- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദൗത്യം വിജയിച്ചെങ്കിലും ട്രാക്കിങ് പാളുന്നു; സാറ്റലൈറ്റ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ നഷ്ടം; കാട്ടിൽ എവിടെയാണ് കൊമ്പൻ എന്ന് കണ്ടെത്താനാകാതെ വനം വകുപ്പ്; തമിഴ്‌നാട്ടിലെ ജനവാസ കേന്ദ്രത്തിൽ എത്താനും സാധ്യത; ആരോഗ്യവാനായ അരിക്കൊമ്പൻ വീണ്ടും പ്രശ്നക്കാരനാകുമോ? സിഗ്നലുകൾ തിരിച്ചെത്തിയില്ലെങ്കിൽ അരിക്കൊമ്പൻ പ്രതിസന്ധി തുടരും
കുമളി: അരിക്കൊമ്പൻ ദൗത്യം വിജയിച്ചെങ്കിലും അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ ഇന്നലെ പുലർച്ചെ മുതൽ ലഭിക്കുന്നില്ലെന്നത് ആശങ്കയാകുന്നു. അരിക്കൊമ്പൻ കാട്ടിൽ എവിടെയെന്നു കണ്ടെത്താനാവാതെ വനംവകുപ്പ്. ആന ചോലവനത്തിലായതിനാലാകാം സിഗ്‌നലുകൾ ലഭിക്കാത്തതെന്നാണു വനം വകുപ്പിന്റെ വിലയിരുത്തൽ. ഇടതൂർന്ന മരങ്ങളുള്ള വനത്തിനുള്ളിലായാൽ സാറ്റലൈറ്റുമായുള്ള ബന്ധം ലഭിക്കാതെ പോകുമെന്ന് വിദഗ്ദ്ധർ പറയുന്നു.
ചിന്നക്കനാലിൽനിന്ന് പിടിച്ച അരിക്കൊന്പനെ ഞായറാഴ്ച പുലർച്ചെ നാലോടെ പെരിയാർ കടുവ സങ്കേതത്തിന്റെ മുല്ലക്കൊടി സീനിയർ ഓട ഭാഗത്താണ് തുറന്നുവിട്ടത്. കൊമ്പൻ ആദ്യദിവസം മൂന്നുകിലോമീറ്റർ യാത്രചെയ്തതായി ജി.പി.എസ്. റേഡിയോ കോളറിൽനിന്നും വ്യക്തമായിരുന്നു. തിങ്കളാഴ്ചയോടെ തമിഴ്‌നാട് അതിർത്തി പ്രദേശമായ വണ്ണാത്തിപ്പാറയിലേക്കാണ് നടന്നെത്തിയത്. ഇത് വനംവകുപ്പ് തുറന്നുവിട്ട സ്ഥലത്തുനിന്ന് ഏകദേശം 11 കിലോമീറ്റർ അകലെയായിരുന്നു. എന്നാൽ ഇപ്പോഴെവിടെയാണെന്ന് ആർക്കും അറിയില്ല.
അരിക്കൊമ്പനെ പെരിയാർ ടൈഗർ റിസർവ് വനമേഖലയിൽ തുറന്നുവിട്ട ശേഷം ഓരോ മണിക്കൂർ ഇടവിട്ട് സാറ്റലൈറ്റ് കോളറിൽ നിന്നു സിഗ്‌നൽ കിട്ടിക്കൊണ്ടിരുന്നതാണ്. എന്നാൽ ഇന്നലെ പുലർച്ചെ നാലിനു ശേഷമാണ് സിഗ്‌നൽ നഷ്ടപ്പെട്ടത്. വനംവകുപ്പ് വാച്ചർമാരെ നിരീക്ഷണത്തിന് നിയോഗിച്ചിട്ടുണ്ടെങ്കിലും അരിക്കൊമ്പൻ എവിടെയെന്ന് അവർക്കും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അങ്ങനെ അരിക്കൊമ്പൻ എല്ലാവരേയും അമ്പരപ്പിച്ച് മായുകയാണ്.
ഇന്നലെ പുലർച്ചെ ലഭിച്ച സിഗ്‌നൽ പ്രകാരം തമിഴ്‌നാട് വനമേഖലയ്ക്ക് 5 കിലോമീറ്റർ സമീപത്ത് അരിക്കൊമ്പൻ എത്തി. ആനയെ ഇറക്കിവിട്ട സ്ഥലത്ത് നിന്ന് 18 കിലോമീറ്റർ സഞ്ചരിച്ച് തമിഴ്‌നാട് വനമേഖലയിൽ കടന്ന ആന തിങ്കളാഴ്ച വൈകുന്നേരത്തോടെ പെരിയാറിലേക്ക് തിരികെ വരുന്നതായാണ് ഈ സിഗ്‌നലിന്റെ അർഥം. സഞ്ചാരത്തിന്റെ ദൂരം കണക്കിലെടുത്താൽ അരിക്കൊമ്പൻ ആരോഗ്യവാനാണ് എന്നും നിരീക്ഷണ സംഘം വിലയിരുത്തുന്നു. ഇതേസമയം അരിക്കൊമ്പന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം ലഭിച്ചിട്ടുണ്ട്.
അവസാന സിഗ്നൽ ലഭിച്ച പ്രദേശം മേഘമല കടുവ സങ്കേതത്തിന്റെ ഭാഗമായ ഗൂഡല്ലൂർ സെക്ഷൻ പരിധിയിലാണ്. ഇവിടെനിന്ന് കഷ്ടിച്ച് 10 കിലോമീറ്ററോളം ആന സഞ്ചരിച്ചാൽ തമിഴ്‌നാട്ടിലെ ജനവാസ മേഖലയായ കെ.ജി.പെട്ടി, ചുരുളിപ്പെട്ടി, വെട്ടുക്കാട് മേഖലയിലെത്താം. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെ കാട്ടുപന്നിയുടെ ആക്രമണങ്ങളല്ലാതെ മറ്റ് വന്യജീവി ആക്രമണം ഉണ്ടായിട്ടില്ല. ഇത് കണക്കിലെടുത്ത് തമിഴ്‌നാട് വനംവകുപ്പിന്റെ നേതൃത്വത്തിൽ ആനയെ പെരിയാറിലേക്ക് തിരിച്ച് തുരത്താനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെ സിഗ്‌നൽ വിവരമനുസരിച്ച് അരിക്കൊമ്പൻ തിരികെ പെരിയാറിന്റെ വനമേഖലയിലേക്ക് നടന്നു കയറുന്നതായിട്ടാണ് കരുതുന്നത്. പിന്നീട് പെരിയാറിലേക്കും മടങ്ങി. ഇതിനിടെയാണ് സിഗ്നൽ നഷ്ടമാകുന്നത്. അരിക്കൊമ്പന് മരുന്നുകലക്കിയ വെള്ളം കുടിക്കാനായി സജ്ജീകരിച്ചെങ്കിലും ഇവ തട്ടിമറിച്ചിട്ടതായിട്ടാണ് വനംവകുപ്പ് അധികൃതർ പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ