- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവർത്തകന് വീടു വെക്കാൻ വാങ്ങിയ ഭൂമി സ്വന്തം പേരുകൂടി ചേർത്ത് രജിസ്റ്റർ ചെയ്തു കോൺഗ്രസ് നേതാവ്; വിവാദമായത് ആര്യാട് പഞ്ചായത്തിലെ പ്രിയദർശിനി സ്മാരക ചാരിറ്റബിൾ സൊസൈറ്റി വാങ്ങിയ ഭൂമി ഇടപാട്; വിമർശനം ഉയർന്നതോടെ സംഭവം അന്വേഷിക്കാൻ മൂന്നംഗ കമ്മിഷനെ നിയോഗിച്ചു പാർട്ടി
ആലപ്പുഴ: കോൺഗ്രസ് പ്രവർത്തകന് വീടു വെക്കുന്നതിന് വേണ്ടി ഭൂമി വാങ്ങിയ നേതാവ് സ്വന്തം പേരുകൂടി ചേർത്ത് രജിസ്റ്റർ ചെയ്തതു വിവാദത്തിൽ. ആലപ്പുഴയിലാണ് സംഭവം. ആര്യാട് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന പ്രിയദർശിനി സ്മാരക ചാരിറ്റബിൾ സൊസൈറ്റി വാങ്ങിയ ഭൂമി ഇടപാടാണു വിവാദത്തിമായിരിക്കുന്നത്. സംഭവത്തിൽ പരാതി ഉയർന്നതടെ അന്വേഷണത്തിനായി പാർട്ടി മൂന്നംഗ കമ്മിഷനെ നിയോഗിച്ചു. ചിറ്റേഴത്ത് ജയപ്പനാണ് വിവാദതിതൽ പെട്ടിരിക്കുന്നത്.
പാർട്ടി പ്രവർത്തകനായ തെക്കനാര്യാട് പുതുമ്പറമ്പ് വെളിയിൽവീട്ടിൽ കുഞ്ഞുമോനു (65) വേണ്ടിയാണ് ഭൂമി വാങ്ങിയത്. കുഞ്ഞുമോന്റെ പേരിനൊപ്പം ട്രസ്റ്റ് ചെയർമാനായ ചിറ്റേഴത്ത് ജയപ്പൻ സ്വന്തംപേരുകൂടി ചേർത്താണു വസ്തു രജിസ്റ്റർചെയ്തത്. ട്രസ്റ്റ് ചെയർമാന്റെ ഔദ്യോഗികപദവി ചേർക്കുന്നതിനു പകരമായിരുന്നിത്. ഭൂമി വാങ്ങി വീടുവെച്ചു നൽകാനായിരുന്നു ട്രസ്റ്റ് തീരുമാനം. വീടുവെച്ചിട്ടില്ല.
ആര്യാട് പഞ്ചായത്ത് ഏഴാംവാർഡിലാണ് ഏഴുലക്ഷം രൂപ മുടക്കി നാലുസെന്റ് സ്ഥലം ട്രസ്റ്റ് വാങ്ങിയത്. കെപിസിസി ധനശേഖരണം നടത്തിയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. 2021 ഒക്ടോബർ 29-ന് സ്ഥലം രജിസ്റ്റർചെയ്ത് 31-ന് ആഘോഷമായി ചടങ്ങുകൾ നടത്തി. കെപിസിസി. നിർവാഹകസമിതിയംഗം ഡി. സുഗതൻ രേഖകൾ കുഞ്ഞുമോന് കൈമാറി. എന്നാൽ, അന്നുതന്നെ ഈ രേഖകൾ ജയപ്പൻ തിരികെവാങ്ങിയതായി കുഞ്ഞുമോൻ പറയുന്നു.
മൂത്തമകളുടെ വിവാഹശേഷം സ്വന്തമായി ഉണ്ടായിരുന്ന ഭൂമിവിറ്റ് വാടകവീട്ടിലാണു ഭാര്യയും മക്കളുമായി കുഞ്ഞുമോൻ താമസിക്കുന്നത്. ആക്രി പെറുക്കിവിറ്റാണ് ഉപജീവനം. വാടക കുടിശ്ശികയുള്ളതിനാൽ താമസസ്ഥലത്തുനിന്ന് ബുധനാഴ്ച ഇറങ്ങേണ്ടിവന്നു. തത്കാലം മകളുടെ വീട്ടിലേക്കുമാറി. 37 വർഷമായി ഇന്ദിരാഗാന്ധിയുടെ എല്ലാ ഓർമദിനത്തിലും കുഞ്ഞുമോൻ ഒറ്റയ്ക്കു റോഡരികിൽ അനുസ്മരണച്ചടങ്ങ് നടത്താറുണ്ട്.
ഭൂമി വിൽക്കാതിരിക്കാനാണു തന്റെപേരിലും ചേർത്തുവാങ്ങിയതെന്നു ജയപ്പൻ പ്രതികരിച്ചു. ഗൃഹപ്രവേശനച്ചടങ്ങിൽ താക്കോലിനൊപ്പം ഭൂമിയുടെ രേഖകളും കൈമാറാനാണു തിരികെവാങ്ങിയത്. ഭൂമി വാങ്ങാൻ ജനങ്ങൾക്കിടയിൽ പണപ്പിരിവ് നടത്തിയിട്ടില്ല. സ്ഥലംവാങ്ങി പണം തീർന്നതിനാലാണു വീടുവെക്കാൻ കാലതാമസം നേരിട്ടതെന്നും ജയപ്പൻ പറയുന്നു.
സംഭവം വിവാദമയതിനെത്തുടർന്ന് ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ സി.ഡി. ശങ്കർ, സഞ്ജീവ് ഭട്ട്, ട്രഷർ സുബ്രഹ്മണ്യദാസ് എന്നിവരെ അന്വേഷണത്തിനായി ഡി.സി.സി. പ്രസിഡന്റ് ബി. ബാബുപ്രസാദ് ചുമതലപ്പെടുത്തി. ഏഴു ദിവസത്തിനകം റിപ്പോർട്ട് നൽകാനാണു നിർദ്ദേശം.
മറുനാടന് മലയാളി ബ്യൂറോ