- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്താടോ ലോ കോളജ് അല്ലേ'; സ്തബ്ധയായിപ്പോയെന്ന് നടി അപർണ ബാലമുരളി; കോളേജ് യൂണിയൻ ഉദ്ഘാടനത്തിനിടെ തോളിൽ കൈയിടാൻ ശ്രമിച്ച യുവാവിന്റെ ശ്രമത്തിൽ ആകെ പകച്ച് നടി; യുവാവിന്റെ പ്രവർത്തി അനുചിതമായെന്ന് സൈബറിടത്തിലും വിമർശനം; സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് എറണാകുളം ലോ കോളജ് യൂണിയൻ
കൊച്ചി: കോളജ് യൂണിയൻ ഉദ്ഘാടന വേദിയിൽ തനിക്ക് നേരിട്ട മോശം അനുഭവത്തിൽ പ്രതികരണവുമായി നടി അപർണ ബാലമുരളി രംഗത്ത്. സംഭവത്തിൽ താൻ സ്തബ്ധയായിപ്പോയി എന്നാണ് ഇവർ ഫേസ്‌ബുക്കിൽ പ്രതികരിച്ചത്. സംഭവം നടന്ന വേളയിൽ തന്നെ, 'എന്താടോ ലോ കോളജ് അല്ലേ' എന്ന് വിദ്യാർത്ഥിയോട് അപർണ ചോദിച്ചിരുന്നു. തങ്കം സിനിമയുടെ പ്രൊമോഷനായി എറണാകുളം ലോ കോളജിൽ എത്തിയതായിരുന്നു നടി.
നടിക്ക് പൂവു സമ്മാനിക്കാനാണ് വിദ്യാർത്ഥി വേദിയിലെത്തിയത്. ആരവങ്ങളുടെ അകമ്പടിയോടെയായിരുന്നു വരവ്. ഷേക്ക് ഹാൻഡ് നൽകിയതോടെ കസേരയിൽ നിന്നെഴുന്നേറ്റ നടിയുടെ തോളിൽ കൈയിടാൻ ഇയാൾ ശ്രമിച്ചു. ഇതിൽ അപർണ അനിഷ്ടം പ്രകടിപ്പിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. 'എന്താടോ ലോ കോളജ് അല്ലേ' എന്ന് നടി ഇയാളോട് ചോദിച്ചു. വിദ്യാർത്ഥി ഇറങ്ങിപ്പോയ ഉടൻ വേദിയിൽ വച്ചു തന്നെ സംഘാടകരിൽ ഒരാളായ വിദ്യാർത്ഥി അപർണയോട് ക്ഷമ ചോദിച്ചു.
ഇതിനു പിന്നാലെ ഇയാൾ വീണ്ടും വേദിയിലെത്തി. ആരാധകൻ ആയതു കൊണ്ട് ഫോട്ടോ എടുക്കാൻ ശ്രമിച്ചതാണ്, ഒന്നുമുദ്ദേശിച്ച് ചെയ്തതല്ല എന്ന് പറഞ്ഞെങ്കിലും നടിയുടെ അനിഷ്ടം വ്യക്തമായിരുന്നു. വീണ്ടും കൈ നീട്ടിയ യുവാവിന് നടി കൈ കൊടുക്കാൻ വിസമ്മതിച്ചു. പിന്നാലെ ഒപ്പമുണ്ടായിരുന്ന നടൻ വിനീത് ശ്രീനിവാസനു കൈ കൊടുക്കാനായി ശ്രമം. എന്നാൽ കൈ കൊടുക്കാതെ, കുഴപ്പമില്ല പോകൂ എന്നാണ് വിനീത് പറഞ്ഞത്.
അതിനിടെ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് എറണാകുളം ഗവ. ലോ കോളേജ് യൂണിയനും രംഗത്തുവന്നു. സിനിമാ താരത്തിന് നേരെ വിദ്യാർത്ഥികളിൽ ഒരാളിൽ നിന്നും ഉണ്ടായ അനിഷ്ട സംഭവം ഏറെ ഖേദകരമാണെന്ന് യൂണിയൻ പറഞ്ഞു. സംഭവ സമയത്ത് തന്നെ യൂണിയൻ ഭാരവാഹി അത്തരത്തിലുള്ള പെരുമാറ്റത്തെ തടുക്കാൻ ശ്രമിക്കുകയും യൂണിയന്റെ ഭാഗത്ത് നിന്നും ഖേദം അറിയിക്കുകയും ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് താരത്തിന് ഉണ്ടായ പ്രയാസത്തിൽ കോളേജ് യൂണിയൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നെന്നും കോളജ് യൂണിയൻ വ്യക്തമാക്കി.
സോഷ്യൽമീഡിയയിലൂടെയാണ് യൂണിയൻ ഖേദപ്രകടനം നടത്തിയത്. സംഭവത്തിന്റെ വീഡിയോ പുറത്തിറങ്ങിയ ശേഷം വൻ വിമർശനമാണ് കോളജ് യൂണിയനെതിരെ ഉയർന്നത്. പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ച് യൂണിയൻ തന്നെ രംഗത്തെത്തിയത്.
എറണാകുളം ലോ കോളജ് യൂണിയന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്...
എറണാകുളം ഗവ. ലോ കോളേജിൽ ഇന്ന് (18/01/2023) നടന്ന യുണിയൻ ഉദ്ഘാടന ചടങ്ങിൽ സിനിമ താരത്തിന് നേരെ വിദ്യാർത്ഥികളിൽ ഒരാളിൽ നിന്നും ഉണ്ടായ അനിഷ്ട സംഭവം ഏറെ ഖേദകരമാണ്. സംഭവ സമയത്ത് തന്നെ യൂണിയൻ ഭാരവാഹി അത്തരത്തിലുള്ള പെരുമാറ്റത്തെ തടുക്കാൻ ശ്രമിക്കുകയും യൂണിയന്റെ ഭാഗത്ത് നിന്നും ഖേദം അറിയിക്കുകയും ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് താരത്തിന് ഉണ്ടായ പ്രയാസത്തിൽ കോളേജ് യൂണിയൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഇത്തരമൊരു വിഷയത്തെ യൂണിയൻ ഏറെ ഗൗരവത്തോടെയാണ് നോക്കി കാണുന്നത്.
മറുനാടന് മലയാളി ബ്യൂറോ