ചിന്നക്കനാൽ: ഇടുക്കിയെ വിറപ്പിക്കുന്ന അരിക്കൊമ്പനെ ഇന്നോ നാളെയോ പിടികൂടും. വനം വകുപ്പിന്റെ ദൗത്യസംഘം ഇതിനുള്ള നടപടികൾ തുടങ്ങി. ഇന്ന് ഉച്ചയ്ക്ക് 2നു സിമന്റ് പാലത്ത് മോക്ഡ്രിൽ നടത്തും. മോക്ഡ്രില്ലിനിടെ സാഹചര്യം അനുകൂലമായാൽ ആനയെ പിടികൂടും. കനത്ത മഴ പെയ്താൽ ദൗത്യം ഒന്നോ രണ്ടോ ദിവസം നീളും. അതുകൊണ്ടാണ് കനത്ത മഴയ്ക്ക് മുമ്പ് ഓപ്പറേഷൻ നടത്താനുള്ള നീക്കം.

ഇരുചെവിയറിയാതെ അരിക്കൊമ്പനെ പിടിച്ചുകെട്ടി സ്ഥലംമാറ്റാനാണു പദ്ധതി. അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വനം വകുപ്പിന് അനുമതി നൽകി. മന്ത്രി എ.കെ.ശശീന്ദ്രൻ മുഖ്യമന്ത്രിയെ സന്ദർശിച്ച് ഇക്കാര്യത്തിൽ അനുമതി തേടിയിരുന്നു. മയക്കുവെടി വിദഗ്ധൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘം ചിന്നക്കനാലിൽ എത്തും. വാച്ചർമാർ ഉൾപ്പെടെയുള്ളവരോടു തയാറായിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇടുക്കിയിലെ പെരിയാർ ടൈഗർ റിസർവ്, പറമ്പിക്കുളം, തിരുവനന്തപുരത്തെ നെയ്യാർ അല്ലെങ്കിൽ കോട്ടൂർ ആന പുനരധിവാസകേന്ദ്രം എന്നിവയിൽ ഒരിടത്തേക്കു മാറ്റാനാണു വനം വകുപ്പിന്റെ ആലോചന. ഏഴു സ്ഥലങ്ങളാണു പരിഗണനയിലുള്ളതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വിദഗ്ധസമിതിയുടെ റിപ്പോർട്ട് നിർണ്ണായകമാകും. ആനയെ പിടികൂടാൻ അനിയോജ്യമെന്ന് ദൗത്യസംഘം കണ്ടെത്തിയ സിമന്റുപാലത്താണ് മോക്ക്ഡ്രിൽ.

ദൗത്യവുമായി ബന്ധപ്പെട്ട വനം വകുപ്പ്, പൊലീസ്, അഗ്‌നിരക്ഷാസേന, കെ.എസ്.ഇ.ബി. വകുപ്പുകളിലെ ഉദ്യോഗസ്ഥ സംഘങ്ങൾ മോക്ക് ഡ്രില്ലിൽ പങ്കെടുക്കും. മയക്കുവെടി വെക്കാൻ ഉപയോഗിക്കുന്ന തോക്ക് അടക്കമുള്ള ഉപകരണങ്ങൾ പരീക്ഷിച്ച് ക്ഷമത ഉറപ്പുവരുത്തും. ദൗത്യത്തിനുള്ള നാല് കുങ്കിയാനകളും ഒന്നരമാസം മുൻപ് തന്നെ ചിന്നക്കനാലിൽ എത്തിയിരുന്നു. ഇവയെ മോക്ക് ഡ്രില്ലിനായി ഉപയോഗിക്കും.

മയക്കുവെടിവെച്ച് ശേഷം റേഡിയോ കോളർ അരിക്കൊമ്പനെ ധരിപ്പിക്കുന്നതും അനിയോജ്യമായ സ്ഥലത്തെത്തിച്ച് ലോറിയിൽ കയറ്റുന്നതിനുള്ള പരിശീലനവും നടത്തും. ദേവികുളത്ത് മോക്ക്ഡ്രില്ലിന് സമാനമായ തയ്യാറെടുപ്പ് കഴിഞ്ഞമാസം വനംവകുപ്പ് നടത്തിയിരുന്നു. അന്ന് വിവിധ സംഘങ്ങൾ ഏതൊക്കെ സ്ഥലങ്ങളിൽ നിലയുറപ്പിക്കണമെന്നും ഭൗത്യത്തിന് ഉപയോഗിക്കുന്ന വനം വകുപ്പിന്റെ തോക്കുകൾ, വയർലെസ് സെറ്റുകൾ, അഗ്നിരക്ഷാസേനയുടെ ഉപകരണങ്ങൾ എന്നിവ പ്രദർശിപ്പിച്ചിരുന്നു.

ഇവയെല്ലാം വ്യാഴാഴ്ച ചിന്നക്കനാലിൽ എത്തിക്കും. ആനയെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ലോറി ഉപയോഗിച്ചും പരിശീലനം നടത്തുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മഴ കടുത്താൽ മയങ്ങിനിൽക്കുന്ന ആനയുടെ അടുത്തേക്ക് വഴിവെട്ടി ലോറി എത്തിക്കാൻ ബുദ്ധിമുട്ടുണ്ടാവും. മോക്ക് ഡ്രിൽ വിജയകരമായി പൂർത്തിയാക്കി സംഘം ദൗത്യത്തിലേക്ക് കടക്കുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.

മയക്കുവെടിവെച്ച് പിടികൂടുന്ന അരിക്കൊമ്പനെ എവിടേക്കാണ് മാറ്റുന്നതെന്നത് കോടതി നിയോഗിച്ച വിദഗ്ധ സമിതി രഹസ്യമാക്കി വെച്ചിരിക്കുകയാണ്. ആനയെ ജില്ലയിലെ തന്നെ ഒരു വന്യജീവി സങ്കേതത്തിലേക്ക് മാറ്റുമെന്നാണ് സൂചന. ഇത് സംബന്ധിച്ചും സർക്കാരിന്റെ അന്തിമതീരുമാനം വ്യാഴാഴ്ച ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങൾ നടന്നിരുന്നെങ്കിലും പ്രതിഷേധം ഉയർന്നതോടെ പുതിയ സ്ഥലം കണ്ടെത്തുന്നതിനായി സമിതിയുടെ സഹായം തേടുകയായിരുന്നു. അരിക്കൊമ്പനെ മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും തന്നെ സർക്കാർ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. അരിക്കൊമ്പനെ കൊണ്ടുപോകുന്ന സ്ഥലം പരസ്യപ്പെടുത്തരുതെന്ന സർക്കാർ നിർദ്ദേശം കോടതി മുൻപ് അംഗീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ദൗത്യം നടപ്പിലാക്കുന്നത് വരെ സ്ഥലം രഹസ്യമാക്കി വെയ്ക്കുന്നതിനാണ് സാധ്യത.