- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരിക്കൊമ്പനെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല; കൊന്നിട്ടുണ്ടെങ്കിൽ എന്നെ വിളിച്ച എല്ലാവരുടെയും പേരിൽ കേസ് കൊടുക്കും; അതുകൊണ്ട് മിണ്ടാണ്ട് മനുഷ്യന്മാർ ജീവിക്കുന്നതുപോലെ ജീവിക്ക്; വിവേക് വിശ്വനാഥന്റെ ഓഡിയോ വൈറൽ; അരിക്കൊമ്പനിൽ പ്രതിഷേധം ശക്തം; വിദഗ്ധ സമിതി ചിന്നക്കനാലിലേക്ക്
കൽപ്പറ്റ: അരിക്കൊമ്പന്റെ പേരിൽ ചിന്നക്കനാൽ വില്ലേജും പരിസരപ്രദേശങ്ങളും സംഘർഷഭൂമിയായി മാറിയപ്പോൾ ഇടുക്കിയിലെ കർഷകരോട് ഭീഷണിയുടെ സ്വരത്തിൽ ഹർജിക്കാരനായ വിവേക് കെ. വിശ്വനാഥ് പ്രതികരിച്ചത് വിവാദത്തിൽ. കർഷകർക്കിടയിൽ വിവേകിന്റെ ശബ്ദസന്ദേശം കാട്ടുതീ പോലെയാണ് പരക്കുന്നത്. അരിക്കൊമ്പൻ വിഷയത്തിൽ വിവേകിനെ ചിന്നക്കനാലിൽ താമസിക്കാൻ ക്ഷണിച്ച് ഒട്ടേറെ ഫോൺകോളുകൾ എത്തുന്നുണ്ടെന്ന് ശബ്ദസന്ദേശത്തിൽനിന്ന് വ്യക്തമാണ്.
'നിങ്ങൾ വിളിക്കുന്നിടത്തേക്ക് വരാൻ ഞാൻ നിങ്ങൾ വിചാരിക്കുന്ന ആളല്ല. എന്റെ ക്വാളിഫിക്കേഷൻ എന്താണെന്ന് നിങ്ങൾക്കറിയാമോ? വിവേകിന് വിവരമില്ലായെന്ന് പറയുന്നുണ്ട് കുറേ എണ്ണം, മദ്രാസ് ഐഐടിയിലെ റിസർച്ച് സ്‌കോളറാണ് താൻ, നിങ്ങൾക്കത് എന്താണെന്ന് അറിയാമോ? അറിയില്ലെങ്കിൽ ഗൂഗിൾ ചെയ്ത് നോക്ക്. തോന്ന്യവാസം വിളിച്ചു പറയുന്ന എല്ലാ ശവങ്ങളുടെ നമ്പരും സൈബർ പൊലീസിൽ നൽകിയിട്ടുണ്ട്. അടുത്ത ദിവസം അവരുടെ കോൾ നിങ്ങൾക്ക് വരും. അരിക്കൊമ്പനെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. കൊന്നിട്ടുണ്ടെങ്കിൽ എന്നെ വിളിച്ച എല്ലാവരുടെയും പേരിൽ കേസ് കൊടുക്കും. അതുകൊണ്ട് മിണ്ടാണ്ട് മനുഷ്യന്മാർ ജീവിക്കുന്നതുപോലെ ജീവിക്ക്. ആനേനെ നോക്കേണ്ടവര് അതിന്റെ കാര്യം നോക്കും. നിങ്ങൾ മനുഷ്യന്മാരുടെ കാര്യം നോക്ക്. പറ്റില്ലെങ്കിൽ പോയി ചത്തോ...'-വിവേക് പറയുന്നത് ഇങ്ങനെയാണ്.
അരിക്കൊമ്പനെ മയക്കുവെടിവച്ചു പിടികൂടുന്നതിനെതിരെയുള്ള ഹൈക്കോടതി വിധിയിൽ പ്രതിഷേധിച്ചു ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ പ്രതിഷേധം ശക്തമാകുകയാണ്. ഇതിനിടെയാണ് വിവേകിന്റെ ഭീഷണിയും ചർച്ചകളിൽ എത്തുന്നത്. ചിന്നക്കനാൽ സിങ്കുകണ്ടത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ രാപകൽ സമരത്തിനു തുടക്കമായി. പൂപ്പാറയിൽ ജനകീയ മുന്നണി ധർണ നടത്തി. ഹൈക്കോടതിയുടെ വിദഗ്ധ സമിതി ചിന്നക്കനാലിൽ എത്തി തെളിവെടുക്കണമെന്നാണ് ഉയരുന്ന ആവശ്യം. ഇത് സമിതി അംഗീകരിച്ചിട്ടുണ്ട്. ഇതിനിടെ, സിങ്കുകണ്ടത്ത് കഴിഞ്ഞദിവസം രാത്രിയിലും കാട്ടാനയാക്രമണമുണ്ടായി. ഇവിടെ താമസിക്കുന്ന വിൽസനു കാട്ടാനയിൽനിന്നു രക്ഷപ്പെട്ട് ഓടുന്നതിനിടെ വീണു പരുക്കേറ്റു. അരയേക്കറോളം സ്ഥലത്തെ ഏലംകൃഷിയും ഒറ്റയാൻ നശിപ്പിച്ചു. ചക്കക്കൊമ്പൻ എന്നു വിളിക്കുന്ന ഒറ്റയാനാണിതെന്നു നാട്ടുകാർ പറഞ്ഞു.
ചിന്നക്കനാലിലെ ജനവാസമേഖലയിൽ നാശമുണ്ടാക്കുന്ന അരിക്കൊമ്പനെ റേഡിയോ കോളർ ഘടിപ്പിച്ച് ഉൾവനത്തിലേക്കു മാറ്റിയാൽ മതിയെന്നു ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി നിലപാട് എടുക്കുകയാണ്. ഓൺലൈനായി ചേർന്ന വിദഗ്ധസമിതി യോഗത്തിലാണു തീരുമാനം. കാട്ടാനയുടെ മദപ്പാടു മാറിയ ശേഷം നടപടി തുടങ്ങാമെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു. റേഡിയോ കോളർ സ്ഥാപിക്കേണ്ടത് എപ്പോൾ, കാട്ടാനയെ ഏതു വനത്തിലേക്കു മാറ്റണം തുടങ്ങിയ കാര്യങ്ങളിൽ വരുംദിവസങ്ങളിൽ സമിതി തീരുമാനമെടുക്കും. ജനങ്ങളുടെ അഭിപ്രായം കൂടി കേട്ടാകും അന്തിമ റിപ്പോർട്ട് തയാറാക്കുക.
ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ഞായറാഴ്ച ചിന്നക്കനാൽ സന്ദർശിക്കും. പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനാണ് സന്ദർശനം എന്നാണ് വ്യക്തമാകുന്നത്. വെള്ളിയാഴ്ചയും വ്യാഴാഴ്ചയും സമിതി യോഗം ചേർന്നിരുന്നു. ഏതൊക്കെ വനമേഖലയിലേക്കാണ് അരിക്കാമ്പനെ നിലവിൽ മാറ്റാൻ സാധിക്കുന്നതെന്നും സമിതി പരിശോധിക്കുന്നുണ്ട്. അരിക്കൊമ്പനെ പിടിക്കുമെന്ന് പറഞ്ഞ് വനംവകുപ്പ് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. അരിക്കൊമ്പനെ പിടികൂടാതെ കുങ്കിയാനകളെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും അവർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ