- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എട്ട് ഉദ്യോഗസ്ഥർ സംശയാസ്പദമായ നിലയിൽ ഇടപെട്ടു; ഉദ്ദേശശുദ്ധിയിൽ സംശയം; കേസ് അന്വേഷണത്തിൽ ഒട്ടേറെ ക്രമക്കേടുകൾ; ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണം; ആര്യൻ ഖാൻ പ്രതിയായ ലഹരിമരുന്ന് കേസിൽ എൻ.സി.ബിയെ പ്രതിക്കൂട്ടിലാക്കി ആഭ്യന്തര റിപ്പോർട്ട്
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ പ്രതിചേർക്കപ്പെട്ട മുംബൈ ആഡംബരക്കപ്പൽ മയക്കുമരുന്ന് കേസിന്റെ അന്വേഷണത്തിൽ വ്യാപക ക്രമക്കേട് നടന്നായി നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി) ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. മാസങ്ങൾക്ക് മുമ്പ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ തലവന് സമർപ്പിച്ച 3,000 പേജുള്ള വിജിലൻസ് അന്വേഷണ റിപ്പോർട്ടിലാണ് കണ്ടെത്തലുള്ളത്. എൻ.സി.ബിയിലെ എട്ടോളം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് സംശയകരമായ പെരുമാറ്റം ഉണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. അന്വേഷണത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരുടെ ഉദ്ദേശശുദ്ധിയിൽ സംശയമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഏജൻസിയെ പ്രതിക്കൂട്ടിലാക്കുന്നതാണ് അന്വേഷണ സമിതി റിപ്പോർട്ട്. കഴിഞ്ഞ മേയിൽ കേസിൽ ആര്യൻ ഖാന് ക്ലീൻ ചിറ്റ് നൽകിയ എൻ.സി.ബി, ആര്യൻ ഉൾപ്പെടെ കേസിൽ അറസ്റ്റിലായ ആറു പേർക്കെതിരെ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നും കോടതിയിൽ വ്യക്തമാക്കിയിരുന്നു. ആര്യൻ ഖാൻ കേസ് കൈകാര്യം ചെയ്തതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അന്യായ ഇടപെടൽ നടന്നോ എന്ന് അന്വേഷിക്കാൻ എൻ.സി.ബി രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞദിവസമാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഉന്നത അധികൃതർക്ക് കൈമാറിയത്.
കേസ് അന്വേഷണത്തിൽ ഒട്ടേറെ ക്രമക്കേടുകൾ കണ്ടെത്തിയതായും അന്വേഷണത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരുടെ ഉദ്ദേശശുദ്ധി സംശയനിഴലിലാണെന്നും ഏൻജിസുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി 65 പേരുടെ മൊഴിയെടുത്തു. ഇതിൽ പലരും മൊഴികൾ ഒന്നിലധികം തവണ മാറ്റി പറഞ്ഞു.
മറ്റു കേസുകളിലും വീഴ്ചയുണ്ടാതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഏഴു-എട്ട് ഉദ്യോഗസ്ഥരുടെ ഇടപെടലാണ് സംശയനിഴലിലുള്ളത്. ഇവർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരിൽനിന്ന് ബന്ധപ്പെട്ടവർ അനുമതി തേടിയിട്ടുണ്ടെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആര്യൻ ഖാനെ അറസ്റ്റ് ചെയ്ത റെയ്ഡിന് നേതൃത്വം നൽകിയ സമീർ വാങ്കഡെയടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താൻ കഴിഞ്ഞ വർഷം ഒക്ടോബറിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ മൂന്നിനാണ് നാർകോടിക്സ് കൺട്രോൾ ബ്യൂറോ ആര്യൻ ഖാൻ ഉൾപ്പടെയുള്ളവരെ മുംബൈ തീരത്ത് കോർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിൽ ലഹരിപ്പാർട്ടി നടക്കവേ അറസ്റ്റ് ചെയ്തത്. 24കാരനായ ആര്യൻ ഖാൻ ഉൾപ്പെടെ 20 പേരായിരുന്നു കേസിലെ പ്രതികൾ.
വിവാദമായ ലഹരിമരുന്ന് കേസിൽ ആര്യൻ ഖാൻ അടക്കം ആറുപ്രതികൾക്കാണ് എൻ.സി.ബി. ക്ലീൻചിറ്റ് നൽകിയത്. കേസിൽ ഇവർക്കെതിരേ മതിയായ തെളിവുകളില്ലെന്നും അന്വേഷണത്തിൽ അപാകമുണ്ടായെന്നുമാണ് എൻ.സി.ബി. സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്. ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഖാൻ 26 ദിവസമാണ് ജയിലിൽ കഴിഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ