- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ ദിവസവും നാട്ടിലിറങ്ങുന്ന ഗജവീരൻ; 35 വയസിലേറെ ഏകദേശ പ്രായം ഉള്ള അരിക്കൊമ്പനായിരുന്നു മതികെട്ടാൻ ചോലയിലെ ആനകൂട്ടത്തിലെ പ്രധാനി; ഉയർന്ന മസ്തകവും നീളംകുറഞ്ഞ് കൂർത്ത കൊമ്പുകളും നീളമേറിയ തുമ്പിക്കൈയുമുള്ള ശക്തനായ ആന; കുങ്കിയാനകളുടെ ശൗര്യം അരിക്കൊമ്പനെ തളച്ചു; അരുൺ സക്കറിയ താരമായി; മേദകാനത്ത് 'അരിക്കൊമ്പൻ' എത്തുമ്പോൾ
പീരുമേട്: ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പൻ പെരിയാർ ടൈഗർ റിസർവിലെ 300 ഏക്കറിലധികം വരുന്ന പുൽമേട്ടിലേക്ക് എത്തുമ്പോൾ ചർച്ചയാകുന്നത് കുങ്കിയാനകളുടേയും പാപ്പാന്മാരുടേയും അസാധാരണ ധൈര്യം. കാട്ടാനയെ മയക്കു വെടി വച്ച ഡോ അരുൺ സക്കറിയയ്ക്കും പിഴച്ചില്ല. കോരിച്ചൊരിയുന്ന മഴയിൽ ആക്രമിക്കാൻ പോലും മുതിർന്ന അരിക്കൊമ്പനെ കുങ്കിയാനകൾ തള്ളി ലോറിക്കുള്ളിലേക്ക് കയറ്റി. കനത്ത മഴയും മൂടൽ മഞ്ഞും ചാനൽ ക്യാമറകളിൽ നിന്ന് പോലും ആ അപൂർവ്വ ദൃശ്യത്തെ അകറ്റി. അങ്ങനെ അരിക്കൊമ്പന്റെ ലോറിയിൽ കയറൽ തൽസമയം മലയാളി കണ്ടില്ല. മുഖ്യമന്ത്രിക്ക് യാത്രാ സമയത്ത് കിട്ടുന്നതിന് സമാനമായ വാഹനിരയുമായി അരിക്കൊമ്പൻ കുമിളിയിലേക്കും യാത്രയായി. ഇനി മേദകാനത്തിനു സമീപത്തെ സീനിയറോടയാണു അരിക്കൊമ്പന്റെ വാസസ്ഥലം.
ചിന്നക്കാനാലിൽ നിന്നു കുമളിയിലേക്ക് 84 കിലോമീറ്ററും കുമളിയിൽ നിന്നു മേദകാനത്തേക്ക് 21 കിലോമീറ്ററുമാണ് ദൂരം. മയക്കത്തിനിടയിലും ലോറിയുടെ വശങ്ങളിലും മുൻഭാഗത്തും ശക്തമായി അരിക്കൊമ്പൻ കുത്തുന്നതും ഇടിക്കുന്നതും കാണാമായിരുന്നു. ഇടയ്ക്കിടെ പെയ്ത കനത്ത മഴയും പലപ്പോഴും ആശങ്കയ്ക്കിടയാക്കി. ബീക്കൺലൈറ്റുകൾ തെളിച്ചു കുതിക്കുന്ന വിവിഐപി വാഹന വ്യൂഹം പോലെയായിരുന്നു അരിക്കൊമ്പന്റെ യാത്ര. രാത്രി പത്തുമണിയോടെ അരിക്കൊമ്പനുമായുള്ള വാഹനവ്യൂഹം കുമളി ടൗണിലെത്തി. പെരിയാർ ടൈഗർ റിസർവിലേക്കു കടക്കുന്ന ഗേറ്റിൽ പൂജ നടന്നു. വനത്തിലേക്ക് ആനയെ എത്തിക്കുന്നതിനുമുമ്പുള്ള ആചാരമെന്നോണം ആദിവാസിക്കുടിയിൽ നിന്നുള്ളവർ ഉൾപ്പെട്ട സംഘമാണു പൂജ നടത്തിയത്. തുടർന്ന് 10.20നു ലോറി വനത്തിലേക്കു പ്രവേശിച്ചു.
വെള്ളവും തീറ്റയും എപ്പോഴും ലഭിക്കുമെന്നതാണു സീനിയറോട തിരഞ്ഞെടുക്കാൻ പ്രധാന കാരണം. മുളങ്കാട്, ഈറ്റക്കാനം, ഇടതൂർന്നു നിൽക്കുന്ന പച്ചപ്പുല്ല് എന്നിവയാണു മേദകാനം, സീനിയറോട, മുല്ലക്കുടി, താന്നിക്കുടി ഉൾവനങ്ങളുടെ സവിശേഷത. കടുത്ത വേനലിൽ പോലും വെള്ളവും ലഭിക്കും. വെള്ളവും തീറ്റയും ഒരു മുടക്കവുമില്ലാതെ പെരിയാർ ടൈഗർ റിസർവിൽ ലഭ്യമാണെന്നു കാണിച്ചു വിശദമായ റിപ്പോർട്ട് വനം വകുപ്പ് നേരത്തേ സമർപ്പിച്ചിരുന്നു. ജനവാസ മേഖലയിൽ നിന്ന് 21 കിലോമീറ്റർ അകലെയുള്ള ഉൾവനമാണെന്നതും വാഹനത്തിൽ ആനയെ എത്തിക്കാനുള്ള സൗകര്യവുമാണ് ഈ സ്ഥലം തിരഞ്ഞെടുക്കാൻ മറ്റൊരു കാരണം.
മിക്കപ്പോഴും ആനകൾ കൂട്ടമായി കാണപ്പെടുന്ന പ്രദേശം കൂടിയാണ് ഈ മേഖല. ഇവിടെയുള്ള ആനകളുമായി ചങ്ങാത്തത്തിലായാൽ അരിക്കൊമ്പൻ ജനവാസ മേഖലയിലേക്കു വരില്ലെന്നും വനംവകുപ്പ് കണക്കുകൂട്ടുന്നു. സീനിയറോടയുടെ ഒരു ഭാഗം മുല്ലക്കുടിയും മറുഭാഗം തമിഴ്‌നാട് വനമേഖലയുമാണ്. തമിഴ്‌നാട്ടിലെ ജനവാസ മേഖലയിൽ നിന്ന് ഇവിടേക്ക് 30 കിലോമീറ്ററിലധികം ദൂരമുണ്ട്. മുല്ലക്കുടിയിലും മേദകാനത്തും ഫോറസ്റ്റ് സ്റ്റേഷനുകൾ ഉള്ളതിനാൽ അരിക്കൊമ്പന്റെ നീക്കം കൃത്യമായി നിരീക്ഷിക്കാനും കഴിയും.
അരിക്കൊമ്പനെ എത്തിക്കുന്നതു കണക്കിലെടുത്തു നൂറോളം വനപാലകരെയാണ് ഇന്നലെ കുമളി മുതൽ മേദകാനം വരെ നിയോഗിച്ചത്. വിവരങ്ങൾ ചോർന്നു പോകാതിരിക്കാൻ വയലർലസ് സന്ദേശങ്ങൾ ഉൾപ്പെടെ ഒഴിവാക്കുകയും ചെയ്തു. തേക്കടി മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള ഗേറ്റിലൂടെ പ്രവേശിക്കവേ പൂജാ കർമങ്ങളോടെ വരവേൽക്കുകയായിരുന്നു. കുമളിയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. ശനിയാഴ്ച ഉച്ചയോടെയാണ് ആനയെ മയക്കുവെടിവെച്ച ശേഷം നാല് കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റിയത്. ശേഷം റേഡിയോ കോളർ ഘടിപ്പിച്ചു. യാത്രയ്ക്കിടെ ആനയ്ക്ക് ബൂസ്റ്റർ ഡോസും നൽകി.
തമിഴ്‌നാട് അതിർത്തിയോടു ചേർന്നുള്ള നിബിഡമായ വനമേഖലയാണ് മേദകാനം. അരിക്കൊമ്പനെയും കൊണ്ടുള്ള ഇവിടേയ്ക്കുള്ള യാത്രയിൽ ഏറെ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ചത്. അരുൺ സക്കറിയ, മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സംഘമാണ് മേതകാനത്തേക്ക് അരിക്കൊമ്പനുമായുള്ള വാഹനത്തിന്റെ പിന്നിലുള്ളത്. അഞ്ചുവട്ടം മയക്കുവെടി വെച്ചതിന് പിന്നാലെ കോന്നി സുരേന്ദ്രൻ, വിക്രം, സൂര്യൻ, കുഞ്ചു എന്നീ കുങ്കിയാനകളുടെ സഹായത്തോടെയാണ് അരിക്കൊമ്പനെ ലോറിയിൽ കയറ്റിയത്. കനത്തമഴ സൃഷ്ടിച്ച ബുദ്ധിമുട്ടുകളെ അതിജീവിച്ചുകൊണ്ടായിരുന്നു മിഷൻ അരിക്കൊമ്പൻ വിജയിച്ചത്. കുങ്കിയാനകളെ നിയന്ത്രിച്ച പാപ്പാന്മാരുടെ ധീരതയും മിഷനെ വിജയത്തിലെത്തിച്ചു.
അരിക്കൊമ്പൻ, ചക്കക്കൊമ്പൻ, മൊട്ടവാലൻ, ചില്ലിക്കൊമ്പൻ രണ്ടാമൻ എന്നിങ്ങനെ നീളുന്നതാണ് മതികെട്ടാൻ ചോലയിലെ കാട്ടുകൊമ്പന്മാരുടെ നിര. എല്ലാവരും അപകടകാരികൾ. ഇവർക്കൊപ്പം അപകടകാരികളായ പിടിയാനകളുമുണ്ട്. ചിന്നക്കനാലിലും ശാന്തൻപാറയിലും ഇവ വിതച്ച നാശത്തിന് കണക്കില്ല. എറ്റവും അപകടകാരി അരിക്കൊമ്പനായിരുന്നു. എല്ലാ ദിവസവും നാട്ടിലിറങ്ങുന്ന ഗജവീരൻ. നിരവധി വീടുകൾക്ക് നശിപ്പിച്ചിട്ടുണ്ട്. പന്നിയാർ, ആനയിറങ്കൽ തുടങ്ങിയ മേഖലകളിലെ റേഷൻ കടകൾക്ക് നേരെ നടത്തിയ ആക്രമണങ്ങൾക്ക് കണക്കില്ല.
35 വയസിലേറെ ഏകദേശ പ്രായം ഉള്ള അരിക്കൊമ്പനായിരുന്നു മതികെട്ടാൻ ചോലയിലെ ആനകൂട്ടത്തിലെ പ്രധാനി. ഉയർന്ന മസ്തകവും നീളംകുറഞ്ഞ് കൂർത്ത കൊമ്പുകളും നീളമേറിയ തുമ്പിക്കൈയുമുള്ള ശക്തനായ ആന. സ്ഥിരമായി നാട്ടിലിറങ്ങുന്ന ആനയെ ഇവിടെ നിന്നും മാറ്റിയതോടെ മറ്റ് ആനകളുടേയും ശല്യം കുറയുമെന്നാണ് നാട്ടുകാരുടേയും വനം വകുപ്പിന്റെയും പ്രതീക്ഷ.
മറുനാടന് മലയാളി ബ്യൂറോ