- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശയാത്രയെ കുറിച്ച് മുഖ്യമന്ത്രി അവസാന നിമിഷം അറിയിച്ചതിൽ കലിപ്പിലായ ഗവർണർ പിണറായി നാട്ടിലെത്തിയ ദിവസം തന്നെ വെടിപൊട്ടിച്ചു; ഗവർണർ നോമിനേറ്റ് ചെയ്ത 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ചത് തുറന്ന പോരിനെന്ന സൂചനയുമായി; ലോകായുക്ത നിയമഭേദഗതിയിൽ ഒപ്പുവെക്കാത്തതും സർക്കാറിന് കുരുക്ക്; ആരിഫ് മുഹമ്മദ് ഖാന്റെ നീക്കം രണ്ടും കൽപ്പിച്ചോ?
തിരുവനന്തപുരം: സർക്കാറും ഗവർണരും തമ്മിൽ നിലനിന്ന ശീതയുദ്ധം മുഖ്യമന്ത്രി വിദേശത്തേക്ക് പോയതാടെ ഒരാഴ്‌ച്ചത്തേക്ക് ശമിച്ചിരിക്കുയായിരുന്നു എന്നു വേണം പറയാൻ. ഇന്നലെ പുലർച്ചെ മുഖ്യമന്ത്രി നാട്ടിലെത്തിയതോടെ ആരിഫ് മുഹമ്മദ് ഖാൻ സർക്കാറുമായി വീണ്ടും അങ്കം കുറിച്ചു. നേരത്തെ കോടിയേരി ബാലകൃഷ്ണന്റെ മരണത്തിന് ശേഷം യാത്രയുടെ അവസാന നിമിഷമാണ് പിണറായി ഗവർണറെ വിദേശയാത്രയെ കുറിച്ച് അറിയിച്ചിരുന്നത്. ഇതിൽ ഗവർണർക്ക് അതൃപ്തി ഉണ്ടായിരുന്നു താനും. ഇപ്പോൾ മുഖ്യമന്ത്രി നാട്ടിലെത്തിയതിന് പിന്നാലെയാണ് കേരള സർവകലാശാലയിൽ നോമിനേറ്റ് ചെയ്ത സെനറ്റംഗങ്ങളെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിൻവലിച്ചു കൊണ്ടാണ് ഏറ്റുമുട്ടൽ പാതയിലെന്ന് വ്യക്തമാക്കിയത്. ലോകായുക്ത നിയമത്തിൽ അടക്കം ഇനിയും ഒപ്പുവെക്കാത്ത ഗവർണർ വരും ദിവസങ്ങളിൽ സർക്കാറിന് കൂടുതൽ തലവേദന ആയേക്കുമെന്നാണ് സൂചനകൾ. കെ കെ ശൈലജക്കെതിരെ ലോകായുക്ത അന്വേഷണം നടക്കുന്നതും വരും ദിവസങ്ങളിൽ സർക്കാറിന് പണിയായേക്കും.
സർവകലാശാലകളിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ച സർക്കാർ നടപടിയാണ് ഗവർണരെ പ്രകോപിപ്പിച്ചത്. ഇതിന്റെ തുടർച്ചയായാണ് കേരള സർവകാലാശയിലെ 15 അംഗങ്ങളെയാണ് ഗവർണർ പിൻവലിച്ചത്. ഇവരിൽ 5 പേർ സിൻഡിക്കറ്റ് അംഗങ്ങളാണ്. സെനറ്റ് യോഗത്തിൽനിന്ന് വിട്ടുനിന്നതിനാലാണ് നടപടി.
ശനിയാഴ്ച മുതൽ 15 അംഗങ്ങൾ അയോഗ്യരെന്ന് കാണിച്ച് ചാൻസലറായ ഗവർണർ കേരള സർവകലാശാലാ വൈസ് ചാൻസലർക്ക് കത്തു നൽകി. വിസി നിയമന സെർച്ച് കമ്മിറ്റിയിലേക്ക് അംഗത്തെ നിർദ്ദേശിക്കാനാണ് ചൊവ്വാഴ്ച സെനറ്റ് ചേർന്നത്. 91 അംഗങ്ങൾ ഉള്ള സെനറ്റിൽ വിസി ഡോ. വി.പി.മഹാദേവൻ പിള്ളയുൾപ്പെടെ 13 പേർ മാത്രമാണ് പങ്കെടുത്തത്. ഇതോടെ സെനറ്റിന് ക്വോറം തികയാതെ വരികയും യോഗം പിരിച്ചുവിടുകയുമായിരുന്നു. നാല് വകുപ്പ് തലവന്മാരുൾപ്പെടെ 15 പേരെ പിൻവലിച്ച സാഹചര്യത്തിൽ സർക്കാരും ഗവർണറും തമ്മിലുള്ള അസ്വാരസ്യങ്ങൾ തുറന്നപോരിലേക്ക് കടക്കുകയാണ്
അതേസമയം ലോകായുക്ത ഭേദഗതി നിയമത്തിനു ഗവർണറുടെ അംഗീകാരം പ്രതിസന്ധിയിലായതോടെ ഇനി എല്ലാ കണ്ണുകളും ലോകായുക്തയുടെ നിർണായക വിധിയിലേക്ക് കൂടിയാകുകയാണ്. ഇപ്പോൾ കെ കെ ശൈലജക്കെതിരെ എടുത്ത കേസ് കൂടാതെ മുഖ്യമന്ത്രിക്കെതിരായ കേസിലെ വിധിയിലും വരാനുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു ചട്ടവിരുദ്ധമായി തുക അനുവദിച്ച കേസിലെ വിധിയാണു വരാനുള്ളത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ മന്ത്രിസഭാ തീരുമാനത്തിനെതിരായ കേസിൽ പിണറായി വിജയനും 18 മന്ത്രിമാരുമാണ് എതിർകക്ഷികൾ. കേരള സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ്.ശശികുമാറാണു ഹർജിക്കാരൻ. വാദം മാർച്ച് 18നു പൂർത്തിയായെങ്കിലും എന്നു വിധി പറയുമെന്നു വ്യക്തമാക്കിയിട്ടില്ല. ഒരു കേസിൽ വാദം പൂർത്തിയായാൽ 6 മാസത്തിനകം വിധി പുറപ്പെടുവിക്കണമെന്നു 2018ൽ സുപ്രീംകോടതിയുടെ നിരീക്ഷണമുണ്ട്. എല്ലാ കോടതികൾക്കുമെന്നപോലെ ഇതു ലോകായുക്തയ്ക്കും ബാധകമെന്നാണു നിയമജ്ഞരുടെ അഭിപ്രായം. ഈ സമയ പരിധി 18ന് അവസാനിച്ചു. അതിനാൽ വൈകാതെ വിധി പുറപ്പെടുവിക്കേണ്ടിവരും.
ഈ കേസിൽ വാദം തുടരുന്നതിനിടെയാണു ലോകായുക്ത നിയമം ഭേദഗതി ചെയ്യാൻ തീരുമാനിച്ചത്. മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സയിൽ കഴിയവേ ഓൺലൈനായി നടത്തിയ മന്ത്രിസഭായോഗത്തിൽ ഓർഡിനൻസ് അംഗീകരിക്കുകയും ഗവർണർ ഒപ്പിടുകയും ചെയ്തു. ലോകായുക്ത നിയമത്തെ ദുർബലപ്പെടുത്തിയതിനെതിരെ ശശികുമാർ ഹൈക്കോടതിയെ സമീപിച്ചു. കേസ് ഫയലിൽ സ്വീകരിച്ച കോടതി ലോകായുക്ത വിധി ഹൈക്കോടതിയുടെ അന്തിമ തീർപ്പിനു വിധേയമായിരിക്കുമെന്നും പറഞ്ഞു.
ഓർഡിനൻസിന്റെ കാലാവധി തീർന്നപ്പോൾ അതു നീട്ടി നൽകാൻ ഗവർണർ തയാറായില്ല. തുടർന്നാണു പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ഭേദഗതിയെ ബില്ലായി അവതരിപ്പിച്ച് പ്രതിപക്ഷത്തിന്റെ എതിർപ്പിനിടെ സർക്കാർ പാസാക്കിയത്. ഓർഡിനൻസ് റദ്ദായതോടെ ഹൈക്കോടതിയുടെ നിർദ്ദേശം അപ്രസക്തമായെന്നു നിയമജ്ഞർ അഭിപ്രായപ്പെട്ടു. അതിനാൽ ലോകായുക്തയ്ക്കു വിധി പുറപ്പെടുവിക്കുന്നതിനു തടസ്സങ്ങളൊന്നും ഇല്ലാത്ത അവസ്ഥയാണ്. ഗവർണർ നിയമത്തിൽ ഒപ്പുവെക്കില്ലെന്നത് ഉറപ്പുള്ള കാര്യമാണ്. അതുകൊണ്ടു തന്നെ ഈ കേസിൽ ഇപ്പോൾ വിധിവന്നാൽ അത് മറികടക്കാൻ സർക്കാറിനും ബുദ്ധിമുട്ടാകും.
നിലവിലെ നിയമം അനുസരിച്ചാണെങ്കിൽ ഒരാൾക്കെതിരെ ലോകായുക്ത വിധി പുറപ്പെടുവിച്ചാൽ സ്ഥാനമൊഴിഞ്ഞ ശേഷം മാത്രമേ അപ്പീൽ പോലും സാധ്യമാകുകയുള്ളൂ. ഭേദഗതി അംഗീകരിക്കപ്പെട്ടാൽ മുഖ്യമന്ത്രിക്കെതിരെ വിധി വന്നാൽ നിയമസഭയ്ക്ക് അപ്പീൽ നൽകാം. മന്ത്രിമാർക്കെതിരെയുള്ള വിധിക്കു മുഖ്യമന്ത്രിയും എംഎൽഎമാർക്കെതിരായ വിധിക്ക് സ്പീക്കറുമാണ് അപ്ലറ്റ് അഥോറിറ്റി. ഓർഡിനൻസിൽ മുഖ്യമന്ത്രിക്കെതിരായ വിധിക്ക് ഗവർണറെയാണ് അപ്ലറ്റ് അഥോറിറ്റിയായി നിശ്ചയിച്ചിരുന്നത്. ഗവർണർക്ക് ബിൽ ഒപ്പിടാതിരിക്കാനോ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയയ്ക്കാനോ അധികാരമുണ്ട്. രാഷ്ട്രപതിയുടെ അനുമതി വാങ്ങിയാണ് 1999ൽ ലോകായുക്ത ബിൽ അവതരിപ്പിച്ചത്. ഭേദഗതിക്കും അനുമതി വേണമെന്ന് ഗവർണർക്കു പറയാം.
മറുനാടന് മലയാളി ബ്യൂറോ