തിരുവനന്തപുരം: കേരള സർവകലാശാലാ വിഷയത്തിൽ തിരിച്ചടിയായി കോടതി വിധി വന്നെങ്കിലും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിന്നോട്ടില്ല. കേരള സർവകലാശാലാ സെനറ്റിൽനിന്നു 15 അംഗങ്ങളെ പുറത്താക്കിയ ഗവർണറുടെ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അടുത്ത സറ്റെപ്പിലേക്ക് നീങ്ങാനാണ് ഗവർണറുടെ തീരുമാനം.

കേസിൽ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോകണമെന്നു ചാൻസലർ കൂടിയായ ഗവർണർക്കു നിയമോപദേശം ലഭിച്ചു. ഗവർണറുടെ തീരുമാനം റദ്ദാക്കിയ വിധിയിൽ പാളിച്ചകൾ ഉണ്ടെന്നും പല കാര്യങ്ങളും ആഴത്തിൽ പഠിക്കാതെയുള്ള വിധിയാണ് ഇതെന്നും ഗവർണറുടെ നിയമോപദേഷ്ടാവ് ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടർ നടപടികളുമായി ഗവർണർ മുന്നോട്ടു പോകുന്നത്.

കേസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കനത്ത തിരിച്ചടിയായിരുന്നു ഹൈക്കോടതി വിധി. സെനറ്റ് അംഗങ്ങൾക്കെതിരായ ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കയത് പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങൾ നൽകിയ ഹർജിയിലായിരുന്നു. ഗവർണറുടെ നടപടി നിലനിൽക്കില്ലെന്ന് ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ചാണ് വ്യക്തമാക്കിയത്.

പുതിയ വൈസ് ചാൻസലറെ കണ്ടെത്താൻ സെർച്ച് കമ്മിറ്റി രൂപീകരിച്ചില്ലെന്ന കാരണത്താലാണ് കേരള സർവകലാശാലയിലെ സെനറ്റ് അംഗങ്ങളെ ചാൻസലർ കൂടിയായ ഗവർണർ പിൻവലിച്ചത്. ഗവർണറുടെ നടപടി ചട്ടവിരുദ്ധമായതിനാൽ റദ്ദാക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. ഇത് ശരിവച്ചാണ് ഹൈക്കോടതി വിധി.

കേരള സർവകലാശാല വൈസ് ചാൻസലറെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ ഗവർണർ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സെനറ്റ് അംഗങ്ങൾ ഇതിൽ തീരുമാനമെടുക്കാതെ വിട്ടുനിന്നു. ഇതോടെയായിരുന്നു ഗവർണർ സെനറ്റ് അംഗങ്ങളെ പുറത്താക്കിയത്. ഇതോടെയാണ് 17 സെനറ്റ് അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചത്. ചാൻസലറായ തനിക്കെതിരെ പ്രവർത്തിക്കുകയും നിഴൽ യുദ്ധം നടത്തുകയുമാണ് ഒരു കൂട്ടം സെനറ്റ് അംഗങ്ങൾ എന്നാണ് ഗവർണർ ആരോപിച്ചിരുന്നത്.