ആലപ്പുഴ: ഇല്ലാത്ത കേസിൽ തന്നെ കുടുക്കിയപ്പോൾ തന്റെ നിരപരാധിത്വം തെളിയിക്കാൻ കോടതിയിൽ ഒറ്റയ്ക്ക് വാദിച്ച് വിജയം കണ്ടാണ് വെള്ളിത്തിരയിലെ കൊഴുമ്മൽ രാജിവൻ വിജയം കൊയ്തത്.എന്നാൽ ഇത്തരമൊരു സംഭവം യഥാർത്ഥ ജീവിതത്തിൽ നടക്കുമോ എന്ന ചോദ്യവും അന്ന് ചിലർ ഉന്നയിച്ചിരുന്നു.അത്തരക്കാർക്കുള്ള മറുപടിയാണ് കുമാരപുരം കന്നേപറമ്പിൽ വീട്ടിൽ എസ്.അരുണിന്റെ ജീവിതം.അകാരമണായി തന്നെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ നടപടിയെ ചോദ്യം ചെയ്ത് കോടതിയിൽ സ്വമേധയ കേസ് വാദിച്ച് ഒടുവിൽ വിജയം കണ്ടിരിക്കുകകയാണ് അരുൺ.

ആറു വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ അരുണിനെ കസ്റ്റഡിയിൽ മർദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശിച്ച നഷ്ടപരിഹാരം പൊലീസ് നൽകണമെന്ന ഹൈക്കോടതി വിധി വരുന്നത്.35,000 രൂപയാണു നഷ്ടപരിഹാരം നൽകാൻ വിധിച്ചത്.ഒപ്പം മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിൽ പറയുന്ന ഇന്ത്യൻ ശിക്ഷാനിയമം, പൊലീസ് നിയമം എന്നിവ പ്രകാരം കേസെടുക്കാനും അച്ചടക്ക നടപടികൾ സ്വീകരിക്കാനും ഹൈക്കോടതി വിധി വന്നു.

2017ലാണ് അരുണിന്റെ ജീവിതത്തെ തന്നെ മാറ്റി മറിച്ച സംഭവം ഉണ്ടാകുന്നത്.ആ വർഷം ഒക്ടോബറിലെ ഒരു ഹർത്താൽ ദിനം..കെഎസ്ആർടിസി ബസിനു നേരെ കല്ലെറിഞ്ഞെന്ന് ആരോപിച്ചാണ് ഹരിപ്പാട് സർക്കിൾ ഇൻസ്‌പെക്ടറും സംഘവും എസ്.അരുണിനെ കസ്റ്റഡിയിൽ മർദിച്ചത്.ക്രുരമായ മർദ്ദനത്തിന്റെ ബാക്കിപത്രമെന്നോണം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലടക്കം നിരവധി ആശുപത്രികളിലാണ് അദ്ദേഹത്തിന് ചികിത്സ തേടേണ്ടി വന്നത്.കസ്റ്റഡി മർദനത്തിനു ശേഷം നട്ടെല്ലിനു വളവുണ്ട്. ഇപ്പോഴും ചികിത്സ നടക്കുകയാണ്.

ഇതോടെയാണ് തന്റെ നീതിക്കായി നിയമപോരാട്ടത്തിന് ഇറങ്ങാൻ അരുൺ തീരുമാനിക്കുന്നത്. ഭാര്യ വഴിയാണു മനുഷ്യാവകാശ കമ്മിഷനു പരാതി നൽകിയത്.താൻ അനുഭവിച്ച വേദനകളും തനിക്ക് നഷ്ടപ്പെട്ട നീതിയും നേടിയെടുക്കണമെങ്കിൽ താൻ തന്നെ വാദിക്കണമെന് ചിന്ത അങ്ങിനെയാണ് രാജീവനിൽ ഉടലെടുക്കുന്നത്.ശേഷം വക്കീലില്ലാതെയായിരുന്നു വാദിച്ചത്. അനുകൂല വിധി വന്നെങ്കിലും നടപ്പാക്കിയില്ല.പക്ഷെ അവിടം കൊണ്ടും പിന്മാറാൻ അരുൺ തയ്യാറായില്ല.2019 ൽ ഹൈക്കോടതിയിൽ ഹർജ്ജി സമർപ്പിച്ചു.ആറുവർഷത്തെ പോരാട്ടത്തിനൊടുവിൽ തനിക്ക് ലഭിക്കേണ്ടുന്ന നീതി നേടിയെടുത്തിരിക്കുകയാണ് ഈ യുവാവ്.

പോരാട്ടം എളുപ്പമായിരുന്നുല്ലെന്നും അരുൺ സാക്ഷ്യപ്പെടുത്തുന്നു.'ആറു വർഷത്തിനിടെ പലരും ഒത്തുതീർപ്പിനു വന്നു.ചിലപ്പോൾ ഭീഷണികളും.കോളജ് പഠനകാലത്ത് കെഎസ് യു പ്രവർത്തകനായിരുന്ന അരുൺ 2013ലാണ് കുമാരപുരം സഹകരണ ബാങ്കിൽ ക്ലാർക്കായി ജോലിക്കു കയറുന്നത്.അതോടെ സജീവ രാഷ്ട്രീയ പ്രവർത്തനവും അവസാനിപ്പിച്ചു.തന്നെ മർദിച്ച സിഐ എന്റെ കോളജ് കാലത്ത് ഹരിപ്പാട് എസ്‌ഐ ആയിരുന്നു.അന്ന് അദ്ദേഹത്തിനെതിരെ പോസ്റ്റർ എഴുതിയിരുന്നു.മുൻവൈരാഗ്യത്തിന്റെ പേരിലാണ് ഇത്രയും വർഷങ്ങൾ കഴിഞ്ഞും അനാവശ്യമായി ഉപദ്രവിച്ചത്.

അറസ്റ്റ് ചെയ്യാൻ വരുമ്പോൾ പൊലീസുകാർ സിവിൽ ഡ്രസിലായിരുന്നു. സ്റ്റേഷനിലെത്തിയപ്പോഴാണ് കേസ് എന്താണെന്നു പോലും അറിഞ്ഞതെന്നും അരുൺ പറഞ്ഞു.നീണ്ട പോരാട്ടത്തിനൊടുവിൽ വിജയം നേടിയെടുത്തതിന്റെ ആത്മവിശ്വാസം ഇന്ന് അരുണിന്റെ മുഖത്തുണ്ട്.'നീതി കിട്ടാൻ സാധാരണക്കാരനും ഏതറ്റം വരെയും പോകും. അധികാരത്തിലിരിക്കുന്നവർ അതു മനസ്സിലാക്കണം. അതിനു വേണ്ടി കൂടിയായിരുന്നു എന്റെ പോരാട്ടമെന്നും അരുൺ പറഞ്ഞു നിർത്തുന്നു