പാലക്കാട്: ആരോഗ്യ രംഗത്തും അടിസ്ഥാന വികസന രംഗത്തും മികവു പുലർത്തുന്നു എന്ന് പറയുമ്പോഴും അട്ടപ്പാടി പോലുള്ള ആദിവാസി മേഖലകളിൽ കാര്യങ്ങൾ തീർത്തും പരിതാപകരമായ അവസ്ഥയിലാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അപാകതകൾ കൊണ്ട് വീർപ്പുമുട്ടുന്ന ഇടമായി പ്രദേശം മാറിയിട്ടുണ്ട്. ഇപ്പോഴിതാ പൂർണഗർഭിണിയായ യുവതിയെ റോഡ് മോശമായതിനാലും കാട്ടാന ശല്യവും കാരണം ആശുപത്രിയിലേക്ക് ചുമന്നുകൊണ്ടു പോകേണ്ട അവസ്ഥവ വന്നു. കേരളം എല്ലാറ്റിലും നമ്പർ വണ്ണാണെന്ന് അഭിമാനം കൊള്ളുമ്പോഴാണ് ഈ ദാരണ സംഭവം.

അട്ടപ്പാടിയിൽ പ്രസവ വേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലെത്തിച്ചത് തുണിയിൽ കെട്ടി ചുമന്നു കൊണ്ടായിരുന്നു. സുമതി മുരുകൻ എന്ന യുവതിയെയാണ് ബന്ധുക്കൾ അർദ്ധരാത്രിയിൽ മൂന്നര കിലോമീറ്ററോളം ചുമന്നത്. കടുകമണ്ണ ഊരിലാണ് സംഭവം.ഇന്നലെ അർദ്ധരാത്രിയോടെയാണ് യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ഉടൻ ബന്ധുക്കൾ ആംബുലൻസിനായി ബന്ധപ്പെട്ടെങ്കിലും റോഡ് മോശമായതിനാൽ ഇവിടേക്ക് എത്താനായില്ല. രാത്രി ആനയിറങ്ങുന്ന പ്രദേശം കൂടിയായതിനാൽ സ്വകാര്യ വാഹനങ്ങളും കിട്ടിയില്ല.

റോഡിന്റെ അവസ്ഥമൂലം ആനവായ് എന്ന പ്രദേശം വരെയേ ആംബുലൻസിന് എത്താൻ കഴിഞ്ഞുള്ളൂ. കടുകമണ്ണ ഊരിൽ നിന്ന് ആനവായ് വരെ മൂന്നര കിലോമീറ്ററോളം യുവതിയെ ബന്ധുക്കൾ ചുമന്നു. ആശുപത്രിയിലെത്തിച്ചതിന് പിന്നാലെയായിരുന്നു പ്രസവം. കടുകമണ്ണ ഊരിലെ നിവസികൾക്ക് പുറംലോകത്തേക്ക് എത്താൻ ഭവാനിപ്പുഴയുടെ കുറുകെയുള്ള ഒരു തൂക്കുപാലത്തിലൂടെയും അതിന് ശേഷം മൂന്നര കിലോമീറ്റർ കാട്ടിലൂടെയും സഞ്ചരിക്കേണ്ട അവസ്ഥയായിരുന്നു.

കൂടാതെ രാത്രി ആനയിറങ്ങുന്ന സ്ഥലവുമാണിത്. രാത്രി പന്ത്രണ്ട് മണിയോടെ പ്രസവ വേദന ആരംഭിച്ച ഉടനെ ആംബുലൻസിനായി യുവതിയുടെ ബന്ധുക്കൾ ബന്ധപ്പെട്ടിരുന്നു. എന്നാൽ ആനയിറങ്ങുന്നതിനാലും റോഡ് മോശമായതിനാലും ആംബുലൻസോ സ്വകാര്യ വാഹനങ്ങളോ എത്തിയില്ല. 2.30 നാണ് കോട്ടത്തറയിൽ നിന്നും ആംബുലൻസ് എത്തിയത്. റോഡ് മോശമായതിനാൽ ആനവായ് എന്ന സ്ഥലം വരെയാണ് ആംബുലൻസിന് എത്താൻ കഴിഞ്ഞുള്ളൂ.

അതിനാൽ ആനവായ വരെയുള്ള ദൂരം യുവതിയെ ബന്ധുക്കൾ ചേർന്ന് തുണിയിൽ കെട്ടി ചുമന്ന് എത്തിക്കുകയായിരുന്നു. മൂന്നര കിലോമീറ്റർ ചുമന്നെത്തിച്ച് അതിന് ശേഷം യുവതിയെ ആംബുലൻസിൽ കയറ്റിയാണ് ആശുപത്രിയിൽ എത്തിച്ചത്.