തിരുവനന്തപുരം: കെടിയു സിൻഡിക്കറ്റിനെതിരായ ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കിയെങ്കിലും തുടർ നടപടികളുമായി ഗവർണർ മുന്നോട്ട്. സാങ്കേതിക സർവകലാശാലയുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എടുത്ത തീരുമാനം ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ നിയമത്തിലെ വ്യവസ്ഥകൾ പൂർണമായി പാലിച്ചു കൊണ്ടുള്ള നടപടിയിലേക്ക് അദ്ദേഹം കടക്കും.

സർവകലാശാലയുടെ ദൈനംദിന കാര്യങ്ങളിൽ വൈസ് ചാൻസലറെയും രജിസ്റ്റ്രാറെയും നിയന്ത്രിക്കാൻ സിൻഡിക്കറ്റിന്റെ ഉപസമിതിയെ നിയോഗിച്ചതും ജീവനക്കാരുടെ സ്ഥലം മാറ്റം ബോർഡ് ഓഫ് ഗവർണേഴ്‌സ് നീട്ടി വച്ചതുമാണ് കാരണം കാണിക്കൽ നോട്ടിസ് നൽകാതെ ഗവർണർ മരവിപ്പിച്ചത്. ഗവർണറുടെ ഈ നടപടി റദ്ദാക്കിയ ഹൈക്കോടതി, സർവകലാശാലാ ചട്ടങ്ങൾ പാലിച്ച് മുന്നോട്ടു പോകാൻ തടസ്സമില്ലെന്നും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ചട്ടപ്രകാരമുള്ള കാരണം കാണിക്കൽ നോട്ടിസ് നൽകി ഈ തീരുമാനങ്ങൾ മരവിപ്പിക്കുന്നതിനെക്കുറിച്ച് രാജ്ഭവൻ ആലോചിക്കുന്നത്.

സിൻഡിക്കറ്റിന്റെ അധ്യക്ഷ എന്ന നിലയിൽ വൈസ് ചാൻസലർക്കായിരിക്കും ഗവർണർ കാരണം കാണിക്കൽ നോട്ടിസ് നൽകുക. അവർ സിൻഡിക്കറ്റിൽ അവതരിപ്പിച്ച് അവരുടെ വിശദീകരണം ഗവർണറെ അറിയിക്കണം. അതിന്റെ അടിസ്ഥാനത്തിൽ ഗവർണർക്ക് സ്വന്തം നിലയിൽ തീരുമാനം എടുക്കാം. ഗവർണർക്ക് താൽപര്യം ഉണ്ടെങ്കിൽ സർക്കാരിന്റെ അഭിപ്രായവും തേടാമെന്ന് സർവകലാശാലാ നിയമത്തിൽ പറയുന്നുണ്ട്.

നേരത്തെ സർവകലാശാലയുടെ ദൈനംദിന ഭരണകാര്യങ്ങളിൽ വൈസ് ചാൻസലറെയും രജിസ്റ്റ്രാറെയും സഹായിക്കാൻ സിൻഡിക്കറ്റ് സ്ഥിരസമിതി രൂപീകരിച്ചതും ജീവനക്കാരുടെ സ്ഥലംമാറ്റം ബോർഡ് ഓഫ് ഗവർണേഴ്‌സ് നീട്ടിവച്ചതുമാണ് താൽക്കാലിക വിസിയുടെ എതിർപ്പിനെത്തുടർന്ന് ഗവർണർ സസ്‌പെൻഡ് ചെയ്തിരുന്നത്. കാരണംകാണിക്കൽ നോട്ടിസ് നൽകുന്നത് അടക്കമുള്ള നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന കാരണത്താലാണ് കോടതി ഇതു റദ്ദാക്കിയത്. സർവകലാശാലാ നിയമപ്രകാരം നടപടിക്രമങ്ങൾ പാലിച്ച് മുന്നോട്ടുപോകാൻ തടസ്സമില്ലെന്നു വ്യക്തമാക്കുകയും ചെയ്തു.

സിൻഡിക്കറ്റ് അംഗമായ ഐ.ബി.സതീഷ് എംഎൽഎ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സതീഷ് നൈനാന്റെ ഉത്തരവ്. സർവകലാശാല നിയമത്തിലെ 10(3) വകുപ്പനുസരിച്ച് കാരണംകാണിക്കൽ നോട്ടിസ് നൽകി വിശദീകരണം കേൾക്കാതെ നടപടിയെടുക്കാൻ പാടില്ലായിരുന്നുവെന്ന് ഹർജിക്കാരൻ വാദിച്ചു. നിയമവിരുദ്ധ തീരുമാനങ്ങളിലാണ് ഇടപെട്ടതെന്നു ചാൻസലറും വാദിച്ചു.

ചട്ടങ്ങൾക്കും ഓർഡിനൻസിനും വിരുദ്ധമായ പ്രമേയം തടയാനോ ഭേദഗതി ചെയ്യാനോ ചാൻസലർക്ക് അധികാരമുണ്ടെങ്കിലും വിശദീകരണം കേട്ട ശേഷം സർക്കാരുമായി കൂടിയാലോചിച്ചു നടപടിയെടുക്കണമെന്നാണു വ്യവസ്ഥ. ചട്ടത്തിൽ പറഞ്ഞിട്ടുള്ള നടപടിക്രമങ്ങൾ പാലിക്കുക തന്നെ വേണമെന്നു കോടതി നിർദേശിച്ചു.

കെടിയുവിൽ ഗവർണറും വിസിയും ഒരുവശത്തും സർക്കാറും സിണ്ടിക്കേറ്റും മറുവശത്തുമായുള്ള പോര് കുറച്ചുകാലമായി ശക്തമായി തുടരുകയായിരുന്നു. കെടിയു വിസി സിസ തോമസിനെ നിയന്ത്രിക്കാൻ ജനുവരി ഒന്നിനും ഫെബ്രുവരി 17നും സിണ്ടിക്കേറ്റും ഗവേണിങ് ബോഡിയും എടുത്ത തീരുമാനങ്ങളാണ് കെടിയു നിയമത്തിലെ പത്താം വകുപ്പ് പ്രകാരം ചാൻസലർ സസ്‌പെൻഡ് ചെയ്തത്. വിസിയെ നിയന്ത്രിക്കാൻ പ്രത്യേക സമിതി, ജീവനക്കാരെ മാറ്റിയെ വിസിയുടെ നടപടി പരിശോധിക്കാൻ മറ്റൊരു സമിതി, ഗവർണർക്ക് വിസി അയക്കുന്ന കത്തുകൾ സിണ്ടിക്കേറ്റിന് റിപ്പോർട്ട് ചെയ്യണം എന്നീ തീരുമാനങ്ങളാണ് തടഞ്ഞത്.

അതേസമയം, വിശദീകരണം ചോദിക്കാതെയുള്ള ഗവർണറുടെ നടപടി ചട്ടവിരുദ്ധമാണെന്നാണ് സിണ്ടിക്കേറ്റ് നിലപാട് കൈക്കൊണ്ടത്. സർക്കാർ നോമിനികളെ തള്ളി സിസ തോമസിനെ ഗവർണർ വിസിയാക്കിയത് മുതൽ തുടങ്ങിയ തർക്കങ്ങളാണ് അതിശക്തമായി തുടരുന്നത്. സിസയെ മാറ്റി നിയമനത്തിനായി മൂന്നംഗ സമിതി സർക്കാർ നൽകിയെങ്കിലും രാജ്ഭവൻ ഇതുവരെ ഇതിൽ തീരുമാനമെടുത്തിരുന്നില്ല.