കോഴിക്കോട്: കോൺഗ്രസ് വിട്ട് ബിജെപിയിൽ അംഗത്വമെടുത്ത അനിൽ ആന്റണി നടത്തിയ പരാമർശങ്ങൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കളും പ്രവർത്തകരും. അതിരൂക്ഷമായാണ് പാർട്ടി നേതാക്കളും പ്രവർത്തകരും ഉൾപെടെയുള്ളവർ അനിലിന്റെ പരാമർശങ്ങളെ നേരിട്ടത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരനും യുവനേതാവ് രാഹുൽ മാങ്കൂട്ടത്തിലും ഉൾപെടെയുള്ളവർ യൂദാസിനോടാണ് പെസഹാ ദിവനത്തിൽ അനിൽ ആന്റണിയെ ഉപമിച്ചത്.

രാജ്യത്തെ സ്‌നേഹിക്കുന്നതിനാലാണ് താൻ ബിജെപിയിൽ ചേരാൻ തീരുമാനിച്ചതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ കൂടിയായ അനിൽ ആന്റണി പ്രസ്താവിച്ചിരുന്നു. 'ധർമോ രക്ഷതി രക്ഷതഃ. ഇതാണ് എന്റെ വിശ്വാസം. ഇന്ന് കോൺഗ്രസിലെ നേതാക്കളിൽ പലരും വിശ്വസിക്കുന്നത് ഒരു കുടുംബത്തിനുവേണ്ടി പ്രവർത്തിക്കുകയെന്നതാണ് അവരുടെ ധർമമെന്നാണ്. എന്റെ ധർമം രാഷ്ട്രത്തിനുവേണ്ടി പ്രവർത്തിക്കുക എന്നതാണ്. രാജ്യത്തെ അടുത്ത 25 വർഷത്തിനകം വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള വ്യക്തമായ കാഴ്ചപ്പാട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുണ്ടെന്നും ബിജെപിയിൽ ചേർന്നതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ അനിൽ പറഞ്ഞു.

'നിങ്ങളുടെ പിതാവായ എ.കെ. ആന്റണി കേരളത്തിന്റെ മുഖ്യമന്ത്രിയും കേന്ദ്ര പ്രതിരോധ മന്ത്രിയുമായത് നിങ്ങൾ കുറ്റപ്പെടുത്തുന്ന ആ കുടുംബം കാരണമാണെന്ന് ഓർത്താൽ നന്ന്' -ട്വിറ്ററിൽ ഒരാൾ കുറിച്ചതിങ്ങനെ. 'നിന്റെ കൂട്ടത്തിൽ ഒരുവൻ തന്നെ നിന്നെ ഒറ്റിക്കൊടുക്കും. യൂദാസ് കർത്താവിനെ ഒറ്റുകൊടുത്ത പെസഹാ വ്യാഴാഴ്ച ദിവസം' എന്ന് മറ്റൊരാൾ എഫ്.ബിയിൽ കുറിച്ചു.

അധികാരം മാത്രം കണ്ട് ശീലിച്ച മകൻ അധികാരമുള്ള പുതിയ ഇടത്തേക്ക് പോയാൽ അനിലിനെ തെറ്റ് പറയാനാവില്ലെന്നും തെറ്റ് പറയേണ്ടത് ചിലർക്ക് മാത്രം എന്നും അധികാരം നൽകിയ കോൺഗ്രസിനെയാണെന്നും ഒരു വിഭാഗം പ്രതികരിച്ചു.

'യൂദാസ് ഇതേ ദിവസം യേശുവിനെ മുപ്പത് വെള്ളിക്കാശിന് ഒറ്റിക്കൊടുത്ത ശേഷം തൂങ്ങിച്ചത്തു.. അപ്പനെയും കോൺഗ്രസിനെയും ഒറ്റിക്കൊടുത്ത അനിലേ, നിനക്കൊന്ന് പൊട്ടിക്കരയുകയെങ്കിലും ചെയ്യാമായിരുന്നു' എന്ന് മറ്റൊരാൾ എഴുതി. 'കുറെ കഴിയുമ്പോൾ വല്ല മിസോറാമിലോ നാഗാലാൻഡിലോ ഗവർണർ ആകാം' എന്നും സമൂഹ മാധ്യമങ്ങളിൽ പ്രതികരണങ്ങൾ നിറഞ്ഞു.

'കോൺഗ്രസിന്റെ ഭാഗത്തും തെറ്റുണ്ട്...അനിൽ ആന്റണിയെ കുറ്റം പറയാൻ പറ്റില്ല. അനിൽ ആന്റണി ജനിക്കുമ്പോൾ പിതാവ് രാജ്യസഭാ അംഗമാണ് (1985-91). പിന്നീട് നാലു തവണയായി ആകെ 28 വർഷം രാജ്യസഭാ എംപിയായി. ഇതിനിടെ പ്രതിപക്ഷനേതാവും രണ്ടു തവണ മുഖ്യമന്ത്രിയുമായി. ആകെ മൂന്നു തവണയായി ആറു വർഷം മുഖ്യമന്ത്രിയും 20 വർഷം എംഎ‍ൽഎയും. ഒപ്പം എട്ടുവർഷം രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയും രണ്ടുവർഷം ഭക്ഷ്യ മന്ത്രിയും. 2022ന് ശേഷം പിതാവ് അധികാരരാഷ്ട്രീയം ഒഴിയുമ്പോ അധികാരം മാത്രം കണ്ട് ശീലിച്ച മകൻ അധികാരമുള്ള പുതിയ ഇടത്തേക്ക് പോയാൽ അനിലിനെ തെറ്റ് പറയാനാവില്ല. തെറ്റ് പറയേണ്ടത് ചിലർക്ക് മാത്രം എന്നും അധികാരം നൽകിയ കോൺഗ്രസിനെയാണ്'-എന്ന് വൈറലായ കുറിപ്പിൽ ഒരേസമയം പാർട്ടിയെയും അനിലിനെയും ട്രോളി ഷീബ രാമചന്ദ്രൻ എഴുതി.

അനിൽ, താങ്കളുടെ ഏറ്റവും വലിയ 'അസറ്റ്' തങ്ങളുടെ സെക്കന്റ് നെയിം ആണ്. അതില്ലായിരുനെങ്കിൽ താങ്കൾ ഒന്നും ആവുമായിരുന്നില്ല, ആക്കുമായിരുന്നില്ല. പാർട്ടിക്ക് നല്ലകാലം വരുമ്പോൾ അതിന്റെ ഭാഗമായി തുടരുകയും അത്ര നല്ലതല്ലാത്ത കാലത്തിൽ എതിർപക്ഷത്തിനു വേണ്ടി പണിയെടുക്കുകയും ചെയ്യുക എന്നത് അത്ര നല്ല നേതാവിന്റെ ലക്ഷണമൊന്നുമല്ല.
താങ്കളുടെ പിതാവ് ഒരു കാലത്തു പാർട്ടിയിൽ നിന്ന് പുറത്തു പോയിട്ടുണ്ട് എന്നാൽ അന്നത്തെ സ്ഥിതിയല്ല ഇന്ന് കോൺഗ്രസിന്റേത്.
ഇന്ന് ഇന്ത്യൻ ജനാതിപത്യം ഒരു വഴിത്തിരിവിൽ ആണെന്നുള്ളത് എല്ലാവരും അംഗീകരിക്കുന്ന ഒന്നാണ്. താങ്കളുടെ പുതിയ പാർട്ടി ഇന്ത്യയെ എങ്ങോട്ടാണ് കൊണ്ടുപോവുന്നതെന്നു പകൽ വെളിച്ചം പോലെ വ്യക്തമല്ലേ. വെറുപ്പിന്റെ രാഷ്ട്രീയം കൈമുതലായി കൊണ്ടുനടക്കുന്ന ഒരു സംഘത്തിന്റെ ഭാഗമാണ് താങ്കൾ ഇപ്പോൾ. ഈ തീരുമാനത്തിനു തങ്ങൾ രാജ്യസ്‌നേഹം ഒരു കാരണമാക്കുന്നെങ്കിൽ ഒന്ന് മനസ്സിലാക്കൂ അനിൽ :
രാജ്യക്കാരെ സ്‌നേഹിക്കാത്തവന്റെ രാജ്യ സ്‌നേഹം കാപട്യം മാത്രമാണ്. ഇന്ത്യകാരന്റെ ജീവിതം മെച്ചപ്പെടുത്താൻ ഇന്ത്യയിൽ സമാധാനവും ഐക്യവും നിലനിൽക്കണം. ഇവിടെ ഒരു വിഭാഗത്തിന്റെ രക്തം മറ്റൊരു വിഭാഗത്തിന് വളരാൻ കൊടുക്കാൻ ഒരു യഥാർത്ഥ ഇന്ത്യഅക്കാരനും ആഗ്രഹിക്കില്ല അനിവദിക്കില്ല.
സാമ്രാജ്യത്വ ശക്തികളിൽനിന്നും തുടർന്ന് മത മൗലിക വാദികളിൽ നിന്നും വികടന വാദികളിൽ നിന്നും ശ്രദ്ധയോടെ പിടിച്ചെടുത്തു ഇന്ത്യയെ ഒരുപാട് മുന്നോട്ടുകൊണ്ടുപോയി ഇവിടം വരെ എത്തിച്ച പാരമ്പര്യമുള്ള പാർട്ടിയെ ആണ് താങ്കൾ തഴഞ്ഞു മറുകണ്ടം ചാടിയത്.
AK ആന്റണി യുടെ ലെഗസി അല്ലാതെ തങ്ങൾ എന്തൊക്കെയാണെന്ന് താങ്കൾ ഇനി കാണിച്ചു തരേണ്ടിയിരിക്കുന്നു, തെളിയിക്കേണ്ടിയിരിക്കുന്നു.

ഇയാളെ കൊണ്ട് കേരളത്തിൽ ഒരു വോട്ട് പോലും പിടിക്കുവാൻ സാധിക്കില്ല എന്നുള്ളതാണ് പരമസത്യം.
സ്ഥാനമാനങ്ങൾക്ക് വേണ്ടി തള മാറി ചുവട്ടുന്ന ഒരു രാഷ്ട്രീയ നേതാവിനും .കേരളത്തിന്റെ മണ്ണിൽ നിലനിൽപ്പില്ല...... ഇങ്ങനെ പോകുന്നു കമന്റുകൾ

 

ബിജെപി ആസ്ഥാനത്ത് പിയൂഷ് ഗോയൽ ഷാൾ അണിയിച്ച് പാർട്ടി അംഗത്വം നൽകിയാണ് മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകൻ അനിൽ ആന്റണിയെ വരവേറ്റത്. ബി.ബി.സി ഡോക്യുമെന്ററി വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നിന്ന് പാർട്ടിക്കെതിരെ പരസ്യമായി രംഗത്തുവന്നതോടെ കോൺഗ്രസിൽനിന്ന് പുറത്താക്കുകയായിരുന്നു

അതേ സമയം അനിൽ ആന്റണി ബിജെപിയിലേക്ക് ചേക്കേറിയപ്പോൾ എ.കെ. ആന്റണിയുടെ വസതിയിൽ ഇളയ മകന്റെ പിറന്നാൾ ആഘോഷം വേണ്ടെന്നുവെച്ചു. എ.കെ. ആന്റണിയുടെ രണ്ടാമത്തെ മകൻ അജിത് കെ. ആന്റണിയുടെ ജന്മദിനമായിരുന്നു വ്യാഴാഴ്ച. സമീപത്തെ വൃദ്ധസദനത്തിൽ ജന്മദിന ആഘോഷം നടത്താനാണ് നിശ്ചയിച്ചിരുന്നത്.

അവിടത്തെ അന്തേവാസികൾക്ക് ഭക്ഷണം എത്തിക്കുന്ന സമയത്താണ് അനിൽ ബിജെപിയിലേക്ക് ചേക്കേറുന്നെന്ന വാർത്ത പുറത്തുവന്നത്. ഇതോടെ ആഘോഷം ഒഴിവാക്കി. ഭക്ഷണം വൃദ്ധസദനത്തിലേക്ക് അയച്ചു. ജയ്ഹിന്ദ് എന്ന ഒറ്റ വരിക്കൊപ്പം കൈപ്പത്തി ചിഹ്നമിട്ട് താൻ പിതാവിനൊപ്പമാണെന്ന് അജിത് പ്രഖ്യാപിക്കുകയും ചെയ്തു.

അനിൽ ബിജെപിയിലേക്ക് പോകുന്നത് ആന്റണിയെ വല്ലാതെ ദുഃഖത്തിലാക്കിയെന്നാണ് വിവരം. അദ്ദേഹവുമായി സംസാരിച്ച കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഇതു സൂചിപ്പിക്കുകയും ചെയ്തു. അനിൽ ബി.ജെപിയിലേക്ക് പോകുന്നെന്ന വിവരം പുറത്തു വന്നതിനു പിന്നാലെ തലസ്ഥാനത്തുള്ള നേതാക്കൾ ആന്റണിയെ വീട്ടിൽ സന്ദർശിച്ചിരുന്നു.

പതിവുപോലെ അഞ്ചരക്ക് അദ്ദേഹം കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിലേക്ക് പോവുകയും ചെയ്തു. മാധ്യമങ്ങൾ വീടിനു പുറത്ത് ഉച്ചമുതൽ കാത്തുനിന്നെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. അഞ്ചരക്ക് ഇന്ദിര ഭവനിൽ കാണാമെന്ന വിവരമാണ് മാധ്യമങ്ങൾക്ക് നൽകിയത്. മകന്റെ തീരുമാനത്തെ തള്ളിയാണ് ആന്റണി സംസാരിച്ചത്. അവസാന നിമിഷം വരെ താൻ കോൺഗ്രസുകാരനായിരിക്കുമെന്നും ഇനിയൊരിക്കലും അനിലുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന അനിൽ ആന്റണിയുടെ തീരുമാനം തെറ്റെന്ന് കെ മുരളീധരൻ എംപി പ്രതികരിച്ചു. അനിൽ ആന്റണിയുടെ പോക്ക് കോൺഗ്രസ് പാർട്ടിയെ ഒരു തരത്തിലും ബാധിക്കില്ല. പക്ഷേ അനിൽ, തന്റെ തീരുമാനത്തിലൂടെ എ കെ ആന്റണിയെ വേദനിപ്പിക്കാൻ പാടില്ലായിരുന്നുവെന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. കോൺഗ്രസ് പാർട്ടിയിൽ എല്ലാം ഭദ്രമെന്ന് പറയാകില്ല. പാർട്ടിയിൽ നിന്നും പലർക്കും തിക്താനുഭവങ്ങളുണ്ടാകുന്നുണ്ട്. പക്ഷേ ബിജെപിയിൽ ചേരാനുള്ള അനിൽ ആന്റണിയുടെ തീരുമാനം തെറ്റാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

താനെന്തായാലും കോൺഗ്രസ് വിടില്ലെന്നും എന്നും പാർട്ടിയിലുണ്ടാകുമെന്നും ഉയരുന്ന അഭ്യൂഹങ്ങളോട് മുരളീധരൻ പ്രതികരിച്ചു. അനിലിന്റെ വിമർശനങ്ങളിൽ കഴമ്പുണ്ടോ എന്ന ചോദ്യത്തിന് 'പാർട്ടിക്ക് പുറത്തുപോയ ആളെ പോലെ പാർട്ടിക്ക് അകത്തുള്ളവർക്ക് പ്രതികരിക്കാനാകില്ലെന്നായിരുന്നു വടകര എംപിയുടെ മറുപടി.

ഗുജറാത്ത് കലാപം ഉൾപ്പടെയുള്ള വിഷയങ്ങളിൽ നരേന്ദ്ര മോദിയെ ന്യായീകരിക്കാൻ ശ്രമിച്ചയാൾക്ക് ഒരിക്കലും കോൺഗ്രസിൽ തുടരാനാവില്ലെന്ന് പാലക്കാട് എംഎ‍ൽഎ ഷാഫി പറമ്പിൽ പറഞ്ഞു. ആശയപരമായി കോൺഗ്രസിന് അനിലിനെ കൊണ്ട് നടക്കാനാവില്ലെന്നും ഷാഫി പറഞ്ഞു. അനിൽ കെ. ആന്റണിയുടെ ബിജെപി പ്രവേശനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തിനെതിരായി പ്രവർത്തിക്കുന്നവരെ പേറി നടക്കാൻ കോൺഗ്രസിനാവില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. രാഹുലിനെതിരായ ഫാസിസ്റ്റ് നടപടിയിലും ബിജെപി അനുകൂല നിലപാടാണ് അനിൽ സ്വീകരിച്ചത്. വിഭാഗീയ ചിന്തയുള്ള ആളുകൾ ചെന്നുചേരേണ്ട സ്ഥലം ബിജെപിയാണെന്നും ഷാഫി വ്യക്തമാക്കി.

അനിൽ യൂദാസിന്റെ പണി എടുത്തതുകൊണ്ട് ഒരു കളങ്കവും ആന്റണിയുടെ പ്രതിച്ഛായയ്ക്ക് ഏൽപ്പിക്കാനാവില്ല. അദ്ദേഹത്തിനെ ഏർപ്പിച്ചത് ഒരു പ്രൊഫഷണൽ ജോലി മാത്രമായിരുന്നു. അതിലും അദ്ദേഹം ദയനീയമായി പരാജയപ്പെട്ടുവെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

 (ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസിന് (7.4.2023) അവധി ആയതിനാൽ മറുനാടൻ മലയാളി നാളെ അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ.)