- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലസംഘത്തിലെ പരിചയം പ്രണയമായി; എംഎൽഎയ്ക്കും മേയർക്കും രക്തഹാരം എടുത്തു നൽകി നേതാക്കൾ; പിണറായിയുടെ സാന്നിധ്യത്തിൽ എകെജി ഹാളിൽ വിവാഹം; പാർട്ടി സ്റ്റൈലിൽ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവും ജീവിതത്തിൽ ഒരുമിച്ചു; നിയസഭയിലെ പ്രായംകുറഞ്ഞ എംഎൽഎ ജീവിതത്തിലേക്ക്
തിരുവനന്തപുരം: ബാലുശേരി എംഎൽഎ കെ.എം സച്ചിൻദേവും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും വിവാഹിതരായി. എ.കെ.ജി സെന്ററിലെ ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ള പ്രമുഖർ പങ്കെടുത്തു. മതപരമായ ചടങ്ങുകളൊന്നും ഇല്ലാതെ ലളിതമായിരുന്നു ചടങ്ങുകൾ. കുടുംബത്തോടൊപ്പമാണ് മുഖ്യമന്ത്രി ചടങ്ങിനെത്തിയത്.
ലളിതമായ ചടങ്ങായാണ് വിവാഹമെന്ന് ഇരുവരുടെയും വിവാഹ ക്ഷണക്കത്തിൽ സൂചിപ്പിച്ചിരുന്നു. വിവാഹത്തിന് സമ്മാനങ്ങളൊന്നും സ്വീകരിക്കുന്നില്ലെന്നും സ്നേഹോപഹാരങ്ങൾ നൽകണം എന്നുള്ളവർ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലോ വൃദ്ധസദനങ്ങളിലോ അഗതി മന്ദിരത്തിലോ നൽകണമെന്നും വധൂവരന്മാർ നിർദേശിച്ചിരുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പേരിലാണ് കത്ത് പുറത്തിറക്കിയത്.
നേതാക്കൾ കൈമാറിയ മാല പരസ്പരം ചാർത്തി കൈകൊടുത്താണ് ഇരുവരും വിവാഹിതരായത്. അടിമുടി പാർട്ടി സ്‌റ്റൈലിലായിരുന്നു വിവാഹ ക്ഷണക്കത്ത്. ആർഭാടങ്ങൾ ഒഴിവാക്കി ലളിതമായ ചടങ്ങിലായിരിക്കും വിവാഹം നടക്കുകയെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ പേരിൽ പുറത്തിറക്കിയ കത്തിൽ വ്യക്തമാക്കിയിരുന്നു. ലളിതമായി തയ്യാറാക്കിയ കത്തിൽ രക്ഷകർത്താക്കളുടെയും വീടിന്റെയും വിവരത്തിന് പകരം സച്ചിന്റെയും ആര്യയുടെയും പാർട്ടിയിലെ ഭാരവാഹിത്വം പറഞ്ഞാണ് പരിചയപ്പെടുത്തിയത്.
സിപിഎമ്മിന്റെ യുവനേതാക്കളായ ആര്യയുടെയും സച്ചിന്റെയും വിവാഹ വാർത്തകളിൽ നേരത്തെ ഇടം പിടിച്ചിരുന്നു. ബാലസംഘം- എസ്എഫ്‌ഐ പ്രവർത്തന കാലയളവിലാണ് ഇരുവരും അടുക്കുന്നത്. വിവാഹിതരാകണമെന്ന ആഗ്രഹം അറിയിച്ചപ്പോൾ പാർട്ടിയും കുടുംബങ്ങളും കൂടെ നിന്നു. പിന്നീട് ഇരുവരുടെയും വീട്ടുകാരും പാർട്ടി നേതാക്കളും വിവാഹം നിശ്ചയിക്കുകയായിരുന്നു. സിപിഎം ചാല ഏരിയാ കമ്മിറ്റി അംഗമാണ് ആര്യ രാജേന്ദ്രൻ.
കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ് സച്ചിൻ ദേവ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബാലുശേരിയിൽ സിനിമാ താരം ധർമജനെ പരാജയപ്പെടുത്തിയാണ് സച്ചിൻ സഭയിലെത്തുന്നത്. സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് സച്ചിൻ.
മറുനാടന് മലയാളി ബ്യൂറോ