ഇടുക്കി: വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. സൂര്യനെല്ലിയിലെ വീടാണ് അരിക്കൊമ്പൻ തകർത്തത്. വീട് പൂർണ്ണമായും തകർത്ത് അരി തന്നെയാണ് ആന തിന്നത്. മുമ്പ് തകർത്ത വീടാണ് വീണ്ടും ആക്രമിക്കപ്പെട്ടത്. ആദ്യം തകർത്ത വീട് താൽക്കാലികമായി കെട്ടുകയായിരുന്നു. ഭാഗ്യം കൊണ്ടാണ് വീട്ടിലുള്ളവർക്ക് അപകടമുണ്ടാകാത്തത്. അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് മാറ്റാനാണ് നീക്കം. അതിനിടെയാണ് ആക്രമണം.

സൂര്യനെല്ലി ആദിവാസി കോളനിയിൽ ഒരു വീട് കാട്ടാന തകർത്തു. കോളനി നിവാസിയായ ലീലയുടെ വീടാണ് രാത്രി കാട്ടാന തകർത്തത്. വീടിന്റെ അടുക്കളയും മുൻ വശവും തകർത്തു. ആക്രമണ സമയത്ത് വീട്ടിലുണ്ടായിരുന്ന ലീലയും, അവരുടെ മകളും കുഞ്ഞും ഓടി രക്ഷപെട്ടതിനാൽ വലിയ അപകടമൊഴിവായി. അരിക്കൊമ്പനെ കൊണ്ടുവരുന്നതിനെതിരേ പറമ്പിക്കുളത്തും കാമ്പ്രത്തുചള്ളയിലും ജനകീയപ്രതിഷേധം ശക്തമാണ്. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധിച്ച് ഇന്ന് മുതലമടയിൽ ഹർത്താലാണ്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. കടകൾ അടച്ചിടുമെങ്കിലും വാഹനങ്ങൾക്ക് നിയന്ത്രണമില്ല. സർവകക്ഷി യോഗത്തിലാണ് ഹർത്താൽ നടത്താൻ തീരുമാനമായത്.
അതിരപ്പിള്ളി പഞ്ചായത്തിലാണ് സർവ്വകക്ഷി യോഗം നടന്നത്.

സർക്കാർ കോടതിയിൽ നൽകിയ തെറ്റായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാൻ ഉത്തരവുണ്ടായത് എന്നാണ് പറമ്പിക്കുളത്തുകാർ പറയുന്നത്. കോടതിവിധിക്കെതിരേ അടിയന്തരമായി അപ്പീൽ നൽകാൻ സർക്കാർ തയ്യാറാകണം. മുതുമല പോലെയുള്ള ഏതെങ്കിലും വന്യജീവിസങ്കേതത്തിലേക്ക് അരിക്കൊമ്പനെ കൊണ്ടുപോകുന്നതിനു പകരം പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നത് ഊരുവാസികളോടുള്ള ദ്രോഹമാണെന്നും രമ്യാ ഹരിദാസ് എംപി പറഞ്ഞു.

അരിക്കൊമ്പൻ വിഷയത്തിൽ പറമ്പിക്കുളത്തും കാമ്പ്രത്തുചള്ളയിലും നടന്ന പരിപാടികളിൽ പങ്കെടുത്ത് ബിജെപി.യും സിപിഐ.യും. കെ. ബാബു എംഎ‍ൽഎ. ഉദ്ഘാടനം ചെയ്ത കാമ്പ്രത്തുചള്ളയിലെ ധർണയിൽ സിപിഐ. നെന്മാറ മണ്ഡലം സെക്രട്ടറി എം.ആർ. നാരായണൻ അധ്യക്ഷത വഹിച്ചപ്പോൾ പറമ്പിക്കുളത്ത് രമ്യാ ഹരിദാസ് എംപി. ഉദ്ഘാടനം ചെയ്ത ധർണയിൽ സ്വാഗതം പറഞ്ഞത് സിപിഐ. മുതലമട ലോക്കൽ സെക്രട്ടറി ആനമാറി ചന്ദ്രനാണ്. ബിജെപി. മണ്ഡലം കൺവീനർ എം. സുരേന്ദ്രൻ കാമ്പ്രത്തുചള്ളയിലെ ധർണയിലും പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ജയേഷ് ശ്രീനിവാസൻ പറമ്പിക്കുളത്തെ ധർണയിലും പങ്കെടുത്തു. പറമ്പിക്കുളത്തെ പ്രതിഷേധത്തിൽ സിപിഎമ്മുകാരും കാമ്പ്രത്തുചള്ളയിലെ പ്രതിഷേധത്തിൽ കോൺഗ്രസുകാരും പങ്കെടുത്തില്ല.

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരാനുള്ള നീക്കത്തിൽ നടത്തിയ പ്രതിഷേധത്തിൽ കുരിയാർകുറ്റി ഊരുവാസികളുടെ വാക്കുകൾ വികാരഭരിതമായി. ഇടുക്കിയിൽ ആളെ കൊന്നും റേഷൻകട തകർത്തും ജനജീവിതം ദുരിതമാക്കിയ അരിക്കൊമ്പനെ തങ്ങൾക്കുമേൽ കെട്ടിവെക്കാനുള്ള നീക്കം തടയുമെന്ന് ഊരുമൂപ്പൻ സതീഷ് പറഞ്ഞു. അരിക്കൊമ്പനെ കൊണ്ടുവിടാൻ നിർദേശിക്കപ്പെട്ട ഒരുകൊമ്പൻ വനം റേഞ്ചിലെ മുതുവാരച്ചാലിന് 12 കിലോമീറ്റർ അടുത്താണ് കുരിയാർകുറ്റി ഊര്. മുതുവാരച്ചാലും കുരിയാർകുറ്റിയും ഒരുകൊമ്പൻ റേഞ്ചിനു കീഴിലെ സ്ഥലങ്ങളാണ്.

ഒരേ വനം റേഞ്ചിലായിട്ടും ഇവിടെ ജനവാസമില്ലെന്ന വനംവകുപ്പ് വിദഗ്ധരുടെ വാദം വിചിത്രമാണെന്ന് ഊരുവാസികൾ പറയുന്നു. കുരിയാർകുറ്റി ഊരിൽനിന്നു എട്ടുകിലോ മീറ്റർ മാത്രം അടുത്താണ് വിനോദസഞ്ചാരികൾ എത്തുന്ന പറമ്പിക്കുളം പി.എ.പി. കവല. കൂടാതെ വിവിധ സർക്കാർ ഓഫീസുകൾ സ്ഥിതി ചെയ്യുന്നതും പറമ്പിക്കുളം പി.എ.പി. കവലയിലാണ്.