ഇടുക്കി: ഇടുക്കിയിൽ ജനവാസമേഖലയിൽ ഇറങ്ങി നാട്ടുകാർക്ക് നാശം വിതക്കുന്ന ഒറ്റയാൻ അരിക്കൊമ്പനെ പിടികൂടാൻ പദ്ധതിയൊരുക്കി വനംവകുപ്പ്.ശനിയാഴ്ച അരിക്കൊമ്പനെ മയക്കുവെടി വെക്കാനാണ് തീരുമാനം. ചിന്നക്കനാൽ പഞ്ചായത്തിൽ ദൗത്യം നടക്കുന്ന വാർഡുകളിൽ 25 ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

25 ന് വെളുപ്പിന് നാലുമണിക്ക് അരിക്കൊമ്പനെ മയക്കുവെടി വെയ്ക്കും. 301 കോളനിയിൽ വച്ചാണ് ദൗത്യം നടപ്പാക്കുക. അതിനാൽ 301 കോളനിയിലെ ആളുകളെ മാറ്റുന്നതിൽ നാളെ തീരുമാനമെടുക്കും. മയക്കുവെടി വെച്ച് പിടികൂടുന്ന ആനയെ കോടനാട്ടുള്ള ആനസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. ഇതിന്റെ ഭാഗമായി ശനിയാഴ്ച കോടനാട്ടേക്ക് പോകുന്ന വഴിയിൽ ഗതാഗതം നിയന്ത്രിക്കും. അരിക്കൊമ്പൻ മിഷൻ പൂർത്തിയാക്കാൻ 71 പേരുള്ള 11 ടീമിനെ നിയോഗിച്ചു.

ശനിയാഴ്ച വെളുപ്പിന് തന്നെ ദൗത്യം ആരംഭിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. ഇതിനു മുന്നോടിയായി തലേദിവസം മോക് ഡ്രില്ലും നടത്തും. അരിക്കൊമ്പനെ തളയ്ക്കുന്നതിനായി വിക്രം എന്ന കുങ്കിയാനയെ ഇടുക്കിയിലെത്തിച്ചിട്ടുണ്ട്. മൂന്നു കുങ്കിയാനകൾ കൂടി ഉടൻ ഇടുക്കിയിലെത്തും. അരിക്കൊമ്പനെ ആകർഷിക്കുന്നതിനായി, ഒറ്റയാന്റെ ആക്രമണം തുടർച്ചയായി ഉണ്ടാകുന്ന 301 കോളനിയിൽ താൽക്കാലിക റേഷൻ കട സജ്ജമാക്കി. ഇവിടെ കഞ്ഞി വെച്ച് ആൾതാമസമുണ്ടെന്ന സാഹചര്യം ഒരുക്കും.

ഉദ്ദേശിച്ച സമയത്ത് കെണിയൊരുക്കിയ സ്ഥലത്ത് അരിക്കൊമ്പൻ എത്തിയാൽ മാത്രമേ ദൗത്യം നടപ്പാക്കാനാകൂവെന്ന് വനംവകുപ്പ് ഉന്നതതലയോഗത്തിൽ വിലയിരുത്തി. അതുകൊണ്ടു തന്നെ അന്നുതന്നെ ദൗത്യം പൂർത്തിയാക്കാനാകുമോ എന്നതിൽ കൃത്യമായി ഉറപ്പു പറയാനാകില്ലെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു. വെടിയേറ്റ ആന എങ്ങോട്ടാണ് ഓടുകയെന്നത് പറയാൻ കഴിയില്ലാത്തതിനാൽ, പ്രദേശവാസികൾ പുറത്തിറങ്ങരുതെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്.