- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോവിന്ദന്റെ ശാസനയ്ക്കൊപ്പം ആനാവൂരിന്റെ ബന്ധുവിന്റെ മയക്കു മരുന്ന് കേസും തിരിച്ചടിച്ചു; മന്ത്രി ശിവൻകുട്ടിയുടെ തൊഴിലാളി വാദം സിപിഎം അംഗീകരിച്ചു; തിരുവോണ സദ്യ കുപ്പയിൽ എറിഞ്ഞുള്ള പ്രതിഷേധത്തിൽ തെറ്റു പറ്റിയത് മേയർക്ക് തന്നെ; തൊഴിലാളികളെ തിരിച്ചെടുത്ത് നീതി ഉറപ്പാക്കി എകെജി സെന്റർ; ആര്യാ രാജേന്ദ്രൻ തെറ്റു തിരുത്തുമ്പോൾ
തിരുവനന്തപുരം: സിപിഎം സെക്രട്ടറിയായ എംവി ഗോവിന്ദന്റെ ഇടപെടൽ തെറ്റു തിരുത്തിക്കലായി. തിരുവോണ സദ്യ കുപ്പയിൽ എറിഞ്ഞ് പ്രതിഷേധിച്ച പാവം ശുചീകരണ തൊഴിലാളികളെ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ പിരിച്ചു വിട്ടിരുന്നു. ശുചീകരണ തൊഴിലാളികളുടേത് ശരിയായ നടപടിയല്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും നിലപാട് എടുത്തു. ഇതിന് വിരുദ്ധമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ അഭിപ്രായ പ്രകടനം. ഭക്ഷണമുപേക്ഷിച്ചും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. പട്ടിണി സമരങ്ങൾ നടത്തിയ സിപിഎമ്മിന്റെ മേയർക്ക് യോജിച്ചതല്ലെ തീരുമാനമെന്നും സിപിഎം നിലപാട് എടുത്തു. അങ്ങനെ പിരിച്ചു വിട്ടവരെ തിരിച്ചെടുക്കാൻ മേയർ തീരുമാനിച്ചു.
ഓണസദ്യ മാലിന്യത്തിലെറിഞ്ഞ സംഭവത്തിൽ നടപടിയെടുത്ത ശുചീകരണ തൊഴിലാളികളെ തിരിച്ചെടുക്കാൻ ധാരണ. ഇവർക്കെതിരെയുള്ള നടപടി പിൻവലിക്കും. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സിപിഎം, സിഐടിയു ജില്ലാ നേതൃത്വവും തമ്മിലുള്ള ചർച്ചയിലാണ് ധാരണ. തിരുവനന്തപുരം നഗരസഭയിൽ ഭക്ഷണം മാലിന്യത്തിലെറിഞ്ഞ് പ്രതിഷേധിച്ച സംഭവമുണ്ടായത്. ഓണാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നാണ് തൊഴിലാളികൾ ഓണസദ്യ മാലിന്യത്തിൽ ഉപേക്ഷിച്ചത്. ഏഴ് സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും നാല് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. ഇവർക്കെതിരെയുള്ള നടപടിക്ക് പിന്നാലെ രൂക്ഷ വിമർശനമുയർന്നു.
പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുന്നത് സിപിഎം നയമല്ലെന്ന് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചു. തൊഴിലാളികളെ പിരിച്ചുവിട്ട നടപടിക്കെതിരെ സിഐടിയുവും രംഗത്തെത്തിയിരുന്നു. മന്ത്രി ശിവൻകുട്ടിയും തൊഴിലാളികൾക്കൊപ്പം നിലയുറപ്പിച്ചു. ഈ വിഷയത്തിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെ കണ്ണടച്ച് പിന്തുണയ്ക്കുകയാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ചെയ്തത്. പ്രതിഷേധത്തിന്റെ ഭാഗമായി ഭക്ഷണം മാലിന്യങ്ങൾക്കൊപ്പം തള്ളിയതിനെ അംഗീകരിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ ആനാവൂർ പറയുന്നു. ഇതോടെ സിപിഎമ്മിന്റെ തിരുവനന്തപുരത്തെ ജില്ലാ നേതൃത്വം പിന്തുണയ്ക്കുന്നത് മേയറെ ആണെന്ന് വ്യക്തമായി. സാമൂഹിക പ്രവർത്തകയായ ധന്യാ രാമന്റെ പോസ്റ്റും ചർച്ചയായി. ആ പോസ്റ്റിലെ വരികൾക്കിടയിലെ വസ്തുതയാണ് ഈ ചർച്ചയ്ക്ക് കാരണം. എന്തുകൊണ്ടാണ് മേയറെ ആനാവൂർ പിന്തുണച്ചത് എന്നതിന് കൂടി ഉത്തരമായി ധന്യ രാമന്റെ പോസ്റ്റ് മാറി.
പിരിച്ചു വിട്ടവരെയൊക്കെ മേയർ സൗകര്യം നോക്കി തിരിച്ചെടുക്കയോ ഇല്ലാതാവുകയോ ചെയ്യുമായിരിക്കും. അവനവന്റെ വീട്ടിലെ പെണ്ണുങ്ങൾ നാട്ടുകാരുടെ റോഡും കക്കൂസും ക്ലീൻ ചെയ്യാൻ പോകാത്തിടത്തോളം ഇതൊക്കെ മനസിലാക്കൻ നല്ലോണം പാടാണ്. ഇനി ഒറ്റ ചോദ്യം... കുറച്ചു നാൾ മുൻപ് എസ് എഫ് ആഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവും തിരുവനന്തപുരം കോർപറേഷനിലെ ജീവനക്കാരനും ആയ വ്യക്തിയെ എംഡിഎംഎയുമായി രാത്രി രണ്ടു മണിക്ക് പൊലീസ് പിടിച്ചു.
കോളേജ് കുട്ടികൾക്ക് പോലും ഇത് സപ്ലൈ ചെയ്യുന്ന ആളും കൂടിയാണ്. കേസ് എടുത്തു അറസ്റ്റിലും ജയിലിലും ആയി. വാർത്ത ആയി ? മേയർ എന്ത് നടപടി സ്വീകരിച്ചു ഈ വ്യക്തിക്ക് എതിരെ???-ഇതായിരുന്നു ധന്യയുടെ ചോദ്യം. ആനാവൂരിന്റെ ബന്ധുവിനെ കുറിച്ചായിരുന്നു ചോദ്യം. ധന്യാ രാമൻ ഇത് ചർച്ചയാക്കിയതോടെ ആനാവൂരിന്റെ പ്രതിരോധം വെറുതയായി.
ഇതിനൊപ്പം തൊഴിലാളികൾക്ക് വേണ്ടി മന്ത്രി ശിവൻകുട്ടിയും നിലപാട് കടുപ്പിച്ചു. ഇതിന്റെ ഫലമായി മേയറെ സിപിഎം തിരുത്തുകയും ശാസിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പിരിച്ചു വിട്ടവരെ തിരിച്ചെടുത്തത്.
മറുനാടന് മലയാളി ബ്യൂറോ