ഇടുക്കി: പെരിയാർ കടുവ സങ്കേതത്തിലെ വനമഖലയിൽ ചുറ്റിത്തിരിയുകയാണ് അരിക്കൊമ്പൻ. ഇറക്കി വിട്ട സ്ഥലത്തുനിന്നും മൂന്ന് കിലോമീറ്റർ ദൂരത്തിനുള്ളിൽ അരിക്കൊമ്പൻ ഉണ്ട്. ഇന്ന് മുതൽ ആന പൂർണമായും മയക്കത്തിൽ നിന്ന് ഉണരുമെന്നാണ് വനം വകുപ്പിന്റെ കണക്കൂകൂട്ടൽ. പെരിയാർ കടുവാ സങ്കേതത്തിലെ ഉൾക്കാട്ടിൽ വിട്ട അരിക്കൊമ്പനെ റേഡിയോ കോളർ വഴി നിരീക്ഷിച്ചുവരികയാണെന്നും ചെറിയ പരിക്കുകൾ സാരമുള്ളതല്ലെന്നും ഡോ. അരുൺ സക്കറിയ വിശദീകരിച്ചു.

അരിക്കൊമ്പനെ മയക്കുവെടിവെച്ച് പെരിയാർ റിസർവിൽ തുറന്നുവിട്ടുവെങ്കിലും ചിന്നക്കനാലിൽ വീണ്ടും കാട്ടാനകളുടെ ആക്രമണം ഉണ്ടായി. തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് കാട്ടാന കൂട്ടം മൗണ്ട് ഫോർട്ട് സ്‌കൂളിന് സമീപം രാജന്റെ വീട് തകർത്തത്. ചക്കകൊമ്പനും മൂന്ന് പിടിയാനകളും അടങ്ങുന്ന നാല് കാട്ടാനകൾ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. അരിക്കൊമ്പനെ അന്വേഷിച്ച് ഈ ആനക്കൂട്ടം നടക്കുന്നതായും വിലയിരുത്തലുണ്ട്.

അതിനിടെ അരിക്കൊമ്പൻ വിഷയത്തിൽ കുമളിയിലെ ജനങ്ങളുടെ പ്രതികരണം വനംവകുപ്പ് ഉദ്യോഗസ്ഥരെയും അദ്ഭുതപ്പെടുത്തി. അരിക്കൊമ്പനെ എത്തിക്കുമ്പോൾ ജനങ്ങളുടെ ഭാഗത്തുനിന്ന് എതിർപ്പുണ്ടാകുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ. ഇതു മുന്നിൽക്കണ്ട് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വൻ പൊലീസ് സന്നാഹം സജ്ജീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ പൂജകൾ നടത്തിയും ആരതി ഉഴിഞ്ഞുമാണു ജനങ്ങൾ അരിക്കൊമ്പനെ പെരിയാറിലേക്കു വരവേറ്റത്.

റേഡിയോ കോളർ വഴി ശക്തമായ നിരീക്ഷണം തുടരും. പുതിയ സ്ഥലവുമായി പൊരുത്തപ്പെടാൻ ആനയ്ക്ക് സമയം എടുക്കും. ഇനി ജനവാസ മേഖലയിൽ ഇറങ്ങില്ലെന്നാണ് കരുതുന്നത്. അഞ്ചു മയക്കുവെടി വെച്ചത് ആരോഗ്യത്തെ ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. ഇന്നലെ വൈകീട്ട് ലഭിച്ച സിഗ്‌നൽ പ്രകാരം മേദകാനം ഭാഗത്താണുണ്ടായിരുന്നത്. ഇറക്കി വിട്ട സ്ഥലത്തുനിന്നും മൂന്ന് കിലോമീറ്റർ ദൂരത്തിനുള്ളിൽ അരിക്കൊമ്പൻ ഉണ്ടെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. തുമ്പിക്കൈയിലെ മുറിവിനുള്ള മരുന്ന് നൽകിയിരുന്നു. അതേസമയം,അരിക്കൊമ്പൻ ജനവാസ മഖലയിലേക്ക് കടക്കില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.

അതിനിടെ വന്യമൃഗ ശല്യം പരിഹരിക്കാൻ വിദഗ്ധ പാനൽ രൂപീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. അരിക്കൊമ്പനെ പിടിച്ചതുകൊണ്ട് മാത്രം പ്രശ്‌നം തീരുന്നില്ലെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് തീരുമാനം. തീവ്രനിലപാട് ഉള്ളവർ പാനലിൽ ഉണ്ടാകില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉടൻ ഉന്നതല ചർച്ച സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി,.

രണ്ട് ദിവസം മുമ്പാണ് അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ടത്. എന്നാൽ ഇതോടെ ചിന്നക്കനാലിലെ കാട്ടാന ആക്രമണം കുറഞ്ഞിട്ടില്ല. ഇന്ന് പുലർച്ചെ ചിന്നക്കനാലിൽ വീണ്ടും കാട്ടാനയാക്രമണം ഉണ്ടായി. പുലർച്ചെ അഞ്ച് മണിയോടെ ചക്കക്കൊമ്പനടങ്ങിയ കൂട്ടം ഇറങ്ങുകയും ഷെഡ് തകർക്കുകയും ചെയ്തു. ഷെഡിൽ ആളില്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.

കേരളത്തിനകത്തും പുറത്തും ഉള്ള വിദഗ്ധരുമായി കൂടിയാലോചന നടത്തും. കുങ്കിയാനകളുടെ പാപ്പാന്മാർ വനംവകുപ്പിന്റെ അവിഭാജ്യ ഘടകമാണ്. ആ നിലയിൽ തന്നെ അവരെ പരിഗണിക്കുന്നുണ്ട്. അവരെ സ്ഥിരപ്പെടുത്തണം എന്ന ആവശ്യം അരിക്കൊമ്പൻ ദൗത്യവുമായി ചേർത്ത് വായിക്കേണ്ട കാര്യമില്ല. അരിക്കൊമ്പന്റെ ആരോഗ്യ നിലയിൽ പ്രശ്‌നങ്ങളില്ല. മൂന്ന് കിലോമീറ്റർ ചുറ്റളവിൽ സഞ്ചരിക്കുന്നുണ്ട്. ടെലി കോളർ വച്ച് ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും അരിക്കൊമ്പൻ മിഷൻ സുതാര്യമായാണ് നടത്തിയതെന്നും ശശീന്ദ്രൻ പറഞ്ഞു.