- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈവേസ് ഹിൽസിൽ തോട്ടം തൊഴിലാളി ലയത്തിന്റെ വാതിൽ തകർത്ത് അരിതപ്പിയെന്ന് അഭ്യൂഹം; ഇരവിങ്കലാറിൽ വീടിന്റെ വാതിൽ തകർത്തതും വ്യാജ വാർത്ത; ചിന്നക്കനാലിൽ നിന്നും നാടു കടത്തിയ കൊമ്പന്റെ വിക്രിയകൾ ഇനി തമിഴ്നാട്ടിലോ? മേഘമലയിലാകെ ജാഗ്രത; അരിക്കൊമ്പൻ അതിർത്തി കടന്ന് യാത്ര തുടരുമ്പോൾ
കുമളി : പെരിയാർ കടുവസങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ തമിഴ്‌നാട്ടിലെത്തിയപ്പോൾ തലവേദന തമിഴ്‌നാട് വനം വകുപ്പിന്. കേരളത്തോട് കടുത്ത അതൃപ്തിയിലാണ് തമിഴ്‌നാട്. മേഘമല കടുവ സങ്കേതത്തിന്റെ ഭാഗമായ മണലാർ ശ്രീവല്ലി പൂത്തൂർ സെക്ഷൻ 31 ഡിവിഷനിലാണ് റേഡിയോ കോളറുള്ള കൊമ്പനെ വ്യാഴാഴ്ച പ്രദേശവാസികൾ കണ്ടത്. എന്നാൽ അരിക്കൊമ്പനാണതെന്ന് നാട്ടുകാർക്ക് മനസ്സിലായില്ല. നാട്ടാന വഴിതെറ്റി എത്തിയതാണെന്ന് അവർ കരുതി. മണലാർ എസ്റ്റേറ്റിലെ തൊഴിലാളികൾക്കിടയിൽ ഇത്തരത്തിലാണ് വാർത്ത പ്രചരിച്ചതും. ഈ മേഖലയാകെ ഭീതിയിലാണ്. അതിനിടെ അരിക്കൊമ്പൻ അരികഴിക്കാൻ വീട്ടിൽ എത്തിയെന്നും പ്രചരണമുണ്ട്.
അരിക്കൊമ്പനെ പേടിച്ച് തമിഴ്‌നാട് അതിർത്തിയിലെ ജനങ്ങളും വനം വകുപ്പും ജാഗ്രതയിലാണ്. തമിഴ്‌നാട് വനമേഖലയോടു ചേർന്ന്, ജനവാസമുള്ള മേഘമലയിൽ മൂന്നാം തവണയാണ് അരിക്കൊമ്പനെത്തിയത്. ഈ പ്രദേശത്ത് രാത്രിയും പകലും നിരീക്ഷണത്തിനായി തമിഴ്‌നാട് വനം വകുപ്പ് 120 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചു. മേഘമല, ഇരവിങ്കലാർ, മണലാർ മേഖലകളിൽ രാത്രി യാത്ര ഒഴിവാക്കണമെന്നു മുന്നറിയിപ്പും നൽകി. തുറന്നുവിട്ട സ്ഥലത്തുനിന്ന് ആന ഇതിനകം 40 കിലോമീറ്ററോളം സഞ്ചരിച്ചു.
ചിന്നക്കനാലിലെ സാഹചര്യങ്ങൾക്കു സമാനമാണ് മേഘമലയിലേത്. തേയിലത്തോട്ടം, ലയങ്ങൾ, തടാകം എന്നിവയ്ക്കു പുറമേ കാലാവസ്ഥയും ഏറക്കുറെ സമാനമാണ്. ഈ ഭാഗത്തെ വനത്തിൽ നിന്നു പുറത്തിറങ്ങിയാൽ ആനയ്ക്ക് തേയിലത്തോട്ടങ്ങളിലെത്താം. ഇവിടെ ജനസാന്ദ്രത കൂടുതലാണ്. അതേസമയം, ഇരവിങ്കലാറിൽ അരിക്കൊമ്പൻ ഒരു വീടിന്റെ വാതിലുകൾ തകർത്തു എന്ന വ്യാജവാർത്തയും പ്രചരിച്ചു. വീടിന്റെ വാതിൽ കാട്ടാന പൊളിച്ചെന്നും ഇത് അരിക്കൊമ്പൻ അല്ലെന്നും തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
റേഡിയോ കോളറിൽ നിന്നുള്ള സിഗ്‌നൽ പ്രകാരം അരിക്കൊമ്പൻ ഇന്നലെ പകൽ പെരിയാർ വന്യജീവി സങ്കേതത്തിലായിരുന്നു. എന്നാൽ വൈകുന്നേരമായപ്പോൾ മണലാറിനും ഇരവിങ്കലാറിനും ഇടയിൽ ഉള്ളതായാണു സിഗ്‌നൽ. കഴിഞ്ഞ ദിവസം മേഘമലയിൽ തേയിലത്തോട്ടത്തിൽ നിന്നു കാട്ടിലേക്ക് അരിക്കൊമ്പൻ നടന്നു പോകുന്ന വിഡിയോ ദൃശ്യം പുറത്തുവന്നിരുന്നു. ഏതായാലും അരിക്കൊമ്പൻ വാർത്തകൾ ഇപ്പോഴാണ് മേഘമലയിലുള്ളവർ അറിയുന്നത്. കണ്ടത് അരിക്കൊമ്പനെയാണെന്ന് തിരിച്ചറിഞ്ഞതോടെ അവിടെയും മുൻകരുതൽ നടപടികൾ തുടങ്ങി.
തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥർക്കും പ്രദേശവാസികൾക്കും മുൻകരുതൽ നിർദ്ദേശംനൽകിയത് കേരളമാണ്. തേയിലക്കാടുകളിൽ ഇറങ്ങിയ ആന, അരിക്കൊമ്പനാണെന്ന് അറിയാതെതന്നെ ജാഗ്രത പാലിക്കണമെന്ന് നാട്ടുകാർക്ക് വനംവകുപ്പ് നിർദ്ദേശം നൽകിയിരുന്നു. രാത്രിയാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. ആന ജനവാസമേഖലയിലേക്ക് ഇറങ്ങുന്നതുതടയാൻ തമിഴ്‌നാട് വനംവകുപ്പ് പ്രത്യേകസംഘത്തെ നിയോഗിച്ചിട്ടുണ്ട്.
അതിനിടെ, ഹൈവേസ് ഹിൽസിൽ തോട്ടം തൊഴിലാളി ലയത്തിന്റെ വാതിൽ തകർത്ത്് അരിതപ്പിയെന്നും വാർത്ത പ്രചരിച്ചു. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. തൊഴിലാളികളും വനംവകുപ്പ് ഉദ്യോഗസ്ഥരും പിന്നീട് അരിക്കൊമ്പനെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
മറുനാടന് മലയാളി ബ്യൂറോ