- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുവളപ്പിലെ പേരയ്ക്ക കല്ലെറിഞ്ഞു വീഴ്‌ത്തിയതിന്റെ പേരിൽ ആക്രമിക്കപ്പെട്ട പന്ത്രണ്ടു വയസ്സുകാരൻ ഇപ്പോഴും തീവ്രവപരിചരണ വിഭാഗത്തിൽ; അപകട നില തരണം ചെയ്തു; ഇടതു കാലിന്റെ തുടയെല്ലിന് പൊട്ടൽ; കൈമുട്ടിനും കാൽമുട്ടിലും പരിക്ക്; നടന്നതുകൊല്ലാനുള്ള ക്രൂരത തന്നെ; എന്നിട്ടും വാഴേങ്കട കുനിയൻകാട്ടിൽ അഷ്‌റഫിനെ അഴിക്കുള്ളിൽ അടച്ചതുകൊലപാതക ശ്രമം ചുമത്താതെ
പെരിന്തൽമണ്ണ: വീട്ടുവളപ്പിലെ പേരയ്ക്ക കല്ലെറിഞ്ഞു വീഴ്‌ത്തിയതിന്റെ പേരിൽ ആക്രമിക്കപ്പെട്ട പന്ത്രണ്ടു വയസ്സുകാരൻ ഇപ്പോഴും തീവ്രവപരിചരണ വിഭാഗത്തിൽ. വാഴേങ്കട ബിടാത്തിയിൽ പന്തുകളി കഴിഞ്ഞു കൂട്ടുകാരോടൊപ്പം വീട്ടിലേക്കു മടങ്ങുമ്പോഴാണ് കുട്ടി ആക്രമിക്കപ്പെട്ടത്. അതിക്രൂരമായ മർദ്ദനമാണ് ഏറ്റത്. സംഭവത്തിലെ പ്രതി വാഴേങ്കട കുനിയൻകാട്ടിൽ അഷ്‌റഫിനെ (49) ഇന്നലെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു. അന്യായമായി തടഞ്ഞുവയ്ക്കൽ, മാരകമായി പരുക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. കൊലപാതക ശ്രമമോ പോക്‌സോ കേസോ ചുമത്തിയിട്ടില്ല. ഇവ ചുമത്തിയാൽ കൂടുതൽ കഠിനമായ ശിക്ഷ കിട്ടുമായിരുന്നു.
കുട്ടിയെ ശസ്ത്രക്രിയയ്ക്കുശേഷം ഇന്നലെ പുലർച്ചയോടെയാണ് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയത്. പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. കുട്ടിയുടെ ഇടതുകാലിന്റെ തുടയെല്ലിനു പൊട്ടലുണ്ടെന്നും ശസ്ത്രക്രിയ നടത്തി കമ്പി ഇട്ടിരിക്കുകയാണെന്നും ചികിത്സയ്ക്കു നേതൃത്വം നൽകിയ ഡോ. ഷാക്കിബ് പറഞ്ഞു. കുട്ടിക്ക് തുടയെല്ലിലെ പൊട്ടലിനു പുറമേ കൈമുട്ടിലും കാൽമുട്ടിലും ചെറിയ പരുക്കുകളുണ്ട്. കൊലപാതകത്തിനുള്ള ശ്രമമാണ് നടന്നത്. അത് തെളിയിക്കുന്നതാണ് പരിക്കിന്റെ സ്വഭാവം.
ബിടാത്തി കളത്തിൽകുണ്ട് റോഡിൽ എത്തിയപ്പോൾ തൊട്ടടുത്ത വീട്ടുകാരൻ സ്‌കൂട്ടറിലെത്തി 'ആരാടാ എന്റെ വീട്ടിലേക്ക് കല്ലെറിഞ്ഞത്' എന്നു ചോദിക്കുകയും മർദിക്കുകയുമായിരുന്നുവെന്ന് കുട്ടി പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. തങ്ങൾ കല്ലെറിഞ്ഞില്ലെന്ന് പറഞ്ഞപ്പോൾ ചവിട്ടിവീഴ്‌ത്തിയതായും എഴുന്നേറ്റ് ഓടുന്നതിനിടയിൽ പിന്നിൽ സ്‌കൂട്ടറുമായെത്തി കാലിൽ ഇടിച്ചുവീഴ്‌ത്തിയെന്നും മൊഴിയിലുണ്ട്.
കൂട്ടുകാരെയും മർദിച്ചതായി കുട്ടി പറയുന്നുണ്ടെങ്കിലും ആരും പരാതി നൽകിയിട്ടില്ല. കൂട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സമീപത്തെ വീട്ടുകാരാണ് കുട്ടിയെ കാറിൽ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെത്തിച്ചത്. അവിടെനിന്ന് പിന്നീട് എംഇഎസ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. കുട്ടികൾ ഫുട്ബോൾ കളിച്ച് മടങ്ങുന്നതിനിടെ സമീപത്തെ വീട്ടുവളപ്പിലെ പേരയ്ക്ക പറിച്ചതായി ആരോപിച്ചാണു സ്ഥലമുടമ അഷ്റഫ് പിന്തുടർന്നെത്തി ആക്രമിച്ചത്. ബൈക്ക് കൊണ്ട് കുട്ടിയെ ആദ്യം ഇടിച്ചുവീഴ്‌ത്തിയെന്നും പിന്നീട് കാലിൽ ചവിട്ടി പരിക്കേൽപ്പിച്ചെന്നും കുട്ടിയുടെ കുടുംബം ആരോപിച്ചു. വിശദമായ അന്വേഷണത്തിന് മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. റിപ്പോർട്ട് നൽകാൻ വനിതാശിശു വികസന വകുപ്പ് ഡയറക്ടറോടും ആവശ്യപ്പെട്ടു. ചികിത്സ നൽകാനും നിർദ്ദേശം നൽകി.
പറമ്പിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികൾ പറമ്പിൽക്കയറി പേരയ്ക്ക മോഷ്ടിച്ചുവെന്നാരോപിച്ചാണ് അഷ്‌റഫ് ഈ ക്രൂരത നടത്തിയത്. ഉടമ വരുന്നതു കണ്ട് ഓടിയ കുട്ടികളുടെ പിന്നാലെ അഷ്‌റഫ് ബൈക്കുണമായി പിന്തുടർന്ന് ചെല്ലുകയായിരുന്നുവെന്നും വാദമുണ്ട്. പിന്നാലെയെത്തിയ അഷ്‌റഫ് ബൈക്ക് കൊണ്ട് ബാലനെ ഇടിക്കുകയുമായിരുന്നെന്ന് മറ്റു കുട്ടികൾ പറയുന്നു. ആക്രമണത്തിൽ പന്ത്രണ്ടുകാരൻ നിലത്തു വീണു. വീണിടത്തുവച്ച് കുട്ടിയെ ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തതായും മറ്റുകുട്ടികൾ വ്യക്തമാക്കി. ഉടമ ആക്രമിക്കുന്നത് കണ്ട് ഓടിപ്പോയ മറ്റു കുട്ടികളാണ് മറ്റുള്ളവരെ അറിയിച്ചത്.
ഇതിനിടെ ബൈക്ക് പോസ്റ്റിലിടിച്ച് അഷ്‌റഫിന് പരിക്കുപറ്റുകയുണ്ടായി. സംഭവത്തിനുശേഷം വണ്ടിയോടിച്ചു പോയപ്പോൾ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുവീണു പരുക്കേറ്റതാണെന്നാണ് വിവരം. പരിക്കേറ്റ അഷ്‌റഫ് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ