- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂലിവേല ചെയ്ത് ജീവിതം മുമ്പോട്ട് കൊണ്ടു പോകുന്ന 60കാരൻ; രാത്രി ഇത്തിപ്പുഴയിൽ നിന്നും മണൽ വാരിയും മക്കളെ പഠിപ്പിച്ചു; സഹോദരിയോട് പറയാനുള്ളത് ബാക്കിയാക്കി അഞ്ജു യാത്രയായി; കൊല നടത്തി മുറിയിൽ പതിയിരുന്ന സാജു ഇറങ്ങി ഓടിയത് പൊലീസ് വന്നപ്പോൾ; യുകെ കൊലയിൽ നെഞ്ച് പിടഞ്ഞ് അശോകനും ഭാര്യയും; മകളുടേയും കൊച്ചുമക്കളുടേയും മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയുമോ?
കോട്ടയം: യു. കെയിൽ കൊല്ലപ്പെട്ട മലയാളി നേഴ്‌സ് അഞ്ജുവിനെയും കൊച്ചുമക്കളെയും ഓർത്ത് അശോകന്റെയും ഭാര്യ കൃഷ്ണമ്മയുടെയും നെഞ്ച് പിടയുകയാണ്. ഇനിയും അവരെ ഒരു നോക്കാൻ കാണാൻ ആകുമോ? മകളുടെയും പേരക്കുട്ടികളുടെയും മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനായി സഹായം അഭ്യർത്ഥിച്ചു ഓടി നടക്കുകയാണ് അശോകൻ. കഴിഞ്ഞ ദിവസമാണ് ബ്രിട്ടനിലെ കെറ്ററിങ്ങിലെ മുറിക്കുള്ളിൽ സാജു ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയത്. പൊലീസ് എത്തും വരെ ഇയാൾ ഈ മുറിയിൽ തന്നെയിരുന്നു. പൊലീസ് എത്തിയപ്പോൾ ഇറങ്ങി ഓടാൻ ശ്രമിച്ചെങ്കിലും പിടികൂടി.
ഒപ്പം ജോലി ചെയ്യുന്നയാളുടെ ഭർത്താവ് അഞ്ജുവിനെ ജോലി സ്ഥലത്ത് കാണാതെ വന്നപ്പോഴാണ് നാട്ടിൽ പിതാവിനെ വിളിക്കുന്നത്. ഇവർ പറഞ്ഞതനുസരിച്ച് മലയാള സമാജം പ്രവർത്തകർ അന്വേഷിച്ചെത്തുമ്പോഴാണ് കൊലപാതകം അറിഞ്ഞത്. പെട്ടെന്ന് ദേഷ്യം വരുന്ന സാജു സൗദിയിൽ വച്ച് ഒരിക്കൽ കുട്ടിയുടെ മുന്നിൽ വച്ച് മർദിക്കുന്നത് കണ്ട് കൃഷ്ണമ്മ ചോദിച്ചിരുന്നു. എന്നാൽ അഞ്ജു സാരമില്ലായെന്നു പറഞ്ഞൊഴിവായി. മകനെയും മർദിക്കുമായിരുന്നുവെന്ന് കൃഷ്ണമ്മ പറഞ്ഞു. ഇതൊന്നും അഞ്ജു ആരോടും പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം സഹോദരി അശ്വതിയെ ഫോണിൽ വിളിച്ച് കുറച്ചു പ്രശ്‌നമുള്ളതായും നാട്ടിൽ വരുമ്പോൾ എല്ലാം പറയാമെന്നും അഞ്ജു പറഞ്ഞിരുന്നു. ഇത് മാത്രമാണ് ബന്ധുക്കൾക്ക് കിട്ടിയ വിവരം.
അറുപത് വയസ് ആയിട്ടും ഇപ്പോഴും കൂലിവേല ചെയ്താണ് അശോകൻ ജീവിക്കുന്നത്. കെട്ടിട നിർമ്മാണത്തിൽ സഹായിയായും പണികഴിഞ്ഞ് രാത്രിയിൽ ഇത്തിപ്പുഴയിൽ നിന്നും മണൽ വാരിയും പട്ടിണി കിടന്നു വരെ മക്കളെ പഠിപ്പിച്ചു. 2010 ൽ ആദ്യ ഭാര്യയുടെ മരണം അശോകനെ തളർത്തി. പിന്നീട് അശോകൻ വിവാഹം കഴിച്ച കൃഷ്ണമ്മയെ മക്കൾ രണ്ടു പേരും സ്വന്തം അമ്മയായി കണ്ടു സന്തോഷകരമായ കുടുംബ ജീവിതം. ഇതിനിടയിൽ രണ്ടു പെൺ മക്കളും പഠിച്ചു ജോലി നേടി. ഇരുവരെയും വിവാഹം ചെയ്തയച്ചു.
ഇനി ഒരാൾക്കും ഈ ഗതി വരുത്തരുതെന്ന് അശോകൻ പറയുന്നു. അവനെ മാതൃകപരമായി ശിക്ഷിക്കണം. ഇനിയും ഇതുപോലെ ചെയ്യാൻ ഒരുത്തന്റെയും കൈ പൊങ്ങരുത്. അതുപോലുള്ള ശിക്ഷ നൽകണം. വിറയ്ക്കുന്ന ശബ്ദത്തോടെ അദ്ദേഹം പറഞ്ഞ് മുഴുവിപ്പിച്ചു. 2012 ഓഗസ്റ്റ് 10 നായിരുന്നു കണ്ണൂർ ഇരിട്ടി പടിയൂർ കൊമ്പൻപാറ സാജുവും കോട്ടയം വൈക്കം കുലശേഖരമംഗലം ആറാക്കൽ അഞ്ജുവും തമ്മിൽ വിവാഹിതരാകുന്നത്. സൗദിയിൽ ഏഴു വർഷം ജോലി ചെയ്തു വരുമ്പോഴാണ് അവിടെ ഡ്രൈവർ ആയിരുന്ന സാജുവിനെ പരിചയപെടുന്നത്. പിന്നീട് ഇവർ പ്രണയത്തിലായി. തുടർന്ന് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടത്തി.
സൗദിയിൽ ജോലി ചെയ്യുന്നതിനിടയിൽ 2021 ഒക്ടോബറിൽ യു. കെയിൽ നേഴ്‌സ് ആയി അഞ്ജുവിന് ജോലി ലഭിച്ചു. പിന്നീട് സാജുവിനെയും കൊണ്ടുപോയി. ഇരുവരും നാട്ടിലെത്തി കഴിഞ്ഞ ജൂണിനാണ് മക്കളെയും കൂട്ടി മടങ്ങുന്നത്. ഇതിനു മുൻപ് എട്ടു മാസത്തോളം ഈ കുട്ടികൾ അഞ്ജുവിന്റെ വീട്ടിലായിരുന്നു. ഇളയമകൾ ജാൻവിയെ അവിടെയുള്ള അംഗൻവാടിയിൽ ചേർത്തിരുന്നു. മകൻ ജീവ ഓൺലൈൻ പഠനത്തിലായിരുന്നു. സമീപത്തുള്ള വീട്ടിൽ ട്യൂഷനും വീട്ടിരുന്നു.
പഠനത്തിൽ മിടുക്കരായിരുന്നു ഇരുവരും. നമ്മൾ പറയാതെ തന്നെ അവൻ പഠിക്കാൻ താല്പര്യം കാട്ടുമായിരുന്നു. എട്ടുമാസം കുഞ്ഞുങ്ങൾ ഓടികളിച്ചതാണിവിടെ. അവരുടെ കളിയും ചിരിയും എല്ലാം കൊണ്ട് ഈ വീട് ഉണർവായിരുന്നു. ആ എട്ടു മാസം 800 വർഷത്തെ ഓർമ്മകൾ തന്നിട്ടാണ് അവർ പോയത്. അവരെ ഒന്ന് കണ്ടിട്ട് മരിക്കണം എന്നാണ് അശോകൻ പറയുന്നത്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള സഹായത്തിനായി സുരേഷ് ഗോപി എം. പിയെ നേരിൽ കണ്ടു. അദ്ദേഹം ലണ്ടനിലെ മലയാളം സമാജം പ്രവർത്തകരുമായി ബന്ധപ്പെട്ടു. കേന്ദ്ര മന്ത്രി വി. മുരളീധരൻ ഫോണിൽ വിളിച്ചു സഹായം വാഗ്ദാനം ചെയ്തു. സി. കെ. ആശ എംഎൽഎ. വീട്ടിലെത്തി ആശ്വസിപ്പിച്ചു. സംസ്ഥാന സർക്കാരിനെ വിവരം ധരിപ്പിച്ചിട്ടുണ്ട്.
മൂന്ന് മൃതദേഹങ്ങൾ എത്തിക്കുന്നതിനു മുപ്പത് ലക്ഷം രൂപയാണ് ആവശ്യമായി വരുന്നത്. ഇത്രയും തുക എങ്ങനെയുണ്ടാക്കും എന്നറിയാതെ വിഷമിക്കുകയാണ് അശോകനും കുടുംബവും.