തിരുവനന്തപുരം: ഷെഫീക്കിന്റെ സന്തോഷം സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ വിമർശനവുമായി ബാലയുടെ ഭാര്യ എലിസബത്തും. സിനിമയുടെ അണിയറ പ്രവർത്തകർ ബാലയെ പറ്റിച്ചതാണെന്ന് എലിസബത്ത് പറഞ്ഞു. അവർ ആദ്യമേ പറ്റിക്കുന്നുവെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും മുൻകൂർ തുക മേടിക്കണമെന്നുള്ള തന്റെ വാക്ക് അനുസരിക്കാതെയാണ് ബാല അഭിനയിച്ചതെന്നും എലിസബത്ത് ആരോപിച്ചു. ബാലയ്ക്ക് എല്ലാവരെയും വിശ്വാസമാണ്. ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിൽ ഉണ്ണി മുകുന്ദനോട് പണം ചോദിച്ചു. തിരക്ക് പിടിക്കേണ്ട ഡബ്ബിങ് സമയത്ത് നൽകിയാൽ മതിയെന്നാണ് പറഞ്ഞത്. എന്നാൽ ഡബ്ബിങ് നടക്കുമ്പോൾ വാക്ക് തർക്കമായി. വിനോദ് മംഗലത്ത് മോശമായി സംസാരിച്ചു.

ഡബ്ബിങ് കാണാനെത്തിയ എലിസബത്തിന്റെ മാതാപിതാക്കളെ ഇറക്കിവിട്ടുവെന്ന് ബാല ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് ബാല ഉണ്ണി മുകുന്ദനെതിരേ രംഗത്ത് വന്നത്. ഉണ്ണി മുകുന്ദൻ നിർമ്മിച്ച ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിൽ അഭിനയിച്ചതിനും അതിന് പിന്നിൽ പ്രവർത്തിച്ച അണിയറപ്രവർത്തകരിൽ പലർക്കും പ്രതിഫലം നൽകിയില്ലെന്ന് ബാലയുടെ ആരോപണം. തനിക്ക് പ്രതിഫലം ലഭിച്ചില്ലെങ്കിലും കുഴപ്പമില്ല ബാക്കി പിന്നിൽ പ്രവർത്തിച്ച ആളുകൾക്ക് എങ്കിലും പണം നൽകണമെന്നാണ് ബാല ആവശ്യപ്പെട്ടത്.

ചിത്രത്തിൽ പ്രതിഫലം വാങ്ങാതെ അഭിനയിക്കുമെന്നാണ് ബാല പറഞ്ഞതെന്ന് ലൈൻ പ്രൊഡ്യൂസർ വിനോദ് മംഗലത്ത് പറഞ്ഞു. എന്നാൽ സിനിമ ചെയ്തതിന് ബാലയ്ക്ക് 2 ലക്ഷം രൂപ പ്രതിഫലം നൽകുകയും ചെയ്തു. മനോജ് കെ ജയനെ ആയിരുന്നു ബാല ചെയ്ത വേഷത്തിലേക്ക് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഡേറ്റില്ലാത്തതിനെ തുടർന്ന് മനോജ് കെ ജയന് ചിത്രത്തിൽ അഭിനയിക്കാനായില്ല. വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നതിനാൽ അത് ആരു അവതരിപ്പിക്കും എന്ന് സംവിധായകനമടക്കമുള്ളവർ ചർച്ച ചെയ്തു. ബാലയെ നിർദ്ദേശിച്ചത് ഉണ്ണി മുകുന്ദനാണ്.

ഛായാഗ്രാഹകൻ എൽദോ ഐസക്കിന് പ്രതിഫലം നൽകിയില്ല എന്ന് ബാല ആരോപിച്ചിരുന്നു. അതിന് തെളിവായി എൽദോ ഐസക്കിന്റെ ഫോൺ സംഭാഷണം ബാല പുറത്ത് വിട്ടു. എന്നാൽ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് വിവാദമായ ഫോൺ സംഭാഷണം ബാല പുറത്തുവിട്ടതെന്ന് എൽദോ ഐസക് വ്യക്തമാക്കി.. ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് എൽദോ ഇക്കാര്യം പറഞ്ഞത്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ബാലയുമായുള്ള തന്റെ ഫോൺ സംഭാഷണം ഒരു ചാനലിനോ, ഓൺലൈൻ മീഡിയക്കോ കൊടുത്ത ഇന്റർവ്യൂവിന്റെ ഭാഗമായിട്ടുള്ളതല്ലെന്ന് എൽദോ ഐസക് കുറിച്ചു. സിനിമ വ്യവസായത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഞാൻ മനഃപൂർവമായി ആരെയും തേജോവധം ചെയ്യാനും തരംതാഴ്‌ത്തി കാണിക്കാൻവേണ്ടിയും നാളിതുവരെ പ്രവർത്തിച്ചിട്ടില്ല. ഒരു കുടുംബത്തിനകത്ത് എന്നതുപോലെ പരിഹരിക്കേണ്ടിയിരുന്ന കാര്യത്തിനെ പൊതുജനത്തിനിടയിലേക്ക് എത്തിച്ചത്തിൽ മനസ്സ് അറിയാതെയാണെങ്കിലും ഞാനും ഭാഗമാകേണ്ടി വന്നതിൽ അതിയായ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു.

അതിനിടെ ചിത്രത്തിന്റെ സംവിധായകൻ അനൂപ് പന്തളത്തിന് ഉൾപ്പെടെ ഉണ്ണി പ്രതിഫലം നൽകിയില്ലെന്നായിരുന്നു ആരോപണം നിഷേധിച്ച് സംവിധായകൻ അനൂപം രംഗത്തുവന്നു. പടം വൻ ലാഭത്തിൽ പോയിട്ടും തനിക്കോ സിനിമയുടെ ടെക്‌നീഷ്യന്മാർക്കോ ഉണ്ണി പ്രതിഫലം നൽകാൻ തയ്യാറായിട്ടില്ലെന്നായിരുന്നു ബാലയുടെ ആരോപണം. ഷെഫീക്കിന്റെ സന്തോഷം എന്ന എന്റെ ആദ്യ സിനിമ എഴുതി സംവിധാനം ചെയ്ത എനിക്ക് കൃത്യമായി പ്രതിഫലം ലഭിക്കുകയുണ്ടായി. മറ്റു ടെക്നിഷ്യൻസിനും അവരുടെ പ്രതിഫലങ്ങൾ കൊടുത്തതായി ആണ് എന്റെ അറിവിലെന്നും അനൂപ് വ്യക്തമാക്കി.

'അദ്ദേഹത്തെ ഈ സിനിമയിൽ റെക്കമെന്റ് ചെയ്തത് തന്നെ ഉണ്ണി ബ്രോ ആണ്. സിനിമയിൽ നല്ലൊരു കഥാപാത്രമാണ് ബാലക്ക്. അദ്ദേഹമത് നന്നായി ചെയുകയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തതിൽ സന്തോഷം. സിനിമ നന്നായി പൂർത്തിയാക്കാൻ എല്ലാവരും സഹകരിക്കുകയും ഇപ്പോൾ വിജയം നേടിയ സന്തോഷത്തിലും ആണ് ഞങ്ങൾ ഈ സമയത്ത് ഇത്തരം വിഷയങ്ങളിൽ എന്റെ പേര് വലിച്ചിഴക്കുന്നതിൽ വിഷമമുണ്ട്', അനൂപ് കുറിച്ചു.