- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്നെങ്കിലും വഴിയരികിൽ മരിച്ചു കിടന്നേക്കാം; പൊലീസ് എൻകൗണ്ടറിലോ ക്രിമിനലുകളുടെ കയ്യാലോ കൊല്ലപ്പെട്ടേക്കാം'; 19 വർഷം മുമ്പ് പ്രവചിച്ച അതേ രീതിയിൽ അതിഖിനെ തേടി മരണമെത്തി; പഴയ പ്രസംഗം അറംപറ്റിയത് സൈബറിടത്തിലും ചർച്ചയിൽ; രാജ്യത്തെ ഞെട്ടിച്ച കൊലപാതക കേസ് ഇനി സുപ്രീം കോടതിയിലേക്ക്; സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് പൊതുതാൽപ്പര്യ ഹർജി
ലക്നൗ: ഉത്തർപ്രദേശിലെ ഗുണ്ടാ നേതാവ് അതീഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതകം രാജ്യത്തെ ഞെട്ടിക്കുന്നതായിരുന്നു. കൊലയാളികൾക്ക് വേണ്ട സഹായങ്ങളെല്ലാം ലഭിച്ചുവെന്ന വിധത്തിലാണ് പുറത്തുവരുന്ന വാർത്തകൾ. അതേസമയം 17ാം വയസിൽ കൊല്ലും കൊലയുമായി വളർന്ന അതിഖ് താൻ ഏതു നിമിഷവും കൊല്ലപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നു തന്നെ വേണം കരുതാൻ. അദ്ദേഹത്തിന്റെ പഴയ പ്രസംഗം വീണ്ടും സൈബറിടത്തിൽ ചർച്ചയാകുന്നതും ഇതുകൊണ്ടാണ്.
വർഷങ്ങൾക്ക് മുമ്പ് സ്വന്തം നാവുകൊണ്ടു പറഞ്ഞത് അറം പറ്റുമെന്ന് ക്രിമിനൽ രാഷ്ട്രീയക്കാരൻ എന്നറിയപ്പെടുന്ന അതീഖ് അഹമ്മദ് ഒരിക്കലും ചിന്തിച്ചിട്ടുണ്ടാകില്ലെന്നാണ് ആ പഴയ പ്രസംഗം ചൂണ്ടിക്കാട്ടി സൈബറിടത്തിൽ ചർച്ച നടക്കുന്നത്. 2004 ൽ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ അതീഖ് സ്വന്തം മരണത്തെക്കുറിച്ച് പ്രവചിച്ചത് ശനിയാഴ്ച രാത്രി അക്ഷരംപ്രതി ശരിയായി. സമാജ്വാദി പാർട്ടിയുടെ സ്ഥാനാർത്ഥിയായി മുലയാംസിങ് യാദവിന് കീഴിൽ ജയിച്ച ഫുൽപ്പൂരിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു തന്റെ മരണം അതീഖ് മൂൻകൂട്ടി കണ്ടത്.
ശനിയാഴ്ച കൈവിലങ്ങിട്ട ആതീഖിനെയും സഹോദരനെയും വെടിയേറ്റ് രക്തത്തിൽ കുളിച്ച നിലയിൽ പ്രാദേശിക ആശുപത്രിയുടെ മുന്നിൽ കണ്ടെത്തുകയായിരുന്നു. തന്റെ ഭീതിയിലും ചെയ്തു വന്നിരുന്ന ക്രിമിനൽ പ്രവർത്തികളുടെ പശ്ചാത്തലത്തിൽ നിന്നുള്ള ഉൾക്കാഴ്ചയിൽ നിന്നുമായിരിക്കാം അതീഖ് 2004 ൽ ഇങ്ങിനെ പറഞ്ഞിട്ടുണ്ടാകുക. ഒരു തവണ സമാജ്വാദി പാർട്ടി എംപിയും അഞ്ചു തവണ എംഎൽഎയുമായ ആതീഖ് ജനപ്രതിനിധി ആകുന്നതും ജയിലിൽ കിടക്കുന്നതും ഒരു പോലെ ഇഷ്ടപ്പെട്ടിരുന്നതായിട്ടാണ് അദ്ദേഹത്തിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.
തന്നെ ജവഹർലാൽ നെഹ്രുവിനോടായിരുന്നു സ്വയം ഉപമിച്ചിരുന്നത്. ''നെഹ്രുവിനെ പോലെ ഞാനും നെയ്നി ജയിലിൽ കിടന്നിട്ടുണ്ട്. അവിടെയിരുന്ന് അദ്ദേഹം പുസ്തകം എഴുതിയിട്ടുണ്ട്. ഞാൻ ജയിലിലേക്ക് പോയതും എന്റെ ചരിത്രം കൊണ്ടാണ്.'' അതീഖ് പതിവായി ഈ തമാശ പറയുമായിരുന്നു. മാധ്യമങ്ങൾക്ക് മുന്നിൽ എല്ലായ്‌പ്പോഴും തന്റെ ഭീതി അതീഖ് പങ്കുവെച്ചിരുന്നു.
''ഞങ്ങൾ ക്രിമിനലുകൾക്ക് ഞങ്ങളുടെ വിധി എന്താണെന്ന് കൃത്യമായിട്ട് അറിയാം. അനിവാര്യമായ ആ കാര്യം വൈകിപ്പിക്കാനും മാറ്റി വെയ്ക്കാനുമുള്ള കഠിനമായ പോരാട്ടമാണ് ഓരോ ദിവസവും. '' അതീഖ് ഒരിക്കൽ പറഞ്ഞു. സമാജ്വാദി പാർട്ടിക്കൊപ്പമായിരുന്നു ആതീഖ് ഒരു തവണ എംപിയായത്. പിന്നീട് ഒരു തവണ എസ്‌പിയുടേയും മറ്റൊരിക്കൽ അപ്നാദളിന്റെയും മറ്റ് മൂന്ന് തവണ സ്വതന്ത്രനായും അലഹബാദ് സീറ്റിൽ നിന്നും ജയിച്ചു. ജവഹർലാൽ നെഹ്രു പ്രതിനിധീകരിച്ച മണ്ഡലം ആയതിനാൽ ഫുൽപ്പൂരിനെ പ്രതിനിധീകരിക്കാനായിരുന്നു ആതിഖിന് ഏറെയിഷ്ടം. സ്വാതന്ത്ര്യപോരാട്ട കാലഘട്ടത്തിൽ നെഹ്രു കിടന്ന നെയ്നി ജയിലിൽ കിടക്കേണ്ടി വരുന്നതിനെയും അതീഖ് അഭിമാനത്തോടെ കണ്ടിരുന്നു.
അതേസമയം യു.പി പൊലീസ് കസ്റ്റഡിയിൽ അതീഖ് അഹ്മദിനെയും സഹോദരൻ അഷ്‌റഫ് അഹ്മദിനെയും കൊല ചെയ്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി എത്തിയിട്ടുണ്ട്. ഇതോടെ യുപി രാഷ്ട്രീയത്തിലെ കേസ് ഇനി സുപ്രീംകോടതിയിൽ നിർണായകമായി മാറും. വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്നാണ് ഹരജിയിലെ ആവശ്യം.
2017 മുതൽ യു.പിയിൽ നടന്നതായി ഡി.ജി.പി വെളിപ്പെടുത്തിയ 183 ഏറ്റുമുട്ടലുകളെ കുറിച്ച് ഈ വിദഗ്ധ സമിതി അന്വേഷിക്കണമെന്നും ഹരജിയിലുണ്ട്. ജനാധിപത്യ സമൂഹത്തിൽ പൊലീസ് അന്തിമ നീതി നൽകുന്നവരോ ശിക്ഷ വിധിക്കുന്ന അധികാര കേന്ദ്രമോ ആകാൻ അനുവദിക്കരുതെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു.
ശനിയാഴ്ച രാത്രിയാണ് ഉമേഷ് പാൽ വധക്കേസിൽ റിമാൻഡിലുള്ള ഉത്തർപ്രദേശ് മുൻ എംപി അതീഖ് അഹ്മദിനെയും സഹോദരൻ അഷ്‌റഫിനെയും പൊലീസ് വലയത്തിൽ മൂന്നംഗ സംഘം വെടിവെച്ച് കൊന്നത്. സുപ്രീംകോടതി നിർദേശപ്രകാരം വൈദ്യപരിശോധനക്ക് പ്രയാഗ് രാജ് മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകുന്നതിനിടെ മാധ്യമപ്രവർത്തകർ ചമഞ്ഞെത്തിയ മൂന്നുപേർ ഇരുവരെയും വെടിവെച്ച് വീഴ്‌ത്തുകയായിരുന്നു.
മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയവേ, സുരക്ഷാവലയത്തിനിടയിലൂടെ ചാനൽ കാമറകൾക്കു മുന്നിൽ ഇരുവരെയും പോയന്റ് ബ്ലാങ്ക് റേഞ്ചിൽ വെടിവെച്ചിട്ട ശേഷം കൊലയാളികൾ 'ജയ്ശ്രീറാം' വിളിച്ചു. അതീഖും അഷ്‌റഫും നിലത്തുവീണ ശേഷവും മരണമുറപ്പാകുംവരെ മൂവരും വെടിവെപ്പ് തുടർന്നു. സംഭവത്തിൽ മൂന്നു പേർ അറസ്റ്റിലായിട്ടുണ്ട്.
ഉമേഷ് പാൽ വധക്കേസിലെ തന്നെ പ്രതിയും അതീഖിന്റെ മകനുമായ അസദിനെയും സഹായിയെയും ഝാൻസിയിൽ പൊലീസ് ദുരൂഹ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതിന് രണ്ടു ദിവസത്തിനുള്ളിലാണ് പുതിയ കൊലപാതകം. ജീവന് ഭീഷണിയുണ്ടെന്ന പരാതിയെ തുടർന്ന് ഗുജറാത്തിലെ സബർമതി ജയിലിലേക്ക് മാറ്റിയിരുന്ന അതീഖിനെയും സഹോദരനെയും ഉമേഷ് പാൽ കേസിൽ കോടതിയിൽ ഹാജരാക്കാൻ വേണ്ടിയാണ് പ്രയാഗ് രാജിൽ കൊണ്ടുവന്നത്.
മറുനാടന് മലയാളി ബ്യൂറോ