മലപ്പുറം: തന്നെ വധിക്കാനും, 13കാരി മകളെ ദ്രേഹോപദ്രവം ഏൽപിക്കുകയും ചെയ്തതോടെ നാലു വർഷം മുമ്പാണു ആയിഷബീവിയും അഞ്ചു കുഞ്ഞുങ്ങളും ഭർത്താവിന്റെ വീട് വിട്ട് ക്വാർട്ടേഴ്സിലേക്കു വീടുമാറിയത്. മക്കളെ അന്തസ്സായി പോറ്റാൻ എല്ലുമുറിയെ ജോലിചെയ്തു. കാണുന്നവർക്കെല്ലാം ആയിഷാബീവിയോടു ബഹുമാനമായിരുന്നു. ഒരു ചീത്തപ്പേരുമില്ലാതെ ജോലിചെയ്തു മക്കളെ ന്്ന്നായി പോറ്റുന്നതു തന്നെയായിരുന്നു കാരണം. ഈകാലയളവിനുള്ളിൽ പല പ്രതിസന്ധികളും കടന്നുപോയിട്ടും ഭർത്താവ് തിരിഞ്ഞുനോക്കിയതുപോലുമില്ല.

എന്നാൽ താനൂർ ബോട്ടപകടത്തിലാണു ആയിഷാബീവിയും മൂന്നുമക്കളും മരണപ്പെട്ടത്. ഇതോടെ രക്ഷകന്റെ വേഷത്തിലെത്തിയ ഭർത്താവ്
സൈനുൽ ആബിദിനെ അയൽവാസികൾക്കൊന്നും വിശ്വാസമില്ല. ബോട്ടപകടത്തിൽ മരിച്ച വ്യക്തികൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 10ലക്ഷും, കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച രണ്ടു ലക്ഷവും, മറ്റു സന്നദ്ധ സംഘടനകൾ പ്രഖ്യാപിച്ച പണവും ഇയാൾ കൈക്കലാക്കാൻ സാധ്യതയുണ്ടെന്നും വലിയ പ്രതിസന്ധികൾ കടന്നുപോയിട്ടും തിരിഞ്ഞുനോക്കാതിരുന്ന ഇയാളുടെ വരവിൽ ദൂരൂഹതയുണ്ടെന്നുമാണ് നാട്ടുകാർ പറയുന്നത്.

ചെട്ടിപ്പടി വെട്ടികുത്തി സൈനുൽ ആബിദിന്റെ ഭാര്യ ആയിഷാബീവി (38), മക്കളായ ആദില ഷെറി (15), അദ്നാൻ (10), ഹർഷാൻ (3), എന്നിവരായിരുന്നു ബോട്ടപകടത്തിൽ മരിച്ചത്. ഇവർക്കെല്ലാവർക്കുമായി ലക്ഷങ്ങളുടെ ധനസഹായങ്ങളാണു പ്രഖ്യാപിച്ചിട്ടുള്ളത്. ബാക്കിയുള്ള രണ്ടു കുഞ്ഞുങ്ങളാണ് അപകടത്തിൽനിന്നും രക്ഷപ്പെട്ടത്. ഇവർക്കു ഈ തുകലഭ്യമാക്കാനും, ഇവരുടെ അക്കൗണ്ടിൽ പണമിട്ട് ഇവരുടെ വിദ്യാഭ്യാസത്തിനും ചെലവിനുമാണ് ഈ തുക ഉപയോഗപ്പെടുത്തണമെന്നുമാണ് നാട്ടുകാർ പറയുന്നത്.

ചെട്ടിപ്പടി ഹെൽത്ത് സെന്ററിന് സമീപത്തെ അടച്ചിട്ട ആയിഷാബീവിയുടെ വാടക വീട്ടിൽ ഇനി അഞ്ചു മക്കളുടെ കളി ഒരുമിച്ചുകാണാനാകില്ല. ബോട്ട് ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട ആറ് വയസുകാരനായ അഹ്റാഹും ഉമ്മയോടും സഹോദരങ്ങളോടും ഒപ്പം ദുരന്ത ദിവസം ബോട്ടുയാത്രക്ക് പോകാതിരുന്ന ആദിലും മാത്രമാണ് ഈ വീട്ടിലുള്ളത്. 2020 -ൽ തന്നെ കൊല്ലാൻ ശ്രമിക്കുകയും 13 കാരിയായ മകളെ ദേഹോപദ്രവമേൽപ്പിക്കുകയും ചെയ്തതിനെ തുടർന്ന് ഭർത്താവ് സൈനുൽ ആബിദിനെതിരെ പരപ്പനങ്ങാടി പൊലീസ് വധശ്രമക്കേസ് എടുക്കുകയും ആബിദിനെ റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു.

അന്ന് താമസിച്ചിരുന്ന കോയംകുളം മുള്ളുങ്ങൽ ക്വാർട്ടേർസിൽ നിന്നും ആയിഷാബി വിയും അഞ്ചു മക്കളും പടിയിറങ്ങുകയായിരുന്നു. പിന്നീട് തന്റെ സ്വന്തം ഉമ്മ സുബൈദയേയും കൂട്ടി ചെട്ടിപ്പടി ഹെൽത്ത് സെന്ററിന് സമീപത്തെ വാടകവീടെടുത്തു താമസിച്ചു വരികയായിരുന്നു. ഉള്ളണം മാളിയേക്കൽ അബ്ദുൾ ഖാദറിന്റെയും സുബൈദയുടെയും മകളായ ആയിഷാബീവി ഭർത്താവുമായി അകൽച്ചയിലായതിന് ശേഷം ഏറെ ബുദ്ധിമുട്ടിയാണ് തന്റെയും മക്കളുടെയും ജീവിതം മുന്നോട്ട് കൊണ്ടു പോയിരുന്നത് നാല് വർഷത്തോളമായി തന്നെയും കുട്ടികളെയും തിരിഞ്ഞ് നോക്കാതിരുന്നതിനാൽ ആയിഷാബീവി പരപ്പനങ്ങാടിയിലെ ഒരു റെഡിമെയ്ഡ് ഷോപ്പിൽ സെയിൽസ് ഗേളായി ജോലി ചെയ്തു കിട്ടിയിരുന്ന 8,000 രൂപ ശമ്പളത്തിൽ നിന്നും 5,000 രൂപ വീട്ടുവാടക കിഴിച്ച് ബാക്കി 3,000 രൂപ കൊണ്ടാണ് നിത്യ ചെലവുകൾ കഴിച്ചിരുന്നത്.

അവധിക്കാലത്ത് മക്കളുടെ കളി ചിരിയും സന്തോഷവും കാണാൻ വേണ്ടിയാണ് ഞായറാഴ്ച തൂവൽ തീരത്തെത്തിയത് ടിക്കറ്റൊന്നിന് 120 രൂപ ഈടാക്കിയിരുന്ന ബോട്ട് സർവീസുകാർ അന്ന് സൗജന്യ നിരക്കിൽ ആയിഷാബീവിയും ഉമ്മ സുബൈദയും മക്കളായ ആദിലാ ഷെറിൻ, അദ്നാൻ, ഹഫ്ഷാൻ, അഹ്റഹ്, തുടങ്ങിയവരുമാണ് ബോട്ടിൽ കയറിയത്. മുങ്ങിത്താഴ്ന്ന ബോട്ടിൽ നിന്നും രക്ഷപ്പെട്ട ഉമ്മ സുബൈദ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്നു. ആശുപത്രി വിട്ട അഹ്റാഹും ആദിലും ഇപ്പോൾ അകന്നു കഴിഞ്ഞിരുന്ന ഉപ്പയുടെ കോയംകുളത്തെ വീട്ടിലാണുള്ളത്.

ദുരന്തത്തിൽ മരിച്ചവരുടെ വീട്ടിൽ സന്നദ്ധ സംഘടനകളും മറ്റും സാമ്പത്തിക സഹായങ്ങളെത്തിക്കുമ്പോൾ അർഹതപ്പെട്ട സഹായങ്ങൾ പോലും ഈ കുടുംബത്തിന് അന്യമാവുകയാണ്. തന്നെയും മക്കളെയും തിരിഞ്ഞു നോക്കാതിരുന്ന ഭർത്താവ് സൈനുൽ ആബിദ് ഇപ്പോൾ രണ്ടു മക്കളെ ചേർത്ത് പിടിച്ചിരിക്കുന്നത് സഹായധനം ലക്ഷ്യമാക്കിയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. മക്കളെയും കുടുംബത്തെയും സംരക്ഷിക്കാത്തവന് മരണാനന്തര സഹായമായി ഒരു ചില്ലിക്കാശ് പോലും നൽകരുതെന്നും ആയിഷാബിയുടെ ആൺമക്കളുടെ വിദ്യാഭ്യാസ ചെലവും സംരക്ഷണവും സർക്കാർ ഏറ്റെടുക്കണമെന്നും കേന്ദ്ര കേരള സർക്കാരുകൾ പ്രഖ്യാപിച്ച സഹായധനം ആയിഷാബീവിയുടെ പൊന്നോമനകൾക്ക് മാത്രമായി ലഭ്യമാക്കണമെന്നുമാണ് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നത്.