കൊച്ചി: ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിലെ പ്രതിഫലവുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. ചിത്രത്തേക്കുറിച്ചും ഉണ്ണി മുകുന്ദനേക്കുറിച്ചും നടൻ ബാല പുകഴ്‌ത്തി സംസാരിക്കുന്ന പഴയ ഒരു വീഡിയോ പുറത്തുവന്നിരിക്കുന്നു. തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ ഉണ്ണി മുകുന്ദനാണ് ഈ വീഡിയോ പങ്കുവെച്ചത്.

നിങ്ങൾക്ക് നല്ലതുമാത്രം വരട്ടെ എന്ന തലക്കെട്ടോടെയാണ് ഉണ്ണി വീഡിയോ പുറത്തുവിട്ടത്. ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിൽ അഭിനയിക്കാൻ തീരുമാനിച്ചതിന്റെ കാരണമാണ് ബാല പറയുന്നത്. ഉണ്ണി മുകുന്ദനോടുള്ള സ്‌നേഹം കൊണ്ടാണ് സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചത്. താൻ നിർമ്മിച്ച സിനിമയിൽ മറുത്ത് ഒരു വാക്കുപോലും ചോദിക്കാതെ വന്ന് അഭിനയിച്ച ആളാണ് ഉണ്ണിയെന്നും ബാല പറയുന്നു. ഈ വീഡിയോ വൈറലാണ്. ഇപ്പോൾ ഉണ്ണിമുകുന്ദനെ കുറിച്ച് ബാല പറയുന്ന പലതും ഇതോടെ സംശയ നിഴലിലാകുകയാണ്.

''സിനിമയുടെ ഒരു വരി മാത്രമേ എന്നോട് പറഞ്ഞുള്ളു. അപ്പോൾ ഞാൻ ഉണ്ണിയുടെ അടുത്തൊരു കാര്യം പറഞ്ഞു. ഞാൻ ഒരു സിനിമ നിർമ്മിച്ചപ്പോൾ നീയൊരു വാക്കുപോലും എന്നോട് ചോദിച്ചില്ല. കഥാപാത്രത്തെക്കുറിച്ച് ഒന്നും ചോദിക്കാതെ വന്ന് അഭിനയിച്ചു. നീ പ്രൊഡ്യൂസ് ചെയ്യുമ്പോൾ ഞാൻ വന്നിരിക്കും. ഉണ്ണി വിളിച്ചപ്പോൾ ഞാൻ പറഞ്ഞു ഇത് ഞാൻ നിനക്കു വേണ്ടി ചെയ്യും എന്ന്. ഉണ്ണിയെ ഒരു നായകനായിട്ടോ നടനായിട്ടോ കണ്ടിട്ടല്ല. നല്ല മനുഷ്യനായതുകൊണ്ട്. ഒരു നല്ല മനസ് നിനക്കുണ്ട്. ഉണ്ണി അഭിനയിക്കുന്ന സിനിമയുടെ സെറ്റിൽ ഒരിക്കൽ ചെന്നു. എന്റെ കയ്യിൽ പിടിച്ച് ഉണ്ണി പറഞ്ഞ ഒരു വാക്കാണ്, ബ്രദർ എന്തിനാണ് അഭിനയിക്കാതിരിക്കുന്നത്? 'നിങ്ങളെപ്പോലുള്ള ആളുകൾ സിനിമയിൽ തിരിച്ചുവരണം. സിനിമയ്ക്ക് ഇതാണ് വേണ്ടത്.' ചെറിയ ബ്രേക്കാണെന്ന് ഞാൻ പറഞ്ഞു. ആ നല്ല മനസ് സിനിമ ഇൻഡസ്ട്രിയിൽ കുറച്ച് പേർക്കേ ഉള്ളൂ.'' ബാല പറഞ്ഞു.

തനിക്ക് വേണ്ടി സംസാരിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും വീഡിയോക്കൊപ്പം ചേർത്ത കുറിപ്പിൽ ഉണ്ണി മുകുന്ദൻ പറയുന്നു. ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിലഭിനയിച്ചതിന് തനിക്കും മറ്റുചിലർക്കും പ്രതിഫലം തന്നില്ലെന്ന ബാലയുടെ ആരോപണം വൻ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. പിന്നാലെ ബാലയെ തള്ളി സംവിധായകൻ അനൂപ് പന്തളം, സംഗീത സംവിധായകൻ ഷാൻ റഹ്‌മാൻ, ഛായാഗ്രാഹകൻ എൽദോ ഐസക് തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. ബാലയ്ക്ക് പണം നൽകിയതിന്റെ രേഖകൾ നിർമ്മാതാവ് കൂടിയായ ഉണ്ണി മുകുന്ദൻ പുറത്തുവിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ പുറത്തു വിട്ടത്.

ഉണ്ണി മുകുന്ദന്റെ വാക്കുകൾ

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുമായി ബന്ധപ്പെട്ട് ബാല ഒട്ടേറെ ആരോപണങ്ങളാണ് ഉന്നയിച്ചത്. ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ ഉണ്ണി മുകുന്ദൻ താനടക്കം സിനിമയിൽ പ്രവർത്തിച്ച ഒട്ടേറെ പേർക്ക് പ്രതിഫലം നൽകിയില്ലെന്നും സ്ത്രീകൾക്ക് മാത്രമാണ് പണം നൽകിയതെന്നും ബാല ആരോപിച്ചു. തുടർന്ന് കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദൻ വാർത്താസമ്മേളനത്തിൽ വിശദീകരണവുമായി രംഗത്തെത്തി.

''ബാലയ്ക്കുള്ള മറുപടിയല്ല, എന്നെ വിശ്വസിക്കുന്നവർക്ക് വേണ്ടിയുള്ള വിശദീകരണമാണ്. എന്റെ വളരെ അടുത്ത സുഹൃത്താണ് ബാല. വർഷങ്ങൾക്ക് മുൻപ് അദ്ദേഹം നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്ത സിനിമയിൽ ഞാൻ അഭിനയിച്ചു. ഒരു സുഹൃത്തെന്ന നിലയിൽ പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചത്. വലിയ മഹത്തരമായ കാര്യമായി ഞാനൊരിക്കലും പറയുന്നതല്ല. ബാലയുടെ വ്യക്തി ജീവിതത്തിൽ നടക്കുന്നത് എന്താണെന്ന് ശ്രദ്ധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ രണ്ടാമത്തെ വിവാഹത്തിന് സിനിമാരംഗത്ത് നിന്ന് പോയ ചുരുക്കം ചില വ്യക്തികളിൽ ഒരാളായിരുന്നു ഞാൻ. ഒരു വലിയ ഇടവേളയ്ക്ക് ശേഷമായിരുന്നു ഷഫീക്കിന്റെ സന്തോഷത്തിൽ ബാല അഭിനയിച്ചത്. മറ്റൊരു നടനെ വച്ച് ചെയ്യേണ്ട കഥാപാത്രത്തിന് ഞാനായിരുന്നു ബാലയെ നിർദ്ദേശിച്ചത്. ബാല തന്നെ ഡബ്ബ് ചെയ്യണമെന്ന് ഞാൻ പറഞ്ഞു. അദ്ദേഹം പ്രതിഫലം വേണ്ടെന്ന് പറഞ്ഞു. എന്നാൽ രണ്ട് ലക്ഷം രൂപ അദ്ദേഹത്തിന് നൽകി. അതിനുള്ള തെളിവുകൾ ഇതാ.

ബാല സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്തപ്പോൾ ഒന്നു രണ്ടിടത്ത് പ്രശ്‌നങ്ങളുണ്ടായിരുന്നു. ഒടുവിൽ ഒരു മിമിക്രി ആർട്ടിസ്റ്റാണ് ആ ഭാഗങ്ങൾ ചെയ്തത്. സംവിധായകൻ തൃപ്തനായിരുന്നില്ല. എന്നാൽ ഒരു നിർമ്മാതാവെന്ന നിലയിൽ ഞാൻ കണ്ണടച്ചു. സൗഹൃദത്തെ വളരെ ഗൗരവത്തോടെ കാണുന്ന വ്യക്തിയാണ് ഞാൻ. ഇതുപോലൊന്ന് ജീവിതത്തിൽ ഇതുവരെ സംഭവിച്ചിട്ടില്ല. ഇനി ഭാവിയിൽ സംഭവിക്കില്ലെന്നും വിശ്വസിക്കുന്നു. ഈ സിനിമയിൽ സ്ത്രീകൾക്ക് മാത്രമാണ് ഉണ്ണി മുകുന്ദൻ പൈസ കൊടുത്തത് എന്നാണ് ബാല പറഞ്ഞത്. എന്നാൽ സ്ത്രീകൾക്ക് മാത്രമല്ല ടെക്‌നീഷ്യന്മാർക്കെല്ലാം പണം കൊടുത്തിട്ടുണ്ട്. ആർക്കും പ്രതിഫലം വാങ്ങാതെ ജോലി ചെയ്യാൻ സാധിക്കില്ല.

ഇത് മാർക്കറ്റിങ്ങ് അല്ല. എന്റെ വ്യക്തിത്വത്തെ അപമാനിക്കുന്നത് പോലെയാണ് തോന്നിയത്. അതുകൊണ്ട് മാത്രമാണ് ഈ വിഷയം തുറന്ന് പറയുന്നത്. മനസുകൊണ്ട് ബാലയോട് ദേഷ്യമില്ല. എന്റെ സൗഹൃദം അങ്ങനെ പെട്ടെന്ന് പോവില്ല. ഇതൊക്കെ കേട്ടിട്ട് ഒരു ദിവസമെങ്കിൽ ഒരു ദിവസം എന്റെ അമ്മ കരഞ്ഞിട്ടുണ്ട്. എന്റെ സൗഹൃദം ഇങ്ങനെ ആയിപ്പോയല്ലോ എന്നാണ്. എന്നെ സിനിമാ മേഖലയിൽ നിന്ന് ഒരുപാട് പേർ വിളിച്ചിരുന്നു. നിനക്ക് ഇങ്ങനെ തന്നെ വേണമെന്ന് പറഞ്ഞു. ബാലയ്ക്ക് ഇനിയും നല്ല സിനിമകൾ ചെയ്യാൻ സാധിക്കട്ടെ. ബാലയുടെ സിനിമയിലെ പ്രകടനം എനിക്ക് വ്യക്തിപരമായി ഇഷ്ടപ്പെട്ടു. ഡബ്ബിങ്ങ് സ്റ്റുഡിയോയിൽ ഉള്ള വിഷയം ഞാൻ അറിഞ്ഞുകൊണ്ടല്ല. ഞങ്ങളല്ല അവിടെ പ്രശ്നം ഉണ്ടാക്കുന്നത്. സ്റ്റുഡിയോ ആണ്. അവിടെ ആൾക്കാർ നിൽക്കുന്നതിൽ ഒരു പരിധിയുണ്ട്. എല്ലാവരും കയറുമ്പോൾ അത് പ്രശ്നമാകില്ലേ. ഞാൻ മാന്യമായാണ് ബാലയുടെ കുടുംബത്തെ ഡീൽ ചെയ്തിരിക്കുന്നത്''- ഉണ്ണി മുകുന്ദൻ പറഞ്ഞു.