- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു സ്ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്തു കൈവയ്ക്കുന്നതു ശരിയല്ല; ഒരു ലോ കോളജ് വിദ്യാർത്ഥി അത് മനസ്സിലാക്കിയില്ലെന്നതു ഗുരുതരം; സ്ത്രീയോട് കാണിക്കേണ്ട മര്യാദ പാലിച്ചില്ല; വിദ്യാർത്ഥിയിൽ നിന്നുണ്ടായ മോശം പെരുമാറ്റം വേദനിപ്പിച്ചെന്ന് അപർണ ബാലമുരളി; വിദ്യാർത്ഥിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി പ്രിൻസിപ്പൽ
കൊച്ചി: എറണാകുളം ലോ കോളജിൽ വിദ്യാർത്ഥിയിൽ നിന്നുണ്ടായ മോശം പെരുമാറ്റം വേദനിപ്പിച്ചതായി നടി അപർണ ബാലമുരളി പറഞ്ഞു. പുതിയ സിനിമ തങ്കത്തിന്റെ പ്രചാരണ പരിപാടിക്കെത്തിയപ്പോൾ വേദിയിൽ കയറിയ വിദ്യാർത്ഥി കയ്യിൽ പിടിച്ച് എഴുന്നേൽപ്പിക്കുകയും തോളിൽ കയ്യിട്ട് സെൽഫിയെടുക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അപർണ.
ഒരു സ്ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്തു കൈവയ്ക്കുന്നതു ശരിയല്ലെന്ന് ഒരു ലോ കോളജ് വിദ്യാർത്ഥി മനസ്സിലാക്കിയില്ലെന്നതു ഗുരുതരമാണ്. കൈപിടിച്ച് എഴുന്നേൽപിച്ചതുതന്നെ ശരിയല്ല. പിന്നീടാണു കൈ ദേഹത്തുവച്ചു നിർത്താൻ നോക്കിയത്. ഇതൊന്നും ഒരു സ്ത്രീയോടു കാണിക്കേണ്ട മര്യാദയല്ല. ഞാൻ പരാതിപ്പെടുന്നില്ല. പിന്നാലെ പോകാൻ സമയമില്ലെന്നതാണു കാരണം. എന്റെ എതിർപ്പുതന്നെയാണ് ഇപ്പോഴത്തെ മറുപടി അപർണ പറഞ്ഞു. സംഘാടകരോടു പരിഭവമില്ലെന്നും സംഭവം നടന്ന ഉടനെയും പിന്നീടും അവർ ഖേദം അറിയിച്ചതായും അപർണ പറഞ്ഞു.
അതേസമയം നടി അപർണ ബാലമുരളിയോട് മോശമായി പെരുമാറിയ വിദ്യാർത്ഥിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. എറണാകുളം ലോ കോളേജ് പ്രിൻസിപ്പലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഇന്ന് തന്നെ ഇതിന് മറുപടി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കിൽ നടപടിയെടുക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.
ഇന്നലെയാണ് യൂണിയൻ ഉദ്ഘാടനത്തോടൊപ്പം തങ്കം സിനിമയുടെ പ്രമോഷന് കൂടി എത്തിയ അപർണ ബാലമുരളിയോട് ലോ കോളജിലെ വിദ്യാർത്ഥി മോശമായി പെരുമാറിയത്. നടിക്ക് പൂ കൊടുക്കാനായി വേദിയിൽ കയറിയ വിദ്യാർത്ഥി അപർണയുടെ കൈയിൽ പിടിക്കുകയും തോളിൽ കൈയിടാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ നടി അനിഷ്ടം പ്രകടിപ്പിച്ചു. എന്താടോ ലോ കോളജ് അല്ലേ എന്ന് അപർണ ചോദിക്കുകയും ചെയ്തു. സംഭവത്തിൽ സ്തബ്ധയായിപ്പോയെന്ന് അപർണ പിന്നീട് ഫേസ്‌ബുക്കിൽ കുറിക്കുകയും ചെയ്തു.
തുടർന്ന് സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് എറണാകുളം ഗവ. ലോ കോളേജ് യൂണിയനും രംഗത്തെത്തിയിരുന്നു. സിനിമാ താരത്തിന് നേരെ വിദ്യാർത്ഥികളിൽ ഒരാളിൽ നിന്നും ഉണ്ടായ അനിഷ്ട സംഭവം ഏറെ ഖേദകരമാണെന്ന് യൂണിയൻ പറഞ്ഞു. സംഭവ സമയത്ത് തന്നെ യൂണിയൻ ഭാരവാഹി അത്തരത്തിലുള്ള പെരുമാറ്റത്തെ തടുക്കാൻ ശ്രമിക്കുകയും യൂണിയന്റെ ഭാഗത്ത് നിന്നും ഖേദം അറിയിക്കുകയും ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് താരത്തിന് ഉണ്ടായ പ്രയാസത്തിൽ കോളേജ് യൂണിയൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നെന്നും കോളജ് യൂണിയൻ വ്യക്തമാക്കി.സോഷ്യൽമീഡിയയിലൂടെയാണ് യൂണിയൻ ഖേദപ്രകടനം നടത്തിയത്.
എറണാകുളം ലോ കോളജ് യൂണിയന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്...
എറണാകുളം ഗവ. ലോ കോളേജിൽ ഇന്ന് (18/01/2023) നടന്ന യുണിയൻ ഉദ്ഘാടന ചടങ്ങിൽ സിനിമ താരത്തിന് നേരെ വിദ്യാർത്ഥികളിൽ ഒരാളിൽ നിന്നും ഉണ്ടായ അനിഷ്ട സംഭവം ഏറെ ഖേദകരമാണ്. സംഭവ സമയത്ത് തന്നെ യൂണിയൻ ഭാരവാഹി അത്തരത്തിലുള്ള പെരുമാറ്റത്തെ തടുക്കാൻ ശ്രമിക്കുകയും യൂണിയന്റെ ഭാഗത്ത് നിന്നും ഖേദം അറിയിക്കുകയും ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് താരത്തിന് ഉണ്ടായ പ്രയാസത്തിൽ കോളേജ് യൂണിയൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഇത്തരമൊരു വിഷയത്തെ യൂണിയൻ ഏറെ ഗൗരവത്തോടെയാണ് നോക്കി കാണുന്നത്.
മറുനാടന് മലയാളി ബ്യൂറോ