരണമാണ്.ഒന്നാംഘട്ടത്തിലെപ്പോലെ വലിയ പ്രതിസന്ധി ദ്രവമാലിന്യ സംസ്‌കരണത്തിലാണ്. സംസ്‌കരണപ്ലാന്റുകൾ സ്ഥാപിക്കുന്നതിന് പ്രാദേശികമായ എതിർപ്പാണ് പ്രശ്‌നം. ദ്രവമാലിന്യ സംസ്‌കരണം ഏറ്റവും വിജയകരമായി നടപ്പാക്കിയ ഒഡിഷയിൽ ഉദ്യോഗസ്ഥർ പോയിരുന്നു. വിദഗ്ധരെയെത്തിച്ച് അതത് പ്രദേശങ്ങളിൽ ബോധവത്കരണവും നടത്തും.
മൊത്തം ചെലവിന്റെ 45 ശതമാനം ദ്രവമാലിന്യസംസ്‌കരണത്തിനാണ്. അമൃതിൽ തയ്യാറാക്കുന്ന പദ്ധതി അംഗീകരിക്കുന്ന മുറയ്ക്ക് പണം അനുവദിക്കുകയാണ് പതിവ്. രണ്ടാംഘട്ടത്തിലേക്ക് 148 കോടിക്ക് കേന്ദ്രാനുമതിയായി.
മറുനാടന് മലയാളി ബ്യൂറോ