- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടുപന്നി ശല്യം ഒഴിവാക്കാൻ തോക്ക് ലൈസൻസിന് ഇനി പൊലീസ് പരിശീലനം നിർബന്ധമല്ല; അംഗീകൃത പരിശീലകൻ നൽകുന്ന പരിശീലന സർട്ടിഫിക്കറ്റ് ധാരാളമെന്ന് ഹൈക്കോടതി; ഉത്തരവ് ശരിവച്ച് സംസ്ഥാന സർക്കാരും; കർഷകർക്ക് അനുകൂല ഉത്തരവ് നേടിയെടുത്തത് കിഫ
തിരുവനന്തപുരം: സംസ്ഥാനത്തെ കർഷകരുടെ കടബാധ്യത പഠിക്കാൻ ആയാലും, ബഫർ സോൺ വിഷയത്തിൽ ആയാലും ഇടപെടാൻ മുൻപന്തിയിൽ നിൽക്കുന്ന കർഷക സംഘടനയാണ് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ അഥവാ കിഫ. മലയോരമേഖലയിലെ കാട്ടുപന്നി ശല്യം നേരിടാൻ തോക്ക് ലൈസൻസിന് പൊലീസ് ട്രെയിനിങ് സർട്ടിഫിക്കറ്റ് വേണ്ട എന്ന് കിഫ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഉത്തരവായിരിക്കുകയാണ്.
കിഫയുടെ ലീഗൽ സെല്ലാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. തോക്ക് ലൈസൻസിന് പൊലീസ് ട്രെയിനിങ് നിർബന്ധമാക്കാൻ ആവില്ല എന്നാണ് കോടതി ഉത്തരവിട്ടത്. ഇതോടെ, അംഗീകൃത പരിശീലകൻ നൽകുന്ന സർട്ടിഫിക്കറ്റ് മതി എന്ന പഴയ നിലപാട് തുടരാൻ സർക്കാർ ഉത്തരവിറക്കി.
ആയുധ നിയമത്തിലെ ചട്ടം 10(3) പ്രകാരം ആയുധ പരിശീലനം സംബന്ധിച്ച വിഷയത്തിൽ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള അധികാരം കേന്ദ്ര സർക്കാരിനാണ്. ചട്ടം 10 പ്രകാരം ലൈസൻസിനായി അപേക്ഷ സമർപ്പിക്കുന്നവർ ആംസ് & അമ്മ്യൂണിഷൻ കോഴ്‌സ് പാസ്സാകുന്നത് സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് കേന്ദ്ര സർക്കാർ പരിശോധിച്ചു വരികയാണ്. ഇടക്കാല ക്രമീകരണം എന്ന നിലയിൽ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ്, പൊലീസ് ബറ്റാലിയൻ ട്രെയിനിങ് സ്ഥാപനങ്ങളിൽ നിന്നും ട്രെയിനിങ് നൽകുന്നതിന് അനുമതി നൽകി 2021 ഒക്ടോബർ ഒന്നിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടത്
പൊലീസ് ബറ്റാലിയനിൽ ട്രെയിനിങ് നൽകുന്നതിന് എതിരെയാണ് കിഫ ഹൈക്കോടതിയിൽ ഹർജി നൽകിയത്. 2022 ജൂലൈ 29 ന് ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ, വെറും ഒരു കത്തിന്റെ ബലത്തിൽ സംസ്ഥാന പൊലീസ് മേധാവി നിശ്ചയിക്കുന്ന സ്ഥലത്ത് അപേക്ഷകൻ ട്രെയിനിംഗിന് ഹാജരാകണമെന്ന് നിർബന്ധിക്കുവാൻ സാധിക്കില്ല എന്ന് വ്യക്തമാക്കി. ഇതേതുടർന്ന് പരിശീലന പരിപാടി താത്കാലികമായി സംസ്ഥാന പൊലീസ് മേധാവി നിർത്തി വച്ചിരിക്കുകയാണ്.
ഇതേ തുടർന്ന് ഫെബ്രുവരി ആറിന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അംഗീകൃത പരിശീലകൻ നല്കുന്ന ട്രെയിനിങ് സർട്ടിഫിക്കറ്റ് പരിഗണിച്ചു കൊണ്ട് ആയുധ ലൈസൻസ് നല്കാവുന്നത് ആണെന്നു തീരുമാനിച്ചു. ഹൈക്കോടതിയിലെ സ്റ്റേ ഒഴിവാക്കാൻ വേണ്ട നടപടികൾക്കും തീരുമാനിച്ചിരിക്കുകയാണ്.
കേരള സ്വതന്ത്ര കർഷക സംഘടന (കിഫ)ക്ക് വേണ്ടി അഭിഭാഷകരായ അഡ്വ. അലക്‌സ് എം സ്‌കറിയ, അഡ്വ. സരിത തോമസ്, അഡ്വ. അലൻ ജെ ചെരുവിൽ എന്നിവർ ആണ് ഹാജരായത്
മറുനാടന് മലയാളി ബ്യൂറോ