ഇടുക്കി: അരിക്കൊമ്പൻ എന്ന കാട്ടാനയെ പെരിയാർ കടുവാ സാങ്കേതത്തിൽ തുറന്നുവിട്ടു. ഇന്ന് പുലർച്ചെ നാലരയോടെയാണ് ആനയെ തുറന്നുവിട്ടത്. ശേഷം ദൗത്യസംഘം മടങ്ങി. അരിക്കൊമ്പന്റെ ശരീരത്തിൽ ഘടിപ്പിച്ച ജി.പി.എസ്. റേഡിയോ കോളറിൽ നിന്ന് സിഗ്‌നലുകൾ ലഭ്യമായി തുടങ്ങിയെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘം മയക്കുവെടിവെച്ച് പിടികൂടിയ ചിന്നക്കനാലുകാരുടെ ഉറക്കം കെടുത്തിയ കാട്ടാനയാണ് പെരിയാറിലെ അതിഥിയാകുന്നത്.

'ആന ആരോഗ്യവാനാണ്. ചികിത്സ നൽകേണ്ട മുറിവുകളൊന്നും ശരീരത്തിലില്ല. മയക്കം പൂർണ്ണമായും വിട്ടശേഷമാണ് തുറന്നുവിട്ടത്' പെരിയാർ കടുവാ സാങ്കേത അസി.ഫീൽഡ് ഡയറക്ടർ ഷുഹൈബ് പറഞ്ഞു. തുറന്നുവിട്ട ഭാഗത്ത് നിന്ന് ഒന്നര കിലോമീറ്റർ ദൂരത്ത് അരിക്കൊമ്പൻ എത്തി. ഉപഗ്രഹട്രാക്കിങ്ങുള്ള കോളറാണ് അരിക്കൊമ്പന്റെ ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. പെരിയാർ വന്യജീവിസങ്കേതത്തിൽ തന്നെയാകും ട്രാക്കിങ് കേന്ദ്രം. റേഡിയോ ട്രാൻസ്മിറ്റർ വെള്ളം കയറാത്തതും പെട്ടെന്ന് പൊട്ടാത്തതുമായ ഒരു ചെപ്പിനുള്ളിലാക്കി കഴുത്തിൽ പിടിപ്പിക്കാനായി തുകൽസമാനമായ ബെൽറ്റും തീർത്തിട്ടുണ്ട്. കോളറിൽനിന്നുള്ള സിഗ്നലുകൾ സാറ്റ്‌ലൈറ്റ് വഴി ട്രാക്കിങ് കേന്ദ്രത്തിൽ ലഭിക്കുന്നുണ്ട്.

ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതി ആവശ്യപ്പെട്ടിരുന്നത് സാറ്റ്‌ലൈറ്റിനൊപ്പം വെരി ഹൈ ഫ്രീക്വൻസി (വി.എച്ച്.എഫ്.) കോളർ വേണമെന്നാണ്. വി.എച്ച്.എഫ്. ആണെങ്കിൽ ആന്റിന ഉപയോഗിച്ച് ആനയുടെ കൃത്യസ്ഥാനം നിർണയിക്കാനാകും. ഈ സംവിധാനം അരിക്കൊമ്പനിട്ട കോളറിലുണ്ടോ എന്നതിൽ വ്യക്തതയില്ല. രണ്ടോ മൂന്നോ വർഷമായിരിക്കും ബാറ്ററികാലവാധി. പെരിയാർ കടുവാ സങ്കേതത്തിലെ ഉൾക്കാട്ടിൽ വിട്ട അരിക്കൊമ്പനെ റേഡിയോ കോളർ വഴി നിരീക്ഷിച്ചുവരികയാണെന്നും ചെറിയ പരിക്കുകൾ സാരമുള്ളതല്ലെന്നും ഡോ. അരുൺ സക്കറിയ വിശദീകരിച്ചു.

റേഡിയോ കോളർ വഴി ശക്തമായ നിരീക്ഷണം തുടരും. പുതിയ സ്ഥലവുമായി പൊരുത്തപ്പെടാൻ ആനയ്ക്ക് സമയം എടുക്കും. ഇനി ജനവാസ മേഖലയിൽ ഇറങ്ങില്ലെന്നാണ് കരുതുന്നത്. അഞ്ചു മയക്കുവെടി വെച്ചത് ആരോഗ്യത്തെ ബാധിക്കില്ല. ശരീരത്തിലുള്ള മുറിവുകൾക്ക് ചികിത്സ നൽകിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെ ടീം വർക്കാണ് ദൗത്യം വിജയത്തിലേക്കെത്തിച്ചതെന്ന് സിസിഎഫ് ആർ എസ് അരുൺ വിശദീകരിച്ചു. നാട്ടുകാരും ആരോഗ്യവകുപ്പും വനം വകുപ്പും കെഎസ് ഇബിയും അടക്കം ചേർന്നുള്ള ടീം വർക്കാണ് വിജയത്തിലേക്ക് എത്തിച്ചത്.

പുലർച്ചെ നാലരയോടെയാണ് ദൗത്യ സംഘം പെരിയാർ കടുവാ സങ്കേതത്തിൽ അരിക്കൊമ്പനെ തുറന്നുവിട്ടത്. ആനയ്ക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും തുറന്നുവിട്ട സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റർ ഉൾവനത്തിലേക്ക് അരിക്കൊമ്പൻ കയറിപ്പോയെന്നും റേഡിയോ കോളറിൽ നിന്നുള്ള ആദ്യ സിഗ്‌നലിൽ നിന്നും വ്യക്തമായതായി പെരിയാർ കടുവാ സങ്കേതം അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ഷുഹൈബ് വിശദീകരിച്ചു. മംഗളാദേവി ക്ഷേത്രത്തിനു സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉൾക്കാട്ടിലാണ് ആനയെ തുറന്നു വിട്ടത്.

കുങ്കിയാനകളില്ലാതെയാണ് ആനയെ തിരികെ ഇറക്കിയതെങ്കിലും യാതൊരു ബുദ്ധിമുട്ടും നേരിട്ടില്ല. പ്രവേശന കാവടത്തിൽ നിന്നും 17.5 കിലോമീറ്റർ അകലെയാണ് തുറന്നു വിട്ടത്. പോകുന്ന വഴിയിൽ തന്നെ ആനയുടെ മയക്കം വിട്ടു തുടങ്ങിയിരുന്നു. സ്ഥലത്ത് എത്തിയപ്പോൾ കയറുകളും പുറകു ഭാഗത്തെ തടികളും അഴിച്ചു മാറ്റിയ ശേഷം ആന്റി ഡോസ് കൊടുത്തു. അല്പ സമയം കഴിഞ്ഞപ്പോൾ തനിയെ ലോറിയിൽ നിന്നും ഇറങ്ങി. ആകാശത്തേക്ക് വെടി വച്ച് ഉൾവനത്തിലേക്ക് കയറ്റിവിട്ടുവെന്നും ദൗത്യ സംഘത്തിലെ ഉദ്യോഗസ്ഥർ വിശദീകരിച്ചു.

കുമളിയിൽ വെച്ച് അരിക്കൊമ്പനെ പൂജയോടെ സ്വീകരിച്ചത് വലിയ വിവാദമാക്കേണ്ടതില്ലെന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. ആനയുടെ ആരോഗ്യത്തിന് വേണ്ടിയാണ് പൂജ എന്നാണ് മനസ്സിലാക്കിയിട്ടുള്ളതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മയക്കുവെടിവെച്ച ശേഷം അരിക്കൊമ്പനെ ചിന്നക്കനാൽ മേഖലയിൽ നിന്ന് പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയിരുന്നു. കുമളിയിൽ വെച്ച് പൂജയോടെ ആയിരുന്നു അരിക്കൊമ്പനെ സ്വീകരിച്ചത്. മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള ഗേറ്റിലൂടെ പ്രവേശിക്കവേയായിരുന്നു പൂജാകർമങ്ങൾ. ഇത് ചർച്ച ആയതോടെയാണ് വിശദീകരണവുമായി മന്ത്രി തന്നെ രംഗത്തെത്തിയത്.

'ഓരോ സ്ഥലത്തെ സമ്പ്രദായങ്ങളാണ്. അങ്ങനെ ചെയ്യുന്നത് അവരുടെ താത്പര്യമാണ്. അവരുടെ സന്തോഷത്തിന് വേണ്ടി ചെയ്തതായിരിക്കും. അല്ലാതെമറ്റേതെങ്കിലും തരത്തിലൊരു ഉദ്ദേശം അതിലില്ല. ആനയുടെ ആരോഗ്യത്തിന് വേണ്ടിയാണ് പൂജ എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്' - മന്ത്രി പറഞ്ഞു.