ചിന്നക്കനാൽ: കാര്യം ശരിയാണ്. അരിക്കൊമ്പൻ വികൃതിയാണ്. വീടുകൾ തകർത്തിട്ടുണ്ട്, കൃഷി സ്ഥലം നശിപ്പിച്ചിട്ടുണ്ട്, ഏഴുപേരെ വകവരുത്തിയിട്ടുണ്ട്. എന്നിരുന്നാലും അരിക്കൊമ്പനെ മയക്കുവെടി വച്ച് കൊണ്ടുപോകുമ്പോൾ ചിന്നക്കനാലുകാർക്ക് കരച്ചിൽ വരും. ഇന്ന് ആനയെ മയക്കുവെടി വച്ച് തളച്ച് കുങ്കിയാനകളുടെ സഹായത്തോടെ കൊണ്ടുപോകുമ്പോൾ പലരും കരയുന്നുണ്ടായിരുന്നു. അമ്മമാർക്ക് കുട്ടികളെ നഷ്ടപ്പെട്ട പോലെ. സ്വന്തം മകനെ എന്നെന്നേക്കുമായി അകറ്റുന്ന പോലെ. ഒന്നും പറയാനാവാതെ വാക്കുകൾ മുറിഞ്ഞ് പലരും കണ്ണീര് തുടയ്ക്കുന്നുണ്ടായിരുന്നു.

'എനിക്കൊന്നും പറയാനില്ലാതായി..എന്നാ പറയാനാ..നമ്മുടെ കൂട്ടത്തിൽ നിന്ന് അവൻ പോകുവല്ലേ...പിന്നെന്നാ പറയാനാ.. എന്റെ മകൻ പോകുന്നത് പോലെ തന്നെയാ..എന്റെ മകനെ ഒരുദിവസം പോലും കാണാതെ താങ്ങാൻ പറ്റില്ല..അതുപോലെയാണ്..ഇപ്പോ അവനെ കൊണ്ടുപോകുന്നത്', ഒരമ്മ പറഞ്ഞു. അരിക്കൊമ്പനെ അവന്റെ ആവാസ വ്യവസ്ഥയിൽ നിന്ന് വീട്ടിൽ നിന്ന് കുടുംബത്തിൽ നിന്ന് കൂട്ടുകാരിൽ നിന്ന് ഒക്കെ പറിച്ചെറിയുകയാണ്. നഗരവാസികൾ എന്തൊക്കെ പറഞ്ഞാലും, ചിന്നക്കനാലുകാർക്ക് അരിക്കൊമ്പനോട് വാത്സല്യമാണ്. വികൃതിത്തരങ്ങൾ പലതും പൊറുക്കാൻ വിഷമമെങ്കിലും. അങ്ങനെയൊരു വിഷമസന്ധിയിലാണ് അവർ.

ആനയെ ഒരേ സമയം പേടിയും, കമ്പവും, വാത്സല്യവുമാണ് മലയാളികൾക്ക്. പറഞ്ഞുപകർന്നു കേൾക്കുന്ന ആനക്കഥകൾ എത്രയോ. ഇടുക്കിയിലെ ചിന്നക്കനാൽ, ആനയിറങ്കൽ, ശാന്തൻപാറ മേഖലകളിൽ പൂണ്ടുവിളയാടുന്ന അരിക്കൊമ്പനെ കുറിച്ചും കഥകൾ എത്രയോ. കുട്ടിക്കാലത്തെ, അമ്മയെ നഷ്ടപ്പെട്ട അരിക്കൊമ്പൻ, പിൽക്കാലത്ത് ഒരു റിബലായി മാറുകയായിരുന്നു എന്നാണ് ഒരു കഥ. 36 വർഷം മുമ്പത്തെ കഥയാണ് നാട്ടുകാർ പറയുന്നത്. കേട്ടാൽ കെട്ടുകഥയാണെന്ന് തോന്നും. പക്ഷേ അതല്ല അനുഭവകഥയാണെന്ന് അവർ ആണയിട്ട് പറയും. അമ്മയുടെ ഓർമയ്ക്കായി എല്ലാ വർഷം അമ്മയെ നഷ്ടപ്പെട്ട ഏലക്കാടുകൾക്കിടയിലെ സ്ഥലത്ത് വരാറുണ്ടത്രെ. ആദ്യം കൂട്ടാനകൾക്കൊപ്പവും, പിന്നീട് 20 വർഷമായി ഒറ്റയ്ക്കും അരിക്കൊമ്പൻ വന്നുപോകുന്നു. അരിക്കൊമ്പൻ പെട്ടെന്നൊരു നാൾ വില്ലനായതല്ലെന്നും നാട്ടുകാരുടെ വാക്കുകളിൽ നിന്ന് വായിച്ചെടുക്കാം. മനുഷ്യനും, മൃഗവും തമ്മിലുള്ള ചെറിയ സംഘർഷങ്ങൾ വളർന്ന്, അവരുടെ ആവാസ വ്യവസ്ഥയിൽ, മനുഷ്യർ വില്ലരായി കടന്നുകൂടിയപ്പോൾ, അരിക്കൊമ്പനും വില്ലനായി എന്നാണ് കഥയുടെ സാരം. ആ കഥ ടെലിവിഷൻ ചാനലിൽ ഒരു നാട്ടുകാരൻ മുമ്പ് പറഞ്ഞത് ഇങ്ങനെ:

'87 ഡിസംബർ. ഡേറ്റ് ക്യത്യമായി ഓർക്കുന്നില്ല. ഈ ആന ഇതിന്റെ തൊട്ട് കിഴക്കേ സൈഡില് ഇങ്ങനെ അവശയായി നിൽക്കുവാ. പതുക്കെ ആന അവിടുന്ന് കുറച്ച് നീങ്ങി കഴിഞ്ഞപ്പോൾ, കുന്നിന്റെ മുകളിൽ വന്നപ്പോൾ, കയ്യാലക്കെട്ടേൽ ചവിട്ടി, കയ്യാല സഹിതം മറിഞ്ഞ് ആന താഴേക്ക് വീണു. കയ്യാലക്കെട്ടേന്ന് വീണ ആനയ്ക്ക് എണീൽക്കാൻ പറ്റാതെ വന്നു. ബാക്കി ആനകള് കൂടി എണീപ്പിക്കാൻ നോക്കി നടക്കാതെ വന്നപ്പോൾ, അതുങ്ങള് പോയി. കുഞ്ഞും തള്ളയും ഇവിടെ നിന്നു. രണ്ടാമത്തെ ദിവസം വൈകുന്നേരം ആയപ്പോളേക്കും ആന മരിച്ചു.

മൂന്നാമത്തെ ദിവസം, ഒരു ദിവസം ഈ കുഞ്ഞ് കൂടെ നിന്നു. മൂന്നാമത്തെ ദിവസം കൂട്ടാന വന്ന് കുഞ്ഞിനെ കൊണ്ടുപോയി. അരിക്കൊമ്പന് അന്ന് ഉദ്ദേശം ഒരുരണ്ടുവയസ്. ഇടത്തരം പോത്തിന്റെ അത്രയും ഉയരം. കൊമ്പ് ഒരു സിഗരറ്റിന്റെ നീളത്തിൽ. അത്രയും നീളത്തിൽ പുറത്തേക്ക് വരണേയുള്ളു. അവനാന്ന് ഞങ്ങൾ കൃത്യമായി പറയാൻ കാരണം വർഷാവർഷം ആ ആന ഇവിടെ വരാൻ തുടങ്ങി. ആദ്യം കൂട്ടമായിട്ടാണ് വന്നോണ്ടിരുന്നത്. ഇവൻ ഇച്ചിരി പ്രായമായി കഴിഞ്ഞപ്പോൾ, 20 വർഷമായിട്ട് ഇവൻ തന്നെയാണ് വരുന്നത്. അതാണ് ഈ ആനയാണെന്ന് പറയാൻ കാരണം...അമ്മയെ കുട്ടിക്കാലത്തെ നഷ്ടപ്പെട്ടതിന്റെ വൈരാഗ്യം കാരണം ആകാം ആളുകളെ ഓടിക്കാൻ തുടങ്ങിയത്. ഇത് കെട്ടുകഥയല്ല, അനുഭവത്തിൽ ഉള്ള കഥയാണ്. ക്യത്യമായിട്ടറിയാം. ഈ നവംബർ അവസാനവും അരിക്കൊമ്പൻ അമ്മ ചരിഞ്ഞ സ്ഥലത്ത് വന്നിരുന്നു. ഈ സ്ഥലത്ത് വന്ന് കൃത്യമായിട്ട് അവന്റെ അമ്മ നിൽക്കുന്ന സ്ഥലത്ത് വന്ന്, അര മണിക്കൂർ നേരം സൈലന്റായി നിന്ന് താഴെയിറങ്ങി പോയി അവിടെ നോക്കിയേച്ചാണ് അവൻ തിരിച്ചുകയറി പോയത്.'

ഇക്കഥ മാത്രമല്ല, തന്റെ ഇണയ്ക്കും, കുഞ്ഞിനുമൊപ്പം കൂട്ടത്തിന്റെ രക്ഷകനായി നടക്കുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങളും ഇതിനകം മനുഷ്യർ കണ്ടുകഴിഞ്ഞു. കൂട്ടം തെറ്റിയ കുട്ടിയാനയെ തേടി പിടിച്ച് കൂട്ടത്തിലാക്കുന്നതിൽ വേവലാതിപ്പെടുന്ന പാവം, ശാന്തനായ അരിക്കൊമ്പൻ. റേഷൻ കടകൾ തകർത്ത് അരി തിന്നുന്ന അരിക്കൊമ്പന്റെ മറ്റൊരു മുഖം. വീഡിയോയിൽ ഈ മുഖം കണ്ടിട്ട് ആളുകൾ കമന്റിലൂടെ ചോദിക്കുന്നു, ദൈവങ്ങളെ ഈ ആനയെ അവന്റെ കാട്ടിൽ ജീവിക്കാൻ അനുവദിക്കു.

എന്തായാലും, സർക്കാരും വനം വകുപ്പും അരിക്കൊമ്പനെ പൂട്ടിലിടണം എന്ന അഭിപ്രായക്കാരായിരുന്നു. അരിക്കൊമ്പൻ അപകടകാരിയെന്നാണ് ഹൈക്കോടതിയിൽ വനം വകുപ്പിന്റെ സത്യവാങ്മൂലം നൽകിയത്. 2005ന് ശേഷം ചിന്നക്കനാൽ-ശാന്തൻപാറ ഭാഗത്ത് 34 പേർ ആന ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിൽ ഏഴ് പേരെ കൊന്നത് അരിക്കൊമ്പനാണ്. മൂന്നുമാസത്തിനിടെ 31 കെട്ടിടങ്ങൾ തകർത്തു. 2017ൽ മാത്രം തകർത്തത് 52 വീടുകളും ഷോപ്പുകളുമാണ്.

നിലവിലെ പ്രദേശത്ത് നിന്നും അരിക്കൊമ്പനെ മാറ്റേണ്ടത് അനിവാര്യമെന്ന് വനംവകുപ്പ് ശക്തമായ നിലപാടെടുത്തു അരിക്കൊമ്പനെ നേരത്തെ പലതവണ പിടികൂടി മാറ്റിയതാണ്. പക്ഷേ, വീണ്ടും ജനവാസ മേഖലയിലേക്ക് എത്തി.