തിരുവനന്തപുരം: കോഴിക്കോട് സംസ്ഥാന സ്‌കൂൾ കലോത്സവം സമാപനം കുറിച്ചതിന് പിന്നാലെ ഇനി കലോത്സവ വേദിയിലേക്കില്ലെന്ന് പറഞ്ഞ് പഴയിടം മോഹനൻ നമ്പൂതിരി രംഗത്തു വന്നു കഴിഞ്ഞു. താൻ അപമാനിക്കപ്പെട്ടു എന്ന് തുറന്നു പറഞ്ഞും ഭീതിയാണെന്ന് പറഞ്ഞു കൊണ്ടുമാണ് പഴയിടം രംഗത്തു വന്നത്. ഇത്തവണത്തെ വിവാദങ്ങൾ വല്ലാതെ ആശങ്ക ഉണ്ടാക്കി. നോൺ വെജ് വിവാദത്തിന് പിന്നിൽ വർഗീയ അജണ്ടയാണെന്നും പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞത്. അതേസമയം പഴയിടത്തിൽ ബ്രാഹ്മണിക്കൽ ഹെജിമണി അടക്കം കണ്ടെത്തിയ മാധ്യമപ്രവർത്തകനും അദ്ധ്യാപകനുമായ അരുൺ കുമാർ വിഷയത്തിൽ പ്രതികരണവുമായി രംഗത്തുവന്നു.

ഭക്ഷണത്തിൽ നോൺവെജ് കൂടി ഉൾപ്പെടുത്തണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുകയായിരുന്നു. സോഷ്യൽ മീഡിയയിലും ഇതുമായി ബന്ധപ്പെട്ട ചർച്ച ഉയർന്നു. ഇതിൽ ഡിബേറ്റുകളും നടന്നതിന് ശേഷമാണ് പഴയിടം ഇനി താൻ കലോത്സവത്തിന് ഭക്ഷണം പാചകം ചെയ്യാൻ തീരുമാനിക്കില്ലെന്ന് വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് അരുൺകുമാർ പ്രതികരണവുമായ രംഗത്തുവന്നത്. കലോത്സവത്തിന് എത്തുന്ന കുട്ടികൾക്ക് നോൺവെജ് ഭക്ഷണം നൽകണമെന്ന് ആവശ്യവുമായി രംഗത്തെത്തിയ വ്യക്തികളിൽ ഒരാളായിരുന്നു അരുൺ കുമാർ. സൈബർ ലോകത്ത് ഏറ്റവും വിമർശിക്കപ്പെട്ടതും അരുൺകുമാറിന്റെ വാദങ്ങളായിരുന്നു. അതേസമയം പഴയിടം മോഹനൻ നമ്പൂതിരി ഇനിയും കലോത്സവത്തിന് പാചകം ചെയ്യണമെന്നാണ് അരുൺ കുമാർ ഫേസ്‌ബുക്കിൽ കുറിച്ചത്.

പ്രിയപ്പെട്ട പഴയിടം അങ്ങ് ഇനിയും കലോൽസവ ടെൻഡറിംഗിൽ പങ്കെടുക്കണം എന്നു തന്നെയാണ് ആഗ്രഹം. അങ്ങയുടെ അദ്ധ്വാനത്തെയും അതിലെ പ്രാവീണ്യത്തെയും മാനിക്കുന്നു. വെജിറ്റേറിയൻ ഭഷണത്തിന്റെ സ്വത്വികത എന്നതിനോട് വിയോജിക്കുകയും ചെയ്യുന്നു. നോൺ വെജ് മെനു ആണെങ്കിൽ അങ്ങ് കായികോത്സവത്തിനു ചെയ്തതു പോലെ താങ്കളും ടെൻഡർ കൊടുക്കണം. അതൊരു 'ബ്രാൻഡിങ് ' ഭീഷണിയാണോ എന്ന് തീരുമാനിക്കേണ്ടത് അങ്ങാണെന്നും അരുൺ കുമാർ ഫേസബുക്കിലൂടെ വ്യ്തമാക്കി.

ആശയങ്ങളെ ആളുകളിൽ കെട്ടി ആളിനെയല്ല തല്ലിക്കൊല്ലേണ്ടത്. ഹിന്ദുത്വത്തിനെതിരെ എന്നാൽ ഹിന്ദുക്കൾക്കെതിരെ എന്ന നരേഷൻ ഫാസിസ്റ്റു യുക്തിയാണ്. കല സമം വെജിറ്റേറിയൻ എന്ന ശുദ്ധി സങ്കൽപങ്ങളെ ചോദ്യം ചെയ്യുന്നത് അതിനു പിന്നിലെ ദൃഢീകരിക്കപ്പെട്ട ജാതി ബോധ്യങ്ങളെ ( പിയർ ബോർദ്രുന്റെ ഭാഷയിൽ റീഃമ, ഗ്രാംഷിയുടെ ഭാഷയിൽ സാമാന്യബോധം) വിമർശിക്കുന്നത് ഒരു വ്യക്തിയിലേക്ക് ചുരുക്കുന്നതാണ് കണ്ടതെന്നും അരുൺ കുറിച്ചു. 16 വർഷത്തെ കോൺട്രാക്റ്റ് ഉപേക്ഷിച്ച് അങ്ങ് പോയി മറ്റൊരാൾ അയാൾ നായരോ നായാടിയോ എത്തിയാലും ഇതേ മെനുവാണെങ്കിൽ ഇതേ ചോദ്യം ആവർത്തിച്ചു കൊണ്ടേയിരിക്കുമെന്നും അരുൺകുമാർ വ്യക്തമാക്കി.

അരുൺകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

പ്രിയപ്പെട്ട പഴയിടം,
അങ്ങ് ഇനിയും കലോൽസവ ടെൻഡറിംഗിൽ പങ്കെടുക്കണം എന്നു തന്നെയാണ് ആഗ്രഹം. അങ്ങയുടെ അദ്ധ്വാനത്തെയും അതിലെ പ്രാവീണ്യത്തെയും മാനിക്കുന്നു. വെജിറ്റേറിയൻ ഭഷണത്തിന്റെ സാത്വികത എന്നതിനോട് വിയോജിക്കുകയും ചെയ്യുന്നു. നോൺ വെജ് മെനു ആണെങ്കിൽ അങ്ങ് കായികോത്സവത്തിനു ചെയ്തതു പോലെ താങ്കളും ടെൻഡർ കൊടുക്കണം. അതൊരു 'ബ്രാൻഡിങ് ' ഭീഷണിയാണോ എന്ന് തീരുമാനിക്കേണ്ടത് അങ്ങാണ്.

ആശയങ്ങളെ ആളുകളിൽ കെട്ടി ആളിനെയല്ല തല്ലിക്കൊല്ലേണ്ടത്. ഹിന്ദുത്വത്തിനെതിരെ എന്നാൽ ഹിന്ദുക്കൾക്കെതിരെ എന്ന നരേഷൻ ഫാസിസ്റ്റു യുക്തിയാണ്. കല സമം വെജിറ്റേറിയൻ എന്ന ശുദ്ധി സങ്കൽപങ്ങളെ ചോദ്യം ചെയ്യുന്നത് അതിനു പിന്നിലെ ദൃഢീകരിക്കപ്പെട്ട ജാതി ബോധ്യങ്ങളെ ( പിയർ ബോർദ്രുന്റെ ഭാഷയിൽ doxa, ഗ്രാംഷിയുടെ ഭാഷയിൽ സാമാന്യബോധം) വിമർശിക്കുന്നത് ഒരു വ്യക്തിയിലേക്ക് ചുരുക്കുന്നതാണ് കണ്ടത്. 16 വർഷത്തെ കോൺട്രാക്റ്റ് ഉപേക്ഷിച്ച് അങ്ങ് പോയി മറ്റൊരാൾ അയാൾ നായരോ നായാടിയോ എത്തിയാലും ഇതേ മെനുവാണെങ്കിൽ ഇതേ ചോദ്യം ആവർത്തിച്ചു കൊണ്ടേയിരിക്കും.

നല്ല നിലയിൽ സതി അനുഷ്ഠിച്ചതിൽ നിന്ന്, തൊട്ടുകൂടായ്മയിൽ നിന്ന്, ജാതി അടിമത്തത്തിൽ നിന്ന് ഒക്കെ പൊരുതിയും ചോദിച്ചും ഒക്കെയാണ് മനുഷ്യർ ആ നിലകളെ താണ്ടിയത്. വൈവിധ്യങ്ങളുടെ ആഘോഷമാണ് ജനാധിപത്യത്തിന്റെ രുചി. വിജയൻ മാഷ് പറഞ്ഞതുപോലെ കുട്ടിയെ പുറത്താക്കിയാലും ചോദ്യം അവിടെ തുടരും എന്നു മാത്രം.

NB : മുന്നു വർഷം മുമ്പുള്ള അഭിമുഖവുമായി എത്തുന്നവരോട് കുട്ടികൾഅവർക്കാഗ്രഹമുള്ളിടത്തോളം നോൺ വെജ് ആയി തുടരും, ഞാനും.

അതേസമയം കലവറ വിവാദത്തിൽ പഴയിടത്തിനെതിരായ വിമർശനങ്ങളെ തള്ളിപ്പറഞ്ഞു മന്ത്രി വി ശിവൻകുട്ടിയും രംഗത്തുവന്നു. 'പഴയിടം ഏറ്റവും ഭംഗിയായി തന്റെ ചുമതല വഹിച്ചു.ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്.പഴയിടത്തെ ആക്ഷേപിക്കുന്നത് ശരിയല്ല.വിപ്ലവകാരികളുടെ വേഷം അണിയുന്നവരാണ് വിമർശനം അഴിച്ചു വിടുന്നത്.ഒന്നോ രണ്ടോ വ്യക്തികളുടെ വിമർശനം അവരവരുടേത് മാത്രമാണ്.പങ്കെടുത്ത കുട്ടികൾക്ക് പ്രശ്നങ്ങളില്ല.പഴയിടവുമായി ചർച്ച നടത്തേണ്ട കാര്യമില്ല'.ഇതായിരുന്നു ശിവൻകുട്ടിയുടെ വാക്കുകൾ

കലോത്സവത്തിന് അടുത്ത വർഷം മുതൽ സസ്യേതര വിഭവങ്ങൾ ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.ഇറച്ചിയും മീനും വിളമ്പാൻ കലോത്സവ മാനുവൽ പരിഷ്‌കരിക്കുമെന്നും ശിവൻ കുട്ടി വ്യക്തമാക്കിയിരുന്നു. പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും സർക്കാർ തീരുമാനിച്ചാൽ എപ്പോൾ വേണമെങ്കിലും നോൺവെജ് വിളമ്പാമെന്ന് പഴയിടം മോഹനൻ നമ്പൂതിരിയും പ്രതികരിച്ചിരുന്നു. കലോത്സവത്തിൽ നോൺ വെജ് വിളമ്പുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്നും നോൺ വെജ് വിളമ്പണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും കായിക മേളയിൽ മാംസാഹാരം വിളമ്പുന്നവർ തന്റെ സംഘത്തിൽ തന്നെ ഉണ്ടെന്നുമാണ് പഴയിടം കഴിഞ്ഞ ദിവസം പ്രതികരിച്ചത്.