- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് മണീ'സ് കഫെ 'പ്യുവർ വെജിറ്റേറിയൻ' ഹോട്ടലിൽ ഭരണഘടനയെ പിന്തള്ളാൻ പോയപ്പോൾ എടുത്ത സെൽഫി; തള്ളിന് ഒരു കുറവുമില്ലെന്ന് സോഷ്യൽ മീഡിയയിൽ അരുൺ കുമാറിന് പരിഹാസം; മസാല ദോശ കഴിക്കാമോ, ഭരണഘടനയ്ക്ക് എന്തെങ്കിലും പറ്റിയാലോ? ട്രെൻഡിങ്ങായി മസാല ദോശയും മസാല ദോശ പുരാണവും
തിരുവനന്തപുരം: 'ഓരോ തവണ മസാലദോശ കഴിക്കാൻ പ്യൂർ വെജിറ്റേറിയൻ ഹോട്ടലിലേക്ക് കയറുമ്പോഴും ഒരർത്ഥത്തിൽ ഭരണഘടന പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നു': എന്തായാലും മസാല ദോശ വീണ്ടും സൂപ്പർ താരമായി. ജങ്ക് ഫുഡ് ആണെന്നൊക്കെ ചില ദോഷൈകദൃക്കുകൾ പറഞ്ഞുകേൾപ്പിച്ചാലും, എന്തോ മസാല ദോശയോട് പലർക്കും പെരുത്തിഷ്ടമാണിപ്പോൾ. കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപകനും, 24 ന്യൂസ് മുൻ അവതാരകനുമായ കെ.അരുൺ കുമാറിന്റെ പോസ്റ്റ് പഴയിടം പോസ്റ്റ് തന്നെ കാരണം. ഭക്ഷണത്തിലും അയിത്തം കൽപിച്ചുകൊണ്ടാണ് നാം ജീവിക്കുന്നത് എന്നതാണ് അരുൺ കുമാറിന്റെ പോയിന്റ്. നേരത്തെ സ്‌കൂൾ കലോത്സവത്തിനിടെ, പഴയിടം മോഹൻ നമ്പൂതിരിയുമായി ബന്ധപ്പെട്ട പോസ്റ്റിലും ബ്രാഹ്‌മണിക്കൽ ഹെഗമണിയെ കുറിച്ചാണ് അരുൺ എഴുതിയത്. ജാതി പ്രവർത്തിക്കുന്നത് ശുദ്ധി - അശുദ്ധി ബോധ്യങ്ങളിലൂടെയാണ്. ചിലപ്പോഴൊക്കെ അത് വേഷം മാറി സുരക്ഷിതവെജിറ്റേറിയൻ ഭക്ഷണം എന്ന രൂപത്തിൽ എത്താറുണ്ട് എന്നാണ് അന്ന് അദ്ദേഹം കുറിച്ചത്. അതിന്റെ എക്‌സ്റ്റൻഷനാണ് കൊല്ലം ശാസ്താംകോട്ടയിൽ നടന്ന വിദ്യാഭ്യാസ സെമിനാറിലെ പോസ്റ്റിന് സമാനമായ പുതിയ പരാമർശം. ഏതായാലും, അരുണിന്റെ വാക്കും പ്രവൃത്തിയും തമ്മിൽ വലിയ അന്തരമുണ്ട് എന്നാണ് സോഷ്യൽ മീഡിയയിലെ വിമർശനം. കേരള ഗ്രാമീൺ ബാങ്കിലെ ഉദ്യോഗസ്ഥനായ ഗിരീഷ് അമ്പാടി ഇട്ട പോസ്റ്റ് ഹിറ്റായി.
2 മാസം മുമ്പ് , പാലക്കാട് മണീ'സ് കഫെ 'പ്യുവർ വെജിറ്റേറിയൻ' ഹോട്ടലിൽ ഭരണഘടനയെ പിന്തള്ളാൻ പോയപ്പോൾ എടുത്ത സെൽഫിയാണ് ഗിരീഷ് അമ്പാടി ഇട്ടിരിക്കുന്നത്. ഗിരീഷിനും മറ്റുരണ്ടുപേർക്കും ഒപ്പം ചിരിച്ചുകൊണ്ടു പോസ് ചെയ്തിരിക്കുന്ന അരുണിനെ സെൽഫിയിൽ കാണാം.
'കുടുംബത്തിൽ ഭാര്യ വെജിറ്റേറിയൻ ആണെന്ന് പറയുന്നു. Pure Vegetarian Restaurant-ൽ കയറി ഭക്ഷണം കഴിക്കുന്നു. എന്നിട്ടും തള്ളിന് ഒരു കുറവുമില്ല', എന്നാണ് പോസ്റ്റിന് വന്ന ഒരു കമന്റ്.
പാവം മസാലദോശ...... ചട്ണിയും സാമ്പാറും പോരെങ്കിൽ ആവശ്യത്തിനു ഘടനാപരമായ ഭരണം ചേർത്തും കഴിക്കാം...... ഹെജിമനി 'അധികം ചേർക്കറ് ്അദ് എല്ലാ4ക്കും പള്ളക്ക് പിടിക്കൂല്ല- മറ്റൊരു കമന്റ് ഇങ്ങനെ.
അരുൺ കുമാറിന്റെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ:
'നമ്പൂതിരിയുടെ സദ്യവേണം, ആദിവാസിയുടെ സദ്യവേണ്ട, പോറ്റി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കണം, പ്യൂർ വെജ് തന്നെ തിരഞ്ഞെടുക്കണം, ഭക്ഷണത്തിലും അയിത്തം കൽപിച്ചുകൊണ്ടാണ് നാം ജീവിക്കുന്നത് എന്നതാണ് ഏറെ രസകരമായ കാര്യം. മാട്രിമോണിയൽ സൈറ്റിൽ മാത്രമല്ല, നല്ല പ്യൂർ വെജിറ്റേറിയൻ ഹോട്ടലിലും നല്ല ഒന്നാന്തരം ജാതീയതയും വംശീയതയും പറയുന്ന ബോധ്യം നമുക്ക് രൂപപ്പെട്ടത്, നമ്മളിൽ നിലനിൽക്കുന്ന ഫ്യൂഡൽ ജന്മി സ്വഭാവത്തിന്റെ ഭരണഘടനാ വിരുദ്ധമായ മാനസിക നിലയുള്ളതുകൊണ്ടാണ്. അവിടെയാണ് ഭരണഘടനയെ നാം തോൽപ്പിക്കുന്നത്. ഓരോ തവണ മസാലദോശ കഴിക്കാൻ പ്യൂർ വെജിറ്റേറിയൻ ഹോട്ടലിലേക്ക് കയറുമ്പോഴും ഒരർത്ഥത്തിൽ ഭരണഘടന പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നു''.
കുത്തിത്തിരിപ്പെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം
അഡ്വ.എ.ജയശങ്കറിന്റെ കുറിപ്പ്:
പോറ്റി ഹോട്ടലിൽ നിന്ന് ഒരു മസാല ദോശ തിന്നുമ്പോൾ ഭരണഘടനാ മൂല്യങ്ങൾ ഒരടി പുറകോട്ടു പോകുന്നു; ഫിൽറ്റർ കോഫി ഫാസിസത്തെ ഉൽപ്പാദിപ്പിക്കുന്നു.
മിലിട്ടറി ഹോട്ടലിൽ നിന്ന് ബീഫ് ബിരിയാണി തിന്നുമ്പോൾ ഭരണഘടന ഉയിർത്തെഴുന്നേൽക്കുന്നു. ബിവറേജസ് ഔട്‌ലെറ്റിൽ ക്യൂ നിന്നു കുപ്പി വാങ്ങുമ്പോൾ മതേതര- ജനാധിപത്യ- നവോത്ഥാന മൂല്യങ്ങൾ പൂത്തു തളിർക്കുന്നു.
കാര്യവട്ടത്തെ കേരള സർവകലാശാല ക്യാമ്പസിൽ നിന്ന് അധികം ദൂരെയല്ല പേരൂർക്കട മാനസിക രോഗാശുപത്രി
അഡ്വ.എ.ജയശങ്കറിന് പിന്നാലെ നിരവധി പേരാണ് അരുണിന്റെ പരാമർശത്തെ പരിഹസിച്ചും വിമർശിച്ചും കുറിപ്പുകൾ ഇടുന്നത്.
രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് ഇങ്ങനെ:
നമ്മൾ കാണുന്നത് ഒരു മസാലദോശ, രണ്ട് ഇഡ്ഡലി, ആവശ്യത്തിന് സാമ്പാർ, ചമ്മന്തി, ഉഴുന്നുപൊടി, മുളക്. വിളമ്പിയിരിക്കുന്നത് വാഴയിലയിൽ.
കുത്തിത്തിരിപ്പൻ കാണുന്നത് പിന്തള്ളപ്പെടുന്ന ഭരണഘടന ഒന്ന്, വെള്ളപൂശപ്പെട്ട ഫാഷിസം രണ്ടു കഷണം, പടർന്നു പന്തലിച്ച ബ്രാഹ്‌മണ്യ മേധാവിത്തം, സവർണ വർഗീയ ബോധം, തികട്ടിവരുന്ന മാടമ്പിത്തരം, ഉഗ്രമായ ജാതിവിവേചനം. വിളമ്പിയിരിക്കുന്നത് നവോത്ഥാനത്തിന്റെ മുകളിൽ.
കൃഷ്ണദാസ് പാതിയിൽ എഴുതുന്നു
Pure veg ഹോട്ടലിലെ മസാലദോശ കഴിച്ചാലും പണ്ട് ജാതിഭ്രഷ്ട് ഉണ്ടായിരുന്നു.
'തീണ്ടിത്തിന്നുക' എന്നാണ് അതിനു പറയുക.പിന്നെ ഈ മസാല ദോശ തനി ദ്രാവിഡനാണ്.
അതുകൊണ്ടുതന്നെ മസാല ദോശക്ക് ആര്യാവർത്തത്തിൽ സ്ഥാനം ഉണ്ടാകുമോ ആവോ?
എന്തായാലും അന്ന് പോറ്റി ഹോട്ടലുകൾ ഉണ്ടാവില്ല.
കാരണം രാജാവ് തീറ്റിപ്പോറ്റി വളർത്തുന്നവരാണല്ലോ പോറ്റിമാർ.
ദക്ഷിണ വാങ്ങുക അല്ലാതെ പണിയെടുത്ത് ജീവിക്കുന്നത് ബ്രാഹ്‌മണർക്ക് നിഷിദ്ധ കർമ്മമാണ്.മസാല ദോശ വേണ്ടവർ മസാലദോശയും കുഴിമന്തി വേണ്ടവർ കുഴിമന്തിയും കഴിക്കട്ടെ.
അപരന്റെ അടുക്കളയിൽ വേവുന്നതെന്ത് എന്ന് അന്വേഷിക്കുന്നതാണ് ഫാസിസം.
അപരന് അടുക്കളയിൽ വേവിക്കാൻ എന്തെങ്കിലുമുണ്ടോ എന്ന് അന്വേഷിക്കുന്നതാണ് സോഷ്യലിസം. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ഉള്ള സ്വാതന്ത്ര്യം ഉറപ്പു നൽകുന്ന ഒന്നാണ് ഇന്ത്യൻ ഭരണഘടന.
നിങ്ങൾക്ക് ഹോട്ടലിലെ മസാലദോശ ഇഷ്ടം ആണെങ്കിൽ ആണെങ്കിൽ മാത്രം ഓരോ തവണ പ്യുവർവെജ് ഹോട്ടലിൽ കയറി മസാല ദോശ കഴിക്കുമ്പോഴും നിങ്ങൾ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുകയാണ്. അതുപോലെ കുഴിമന്തി കഴിക്കേണ്ടവനും അത് കിട്ടുമ്പോ തന്നെ ആണ് ഏറ്റവും വലിയ ഭരണഘടനാ മൂല്യം ആയ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നത്.
മിഥുൻ സുരേന്ദ്രന്റെ കുറിപ്പ്
ചെറുപ്പത്തിലേ മാംസാഹാരം കഴിച്ച് ശീലിക്കാത്ത ആളുകൾക്ക് pure vegetarian എന്ന ബോർഡ് കണ്ടാൽ ഒരാശ്വാസവും സന്തോഷവും തോന്നും. ചില veg സുഹൃത്ത്ക്കൾ veg ഹോട്ടലിൽ ഉപയോഗിക്കുന്ന എണ്ണയെപ്പറ്റി ആശങ്കപ്പെടുന്നത് കണ്ടിട്ടുണ്ട്.
(ഞാൻ നോൺ വെജിറ്റേറിയൻ ആണെങ്കിലും നാഗാലാൻഡിൽ പോയി പട്ടിയിറച്ചിയും പാമ്പിറച്ചിയും വിളമ്പുന്ന ഹോട്ടലിൽ കയറി അത് കഴിക്കുന്നതിനിടയിലിരുന്ന് ചിക്കൻ ബിരിയാണി കഴിക്കാൻ പറഞ്ഞാൽ പ്രയാസം ഉണ്ടാവും. ഇതെല്ലാം ആഹാരശീലങ്ങളാണ്. ചെറുപ്പത്തിലേ ശീലിച്ചത് മാറ്റാൻ കഴിയില്ല. പട്ടിയിറച്ചി കഴിക്കാൻ പറഞ്ഞാൽ കഴിയില്ല. അതുപോലെ Vegetarians തന്നെ പല തരമുണ്ട്. ചിലർ പാല് പോലും ഉപയോഗിക്കാത്തവർ ഉണ്ട് , പാലിൽ നിന്നുള്ള ടോഫു കഴിക്കാത്തവരുണ്ട് ( pure vegans)
അത്തരക്കാർക്ക് pure vegetarian hotel ഒരു സ്വർഗ്ഗമാണ്. ആ ഒരു സാധ്യത മാർക്കറ്റ് ചെയ്യുന്നതാണ് pure vegetarian restaurant എന്ന ബോർഡ്. അതിൽ കൂടുതൽ ഒന്നുമില്ല.
അവിടെ പോയി ഒരു മസാല ദോശ കഴിച്ചാൽ ഞാൻ ഇന്ത്യൻ കോൺസ്റ്റിറ്റിയൂഷനെ വഞ്ചിക്കുന്നു എന്നൊക്കെ തോന്നുന്നു എന്നൊക്കെ പറയുന്നത് , ഒന്നാമത് fake ആണ് . രണ്ട് അയാളുടെ ' വീട്ടിൽ pure vegetarian ആണ് ' എന്ന മുന്നെയുള്ള ' അഭിമാന'ഇന്റർവ്യൂ കണ്ടതിൽ നിന്ന് ഈ അഭിപ്രായം ഒരു ആത്മാർത്ഥതയുമില്ലാത്തതാണ് , കുറെപ്പേരെ വിഢികളാക്കാൻ ഉപയോഗിക്കുന്നു എന്നാണ് തോന്നുന്നത് .
Pure vegetarian restaurant നടത്തുന്നവർ ഒരു വിഭാഗത്തിനെ ലക്ഷ്യമിട്ടാണ് അത് ചെയ്യുന്നത് , അവർ അവിടെ പോയി കഴിക്കട്ടെ . അതിൽ ഇടപെടണ്ട കാര്യമില്ല.
ചെറുപ്പത്തിലേ ശീലിച്ച ആഹാരശീലങ്ങൾ ചിലർക്ക് മാറ്റാൻ കഴിയില്ല.
പിന്നെ vegetarianism ഒരു elite സംഗതിയാണ് it's something noble and virtuous ആണ് എന്ന രാഷ്ട്രീയ അഭിപ്രായത്തെ എതിർക്കേണ്ടതുണ്ട്. അതിന് pure vegetarian restaurant ൽ പോയി ദോശ കഴിച്ചിട്ട് കുറ്റബോധം ഉണ്ടായി എന്ന് പറയുകയോ സാമ്പാറിലൂടെ ഇന്ത്യൻ കോൺസ്റ്റിറ്റിയൂഷൻ ഒലിച്ച് പോയി എന്ന് പറയുകയോ pure vegetarian എന്ന ബോർഡുള്ള ഹോട്ടലുകളെല്ലാം അടച്ചു തകർക്കുകയോ അല്ല വേണ്ടത്. Pure vegetarian എന്നതും pure vegan എന്നതുമൊക്കെ ബ്രാഹ്‌മണിക്കൽ ഹെജിമണിയല്ല, (ജന്തുജന്യമായ എണ്ണ പോലും ഉപയോഗിക്കാത്ത എന്നൊക്കെയാണ് അർത്ഥം ) വിദേശത്തും ഒക്കെ സായിപ്പന്മാർ ഇതൊക്കെ കൊണ്ട് നടക്കുന്നുണ്ട്. അത് ആഹാരശീലം എന്ന മട്ടിൽ അംഗീകരിക്കുകയും അത് രാഷ്ട്രീയ രൂപം എന്ന നിലയിൽ എതിർക്കുകയുമാണ് വേണ്ടത്. ഇത്തരം വിഷയങ്ങളിൽ നിലപാട് എടുക്കുമ്പോൾ അല്പം സാമാന്യ ബോധം കൂടി ഉപയോഗിക്കുന്നത് നല്ലതാണ്.
ശ്രീധർ രാധാകൃഷ്ണന്റെ കുറിപ്പ്
ഇന്ന് വൈകുന്നേരം എന്തായാലും അര്യ നിവാസിൽ പോയി ഭരണഘടനയെ ഒന്ന് പിന്തള്ളിക്കളയാം.Statutory Warning.
#മസാലദോശ is a powerful enemy of the republic.
അനുപമ മോഹന്റെ പോസ്റ്റ്
പ്യുവർ വെജിറ്റേറിയൻ ഹോട്ടലിൽ നിന്ന് മസാലദോശ കഴിക്കുമ്പോൾ ഒരു സ്റ്റെപ്പ് പിന്തള്ളപ്പെട്ടുപോകുന്ന ഭരണഘടന, ഇന്ത്യൻ കോഫി ഹൗസിൽ നിന്ന് ചുവന്ന മസാലദോശ കഴിക്കുമ്പോൾ രണ്ട് സ്റ്റെപ്പ് മുന്നോട്ട് വരുന്നുണ്ട്.അതാണ് ചുവപ്പിന്റെ ശക്തി
അമ്പിളി എംസിയുടെ കുറിപ്പ്
അന്നും ഇന്നും എന്നും ഇഷ്ടം മസാല ദോശ യാണ്. ഇപ്പോൾ ഇതു കഴിക്കാൻ പേടിയാവുന്നു. കാരണം ഭരണഘടനക്ക് എന്തെങ്കിലും പറ്റിയാലോ
സിദ്ധു സിദ്ധാർഥ് എഴുതുന്നു മസാല ദോശാ പുരാണം
മസാല ദോശ പോലെ വളരെ പെട്ടെന്ന് ജനകീയമായ ഒരു സൗത്ത് ഇന്ത്യൻ ഭക്ഷണമുണ്ടോ എന്ന് സംശയമാണ്.കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർക്ക്വരെ ഒരു പോലെ ഇഷ്ടമുള്ള മസാല ദോശ ഒരു തമിഴ് വിഭവമാണെന്ന് തെറ്റിദ്ധരിച്ചവരാണ് നമ്മളിൽ മിക്കവരും. യഥാർത്ഥത്തിൽ ഇതൊരു 'തുളു' വിഭമാണ്. കേരളത്തിന്റെ വടക്കൻ ജില്ലയായ കാസറഗോഡിലെ പ്രധാന നദിയായ ചന്ദ്രഗിരിക്ക്വടക്ക് ഭാഗം മുതൽ കർണ്ണാടകയിലെ ഉഡുപ്പി വരെ വ്യാപിച്ച് കിടക്കുന്ന പഴയ 'തുളുനാട്' പ്രദേശമാണ് ഈ വലിയ ദോശയുടെ ഉത്ഭവം.
വലിയ ദോശകൾ ഈ പ്രദേശങ്ങളിൽ ആദ്യക്കാലത്ത് തന്നെ പ്രചാരത്തിലുണ്ടായിരുന്നുവെങ്കിലും ഇന്ന്കൂടുതൽ ജനപ്രീതിയാർജ്ജിച്ച മസാല ദോശയ്ക്ക് അത്ര പുരാതന ചരിത്രമൊന്നുമില്ല. ഉഡുപ്പി റെസ്റ്റോറന്റുകളിലെ സസ്യാഹാരം കഴിച്ചിട്ടുള്ളവർക്ക് തുളുവരുടെ ഭക്ഷണ മികവ് അറിയാവുന്നതാണ്. ഇന്ന് ഉഡുപ്പി ഭക്ഷണശാലകളിലാണ് മികച്ച മസാലാദോശ കിട്ടുന്നത് എങ്കിലും മസ്സലദോശയുടെ ഉത്ഭവം മംഗലാപുരം വുഡ്ലാന്റ് ഹോട്ടലിൽ വച്ചാണ് എന്ന് പറയപ്പെടുന്നു. 1960 ൽ കൃഷ്ണ ഭട്ട് എന്നഒരു വ്യക്തിയാണ് മസാല ദോശ ആദ്യമായി ഈ ഹോട്ടലിൽ പരീക്ഷിച്ചത് എന്ന് കാണാം. കർണ്ണാടകയിലെ മംഗലാപുരത്തെ മുഡുബിദ്രി (Mudubidri) ക്ക് അടുത്തുള്ള കടൻടാല (Kadandale) എന്ന പ്രദേശമാണ് കൃഷ്ണ ഭട്ട് ന്റെ സ്വദേശം.
ചുരുട്ടിയോ ത്രികോണാകൃതിയിൽമടക്കിയോ വെച്ച വലിയ ദോശയ്ക്ക് അകത്ത് ഉരുളകിഴങ്ങ് മസാല വെച്ച് കൂടെ തേങ്ങച്ചമ്മന്തിയും സാമ്പാറുമായി ചൂടോടെ ടേബിളിൽ എത്തുന്ന മസാല ദോശയുടെ കീർത്തി തുളുനാട് വിട്ട് കർണ്ണാടക മുഴുവനും കേരളവും തമിഴ്‌നാടും കടന്നത് പെട്ടെന്നായിരുന്നു.ഇന്ന് തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ മിക്ക ഇന്ത്യൻ നഗരങ്ങളിലെ മികച്ച സസ്യാഹാരി ഭോജനശാലകളിൽ കിട്ടുന്ന മസാല ദോശയ്ക്ക് ആരാധകർ ഏറെയാണ്.ന്യൂയോർക്കിലെ ഹഫിങ്ടൺ പോസ്റ്റ് ദിനപ്പത്രം പുറത്തിറക്കിയ സർവേ പഠന റിപ്പോർട്ട് പ്രകാരം ലോകത്ത് മനുഷ്യൻ മരിക്കും മുൻപ് നിർബന്ധമായും കഴിച്ചിരിക്കേണ്ട 10 ഭക്ഷണവിഭവങ്ങളുടെ പട്ടികയിലും നമ്മുടെ മസാലദോശ സ്ഥാനം പിടിച്ചതിൽ നമുക്കും അഭിമാനിക്കാം.
മറുനാടന് മലയാളി ബ്യൂറോ