- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൂഡേട്ടൻ എന്റെ പെങ്ങളുടെ കല്യാണത്തിനെ പറ്റി പറഞ്ഞത് നുണ; ഒരു വർഷം മുൻപേ തിരികെ കൊടുത്ത കാശ് വച്ച് എങ്ങനെയാണ് ഞാൻ പെങ്ങളുടെ കല്യാണം നടത്തിയത്? കല്യാണക്കുറിയും ബാങ്ക് രേഖകളും പുറത്തുവിട്ട് പെപ്പെ എന്ന ആന്റണി വർഗ്ഗീസ്; കുടുംബത്തെ വെറുതെ വിടണമെന്നും നടൻ
കൊച്ചി: അഡ്വാൻസ് പ്രതിഫലം വാങ്ങി നടൻ നിർമ്മാതാവിനെ പറ്റിച്ചുവെന്ന സംവിധായകൻ ജൂഡ് ആന്റണിയുടെ ആരോപണങ്ങൾക്ക് പെപ്പെ എന്നറിയപ്പെടുന്ന നടൻ ആന്റണി വർഗീസ് രാവിലെ മറുപടി പറഞ്ഞിരുന്നു. ജൂഡിന്റെ പൈസ തിരിച്ചു നൽകി ഒരു വർഷം കഴിഞ്ഞായിരുന്നു സഹോദരിയുടെ കല്യാണമെന്നും പ്രശ്നങ്ങൾ വേണ്ടെന്ന് കരുതിയാണ് മിണ്ടാതിരുന്നതെന്നും ആന്റണി വർഗീസ് കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. തന്റെ കുടുംബത്തെ പ്രശ്‌നത്തിലേക്ക് വലിച്ചിഴച്ചതുകൊണ്ടാണ് ഇപ്പോൾ പ്രതികരിക്കുന്നതെന്നും ജൂഡിന്റെ ആരോപണം വ്യക്തിപരമായി ഏറെ വിഷമമുണ്ടാക്കിയെന്നും പെപ്പെ പറഞ്ഞിരുന്നു. വാർത്താസമ്മേളനത്തിന് പിന്നാലെ, സഹോദരിയുടെ കല്യാണത്തെ പറ്റിയുള്ള ആരോപണങ്ങൾ തെറ്റെന്ന് തെളിയിക്കുന്ന രേഖകൾ അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിലൂടെ പുറത്തുവിട്ടു. തനിക്കെതിരെ എന്തും പറഞ്ഞോളൂ പക്ഷെ തന്റെ കുടുംബത്തെ വിട്ടേക്കൂ എന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ആന്റണി വർഗ്ഗിസിന്റെ കുറിപ്പ്
എനിക്കെതിരെ ജൂഡേട്ടൻ സോഷ്യൽ മീഡിയയിൽ രണ്ടു ദിവസം മുൻപേ നടത്തിയ പ്രസ്താവനകൾ നിങ്ങൾ കണ്ടതാണല്ലോ, അതിനുള്ള എല്ലാ
മറുപടിയും ഇന്ന് രാവിലെ പറഞ്ഞതാണ്. പക്ഷെ പെങ്ങളുടെ കല്യാണത്തിനെ പറ്റി പറഞ്ഞ കാര്യങ്ങളുടെ സത്യാവസ്ഥ ഇവിടെ കൂടി പറയണമെന്നു തോന്നി.
ജൂഡേട്ടൻ പറഞ്ഞ നിർമ്മാതാവ് തന്ന കാശ് തിരിച്ചു കൊടുത്തത് 2020 ജനുവരി 27 ന് ( 27-1-2020) പിന്നെ എന്റെ സഹോദരിയുടെ കല്യാണം നടന്നത് 2021 ജനുവരി 18 നു (18-01-2021). ഒരു വർഷം മുൻപേ തിരികെ കൊടുത്ത കാശ് വച്ച് എങ്ങനെയാണ് ഞാൻ പെങ്ങളുടെ കല്യാണം നടത്തിയത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. കാശ് തിരികെ കൊടുത്ത തീയതിയും പെങ്ങളുടെ കല്യാണം നടന്ന തീയതിയും തെളിയിക്കുന്ന സ്‌ക്രീൻ ഷോട്ട് ഇതോടൊപ്പം കൊടുക്കുന്നു.
ടൈം ട്രാവൽ സ്റ്റോറിയിൽ സത്യം ഉണ്ടെന്ന് തോന്നുന്നു അങ്ങനെ ആണല്ലോ ഇവിടെ നടന്നിരിക്കുന്നത്. ആ കല്യാണം നടത്തിയതിൽ ഏറിയ പങ്ക് വർഷങ്ങളോളം എന്റെ അപ്പയും അമ്മയും കഷ്ടപെട്ട് ഉണ്ടാക്കിയ കാശ് തന്നെയാണ്. വളരെ ചെറിയ പങ്ക് മാത്രമേ ഞാനും പെങ്ങളും ചിലവഴിച്ചു കാണൂ. അങ്ങനെ ഉള്ളപ്പോൾ ഞാൻ ഇതെങ്കിലും പറഞ്ഞില്ലേൽ അവരോടു ചെയ്യുന്ന തെറ്റല്ലേ ? പിന്നെ എന്തെങ്കിലും അറിഞ്ഞു കഴിഞ്ഞാൽ കുടുംബത്തെ മൊത്തം ആക്ഷേപിക്കുന്നത് അത്ര നല്ലതല്ല.
ഇത്രയും ദിവസം എന്റെ ഭാര്യയുടെയും പെങ്ങളുടെയും സോഷ്യൽ മീഡിയ അക്കൗണ്ട് വഴി അവർ കേട്ട അനാവശ്യങ്ങൾ കുറച്ചൊന്നും അല്ലാ.... ദയവു ചെയ്തു അവരെ വെറുതെ വിടൂ...പിന്നെ എന്തുകൊണ്ടാണ് ആ പടത്തിൽനിന്ന് മാറിയത,് എപ്പോഴാണ് മാറിയത് എന്നുള്ള കാര്യങ്ങൾ എല്ലാം രാവിലെ പറഞ്ഞു കഴിഞ്ഞു. അതുകൊണ്ട് കൂടുതൽ കാര്യങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല, ഒന്നേ പറയാൻ ഒള്ളൂ എനിക്കെതിരെ എന്തും പറഞ്ഞോളൂ പക്ഷെ എന്റെ കുടുംബത്തെ വിട്ടേക്കൂ ...ഇതൊരു അപേക്ഷയാണ്...
വാർത്താ സമ്മേളനത്തിൽ പറഞ്ഞത്:
'എന്നെപ്പറ്റി ജൂഡ് ചേട്ടന് എന്തുവേണമെങ്കിലും പറയാം, അതിനുള്ള അഭിപ്രായ സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. എന്റെ ഭാഗത്ത് ന്യായമുള്ളതുകൊണ്ടാണ് രണ്ട് ദിവസം ഞാൻ മിണ്ടാതിരുന്നത്. സോഷ്യൽമീഡിയയിൽ കയറി കുരച്ച് വെറുതെ ഒരു പ്രശ്നമുണ്ടാക്കണ്ടല്ലോ എന്നു കരുതിയാണ് ഒന്നും പറയാതിരുന്നത്. പക്ഷേ എന്റെ അനിയത്തിയുടെ വിവാഹം പുള്ളിയുടെ കാശ് മേടിച്ചാണ് നടത്തിയെന്ന ആരോപണം വേദനയുണ്ടാക്കി. എന്റെ അമ്മയ്ക്കും സഹോദരിക്കും ഭാര്യയ്ക്കും അത് ഏറെ വിഷമമുണ്ടാക്കി. വീട്ടിലെ ഒരു പരിപാടിക്കു പോകുമ്പോൾ ബന്ധുക്കൾ ചിരിക്കും, നാട്ടുകാർ ചിരിക്കും. സ്വന്തം ചേട്ടൻ പെങ്ങളുടെ കല്യാണം നടത്തിയത് ഒരാളുടെ പൈസ പറ്റിച്ചാണെന്നതാണ് ആരോപണം.
പുറത്തിറങ്ങിയാൽ പരിഹാസം, ഇത് മാറണം. ഞാൻ തെറ്റ് ചെയ്തിട്ടില്ല. എന്റെ പെങ്ങളും ഞാനും അപ്പനും കഷ്ടപ്പെട്ടുണ്ടാക്കിയ പൈസ കൊണ്ടാണ് കല്യാണം നടത്തിയത്. അതെനിക്ക് തെളിയക്കണം. എന്റെ ഫേസ്‌ബുക്ക് പേജിൽ മോശം കമന്റുകൾ വന്നു, അത് സാരമില്ല. എന്നാൽ ഭാര്യയുടെ പേജിൽ വരെ മോശം മെസേജുകൾ വന്നു. നിങ്ങളുടെ തന്നെ വീട്ടിലെ കുടുംബത്തിനെതിരെ പ്രശ്നം വന്നാൽ എങ്ങനെ പ്രതികരിക്കും. എന്നെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ആളുകൾക്ക് ഇതിനൊരു ക്ലാരിഫിക്കേഷൻ കൊടുക്കേണ്ട ബാധ്യത എനിക്കുണ്ട്. അതുകൊണ്ടാണ് ഞാൻ വന്നത്, അല്ലെങ്കിൽ വരില്ല. ഇക്കാര്യത്തിൽ എനിക്ക് നീതി കിട്ടണം.
ഞാൻ നിർമ്മാതാവിന് പണം തിരികെ നൽകിയ ദിവസം 27, ജനുവരി 2020. എന്റെ സഹോദരിയുടെ വിവാഹം നടത്തിയത് 18, ജനുവരി 2021. അതായത് അവരുടെ പണം ഞാൻ തിരികെ നൽകി ഒരു വർഷത്തിന് ശേഷമായിരുന്നു അനുജത്തിയുടെ വിവാഹം. എനിക്ക് ടൈം ട്രാവൽ വച്ച് പോകാൻ സാധിക്കുകയില്ല. എല്ലാ രേഖകളും പരിശോധിക്കാം. സിനിമയുടെ സെക്കൻഡ് ഹാഫിൽ എനിക്ക് ആശയക്കുഴപ്പമുണ്ടായി. അതേക്കുറിച്ച് സംസാരിച്ചപ്പോൾ ജൂഡ് ആന്റണി അസഭ്യം പറഞ്ഞു. തുടർന്നാണ് സിനിമയിൽ നിന്ന് പിന്മാറിയത്. മൂന്ന് വർഷം മുൻപ് ചർച്ച ചെയ്ത് സംഘടനകൾ വഴി പ്രശ്‌നം പരിഹരിച്ച കാര്യമാണ്. ഇപ്പോൾ എന്തിനാണ് ഇത് ഉയർത്തികൊണ്ടുവന്നത്.
ജൂഡ് ആന്തണിയുടെ സിനിമ ഞാൻ കുടുംബസമേതം പോയി കണ്ടതാണ്. ഗംഭീര സിനിമയാണ്. അദ്ദേഹത്തോട് ദേഷ്യവുമില്ല. പക്ഷേ ആ സിനിമയ്ക്ക് ലഭിച്ച വിജയം എന്റെ ജീവിതം നശിപ്പിക്കാൻ ഉപയോഗിക്കുന്നു. അദ്ദേഹം അതിനെ ദുരുപയോഗം ചെയ്യുന്നു. ഇതെന്റെ ഭാവിയെയാണ് ബാധിക്കുന്നത്. എന്നെ വച്ച് സിനിമ എടുക്കാൻ പോകുന്ന നിർമ്മാതാക്കൾ എന്ത് വിചാരിക്കും. ഒരാൾക്ക് വിജയം ഉണ്ടാകുമ്പോൾ അയാൾ പറഞ്ഞത് കേൾക്കാൻ എല്ലാവരും ഉണ്ടാകും.
ആർഡിഎക്‌സ് എന്ന സിനിമ സംവിധാനം ചെയ്ത നഹാസിന്റെ പേര് വലിച്ചിട്ടു. ആരവം എന്ന സിനിമ നടക്കാതെ പോയത് ശാപം കൊണ്ടാണെന്ന്. ഒരു സംവിധായകൻ വളർന്ന് വരുന്ന സംവിധായകനെക്കുറിച്ച് ഇങ്ങനെയാണോ പറയുന്നത്. എനിക്ക് ഇപ്പോഴും ജൂഡ് ചേട്ടനോട് ദേഷ്യമില്ല. എന്റെ മൂത്ത ചേട്ടനെപ്പോലെയാണ് അദ്ദേഹം. പക്ഷേ ഇങ്ങനെയൊക്കെ പറയുന്നത് ഭയങ്കര മോശം കാര്യമാണ്.
എനിക്ക് കഴിവില്ല, യോഗ്യതയില്ല എന്നെല്ലാം പറയുന്നത് കേട്ടു. ശരിയായിരിക്കാം. പക്ഷേ ഞാനെന്റെ സ്വപ്നങ്ങളെ പിന്തുടർന്നാണ് ഇവിടെ വരെ എത്തിയത്. അദ്ദേഹം ആരാണ് എന്റെ യോഗ്യത അളക്കാൻ. നമ്മുടെ യോഗ്യത നിർണയിക്കാൻ ഈ ലോകത്ത് ആരുമില്ല, അങ്ങനെ അദ്ദേഹം പറയരുതായിരുന്നു. ഒരു സഹോദരൻ അനിയനോട് തെറ്റ് ചെയ്തതുപോലെയാണ് തോന്നുന്നത്. ഈ പറയുന്നത് കേൾക്കുമ്പോൾ വിഷമം തോന്നുന്നു. എനിക്ക് ലിജോ ജോസ് പെല്ലിശ്ശേരി അവസരം നൽകിയതുകൊണ്ടു മാത്രമാണ് ഞാൻ സിനിമയിൽ വന്നത് എന്ന് അദ്ദേഹം പറഞ്ഞു. ലിജോ ചേട്ടൻ ഇല്ലെങ്കിൽ പെപ്പെയ്ക്ക് ജീവിക്കാനുള്ള വകുപ്പുപോലും കൊടുക്കണ്ട എന്നു പറഞ്ഞു. സത്യമാണ് അങ്ങനെ തന്നെയാണ്. ആരെങ്കിലും അവസരം നൽകിയാണ് എല്ലാവരും സിനിമയിൽ എത്തുന്നത്. ഞാൻ മാത്രമല്ല.
യഥാർഥ നായകൻ ഒളിച്ചിരിക്കുകയാണെന്ന് പറഞ്ഞു. ഞാനെന്താ പുലിയാണോ കടിക്കാൻ. എന്നെ അറിയുന്ന ആളുകൾക്ക് എന്നെക്കുറിച്ച് അറിയാം. നമ്മൾ നേരിട്ടു പറയാനുള്ളത് നേരിട്ടു പറയാം. ആദ്യം വിചാരിച്ചു ജൂഡ് ചേട്ടന്റെ അടുത്ത് നേരിട്ടുപോയി പറയാമെന്ന്. പിന്നെ ആലോചിച്ച് വേണ്ടെന്നുവച്ചു. നമ്മൾ തന്നെ സ്വയം പല്ലിനിടയിൽ കുത്തി നാറ്റിക്കേണ്ട കാര്യമില്ലല്ലോ. ഞാനെങ്ങനെയെങ്കിലും ജീവിച്ചുപോകട്ടെ ജൂഡ് ചേട്ടാ.
ഞാൻ ഈ വിഷയം ഇടവേള ബാബു ചേട്ടനോട് സംസാരിച്ചിരുന്നു. 'നിന്റെ ഭാഗത്ത് സത്യമുണ്ടെങ്കിൽ പ്രസ്താവനയായി ഇറക്കൂ' എന്നു പറഞ്ഞു. നമ്മുടെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ തലകുനിച്ചു നിൽക്കാം. ശരിയുണ്ടെങ്കിൽ തല ഉയർത്തി നിൽക്കണം.'' ആന്റണി വർഗീസ് പറഞ്ഞു.
അതേ സമയം സംവിധായകൻ ജൂഡ് ആന്റണിക്കെതിരേ നടൻ ആന്റണി വർഗീസിന്റെ മാതാവ് അൽഫോൻസ പരാതി നൽകി . മകളുടെ വിവാഹത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ ജൂഡ് ആന്റണി നടത്തിയ ഒരു പരാമർശത്തെ തുടർന്നാണ് പരാതി നൽകിയത്. ആന്റണി വർഗീസ് തന്നെയാണ് ഈ വിവരം സ്ഥിരീകരിച്ചത്.
ഒരു സിനിമയിൽ അഭിനയിക്കാൻ നിർമ്മാതാവിന്റെ കൈയിൽ നിന്നും പണം വാങ്ങിയിട്ട് ചിത്രീകരണത്തിന് 18 ദിവസം മുൻപ് ആന്റണി വർഗീസ് പിന്മാറിയെന്ന് ജൂഡ് ആരോപിച്ചിരുന്നു. മാത്രവുമല്ല മുൻകൂർ തുക കൊണ്ടാണ് ആന്റണി വർഗീസ് സഹോദരിയുടെ വിവാഹം നടത്തിയതെന്നും ജൂഡ് ആരോപിച്ചു. തുടർന്നാണ് മാതാവ് പരാതി നൽകിയതെന്നും ആന്റണി വർഗീസ് സ്ഥിരീകരിച്ചു
മറുനാടന് മലയാളി ബ്യൂറോ