തിരുവനന്തപുരം: ഗതാഗത നിയമലംഘനം നേരിടാൻ ബസുകൾക്കെതിരെ കർശന നടപടിയുമായി സംസ്ഥാന സർക്കാർ. ഗതാഗത നിയമങ്ങൾ ലംഘിക്കുന്ന ബസുകളുടെ ഫിറ്റ്നസും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കാനാണ് സർക്കാർ തീരുമാനം. വാഹനങ്ങളിൽ രുപമാറ്റം വരുത്തുന്ന വർക്ക് ഷോപ്പ് ഉടമകൾക്കെതിരെ ക്രിമിനൽ കേസ് എടുക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ ഗതാഗതമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. സംസ്ഥാനത്ത് പരിശോധനകൾ ശക്തമാക്കുമെന്നും നിയമവിരുദ്ധമായ വാഹനങ്ങൾ നിരത്തിലിറക്കാൻ അനുവദിക്കില്ലെന്നും ആന്റണി രാജു പറഞ്ഞു.

വേഗപ്പൂട്ടിൽ വരുത്തുന്ന മാറ്റങ്ങൾക്ക് വാഹന ഉടമകൾ മാത്രമല്ല, അതിന് സഹായം ചെയ്യുന്ന ഡീലർമാർക്കും വർക്ക് ഷോപ്പ് ഉടമകൾക്കുമെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.

സംസ്ഥാനത്ത് 86 ആർടിഓഫീസുകളാണ് ഉള്ളത്. അവയുടെ പരിധിയിൽ വരുന്ന ടൂറിസ്റ്റ് ബസ്, സ്വകാര്യ ബസുകളുടെ എണ്ണം നിശ്ചയിച്ചശേഷം ഓരോ ഓഫീസിന് കീഴിലും വരുന്ന ഉദ്യോഗസ്ഥർക്ക് നിശ്ചിതബസുകളുടെ ചുമതല നൽകും. ബസുകളിൽ ക്രമക്കേട് എന്തെങ്കിലും കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും ഉത്തരവാദിയായിരിക്കും.

ഒരു ഡെപ്യൂട്ടി ട്രാൻപോർട്ട് കമ്മീഷണർ ഒരാഴ്ചയ്ക്കുള്ളിൽ ചുരുങ്ങിയത് 15 വാഹനങ്ങളെങ്കിലും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണം. അതിന് മുകളിൽ ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സൂപ്പർ ചെക്ക് ഉണ്ടാകും. മൂന്ന് തലത്തിലുള്ള പരിശോധന ഉണ്ടാകും. കേരളത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു പരിശോധന സംവിധാനം ഏർപ്പെടുത്തുന്നത്. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ, ജോയിന്റ് ആർ.ടി.ഒ. തുടങ്ങിയ എക്‌സിക്യുട്ടീവ് ഓഫീസേഴ്‌സ് ചെക്കിംഗുകൾക്ക് നേതൃത്വം നൽകും.

ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ചശേഷം വാഹനമോടിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതിന് പുറമെ ഇവർക്ക് റിഫ്രെഷർ ട്രെയിനിങ് കോഴ്‌സുകൾ നടത്തും. ഈ കോഴ്‌സിന് നിർബന്ധമായും പങ്കെടുക്കണം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ചിൽ ഈ ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കിയാൽ മാത്രമേ ലൈസൻസുകൾ പുനഃസ്ഥാപിക്കുകയുള്ളു. ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിനായി എക്‌സൈസ് വകുപ്പുമായി ചേർന്ന് ചൊവ്വാഴ്ച മുതൽ കർശനമായ പരിശോധനകൾ ആരംഭിക്കും.

ഏകീകൃത കളർകോഡ് ലംഘിക്കുന്ന വാഹനങ്ങളെ പിടിച്ചെടുക്കുവാനും തീരുമാനമായിട്ടുണ്ട്. വെള്ള നിറത്തിൽ വയലറ്റ് ബോർഡർ മാത്രമേ കോൺട്രാക്ട് ക്യാരേജ് ബസുകൾക്ക് ഉപയോഗിക്കാനാകൂ. കളർ കോട് ലംഘിച്ചാൽ കർശന നടപടിയുണ്ടാകും. വാഹനങ്ങളുടെ അനധികൃത രൂപമാറ്റത്തിന് കേന്ദ്രത്തിന്റെ വ്യവസ്ഥയനുസരിച്ച് 5000 രൂപയായിരുന്നു പിഴ. ഇനിമുതൽ ഓരോ രൂപമാറ്റത്തിനും പതിനായിരം രൂപ വീതമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. അഞ്ചിടത്ത് ലൈറ്റുകൾ മാറ്റിയാൽ അഞ്ച് രൂപമാറ്റമായി കണക്കാക്കി 50,000 രൂപ പിഴയീടാക്കും. അനധികൃതമായി ഘടിപ്പിക്കുന്ന ഓരോ ഹോണിനും 10,000 രൂപവീതം പിഴയീടാക്കും.

ജി.പി.എസ്. ഘടിപ്പിക്കാത്ത പബ്ലിക് കാരിയേജ് വാഹനങ്ങളുടെ സി.എഫ് കാൻസൽ ചെയ്യുന്ന നടപടികളിലേക്ക് നീങ്ങും. എ.ആർ.ഐ. അംഗീകാരമുള്ള നിർമ്മാതാക്കളുടെ ജി.പി.എസ്. സംസ്ഥാനത്ത് ആവശ്യാനുസരണം ലഭ്യമാക്കുവാനുള്ള നടപടി സ്വീകരിക്കുവാൻ ട്രാൻസ്‌പോർട്ട് കമ്മീഷണറെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഇതരസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ആൾ ഇന്ത്യ പെർമിറ്റ് എടുത്ത ടൂറിസ്റ്റ് വാഹനങ്ങൾക്ക് ഫ്രീ മൂവ്‌മെന്റ് അനുവദിച്ച ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ നിർദ്ദേശം റദ്ദാക്കി തമിഴ്‌നാട് മാതൃകയിൽ കേരളത്തിലും വാഹനനികുതി ഈടാക്കുവാൻ തീരുമാനിച്ചു. അല്ലെങ്കിൽ ഇത്തരം വാഹനങ്ങൾ നവംബർ ഒന്ന് മുതൽ കേരളത്തിലേക്ക് രജിസ്‌ട്രേഷൻ മാറ്റേണ്ടതാണ്.

ഡ്രൈവർമാരുടെ മികവും അപകടരഹിതവുമായ ഡ്രൈവിങ് ചരിത്രവും പരിഗണിച്ച് വാഹന ഉടമകൾക്ക് ആനുകൂല്യം നൽകുന്ന കാര്യവും പരിശോധിക്കും. വാഹനങ്ങളിൽ അനധികൃതമായി രൂപമാറ്റം വരുത്തുവാൻ സഹായിക്കുന്ന വർക്ക്‌ഷോപ്പുകൾക്കെതിരെ നടപടിയെടുക്കും. ഈ മാസം 15-ന് മുൻപ് നാല് സോണിലെയും എല്ലാ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്മാരുടെയും യോഗം ട്രാൻസ്‌പോർട്ട് കമ്മീഷണർ വിളിച്ചു ചേർത്ത് നടപടികൾ ത്വരിതപ്പെടുത്തുമെന്നും ആന്റണി രാജു പറഞ്ഞു.

ഗതാഗത നിയമങ്ങൾ ലംഘിച്ചാൽ ഇപ്പോൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റും ലൈസൻസും റദ്ദാക്കുന്ന പതിവില്ല. വളരെ ഗുരുതരമായ നിയമലംഘനങ്ങളുണ്ടാകുമ്പോഴാണ് ഈ നടപടിയെടുക്കുന്നത്. ഫിറ്റ്നസും ലൈസൻസും റദ്ദാക്കിയാൽ നിയമലംഘനങ്ങൾ കുറയ്ക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഫിറ്റ്നസും ലൈസൻസും റദ്ദാക്കുന്നതിനു മുൻപ് ആരോപണവിധേയന്റെ വിശദീകരണം കേട്ടശേഷമാകും നടപടി.

പാലക്കാട് അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസിന്റെ വേഗപ്പൂട്ടിൽ തിരിമറി നടത്തിയവരെ കണ്ടെത്താൻ തീരുമാനിച്ചു. ഇവർക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് മോട്ടർ വാഹന വകുപ്പ് പൊലീസിനു കത്തു നൽകും. അമിതവേഗവും അശ്രദ്ധയുമാണ് അപകട കാരണമെന്ന അന്വേഷണ റിപ്പോർട്ട് യോഗം അംഗീകരിച്ചു. ടൂറിസ്റ്റ് ബസുകളിൽ നിരന്തരം നീരീക്ഷണം നടത്താനാണ് തീരുമാനം.