- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്റെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തി വ്യാജ കത്ത് തയ്യാറാക്കി തപാൽ വഴി അയച്ചു; പിന്നിൽ പ്രവർത്തിച്ച് സ്‌കൂളിലെ പ്രഥമാധ്യാപകൻ; മൂന്നാർ പഞ്ചായത്തിലെ രാജിക്കത്ത് വിവാദം കേസാകുന്നു; ബാലചന്ദ്രനെ അയോഗ്യനാക്കാൻ നടപ്പാക്കിയത് ഗൂഡ തന്ത്രമോ?
മൂന്നാർ: മൂന്നാർ പഞ്ചായത്തിലെ രാജിക്കത്ത് വിവാദത്തിൽ പൊലീസിൽ പരാതിയെത്തുമ്പോൾ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. അയോഗ്യനാക്കപ്പെട്ട വി.ബാലചന്ദ്രനാണ് മൂന്നാർ പൊലീസിൽ പരാതി നൽകിയത്. തന്റെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തി വ്യാജ കത്ത് തയ്യാറാക്കി തപാൽ വഴി അയച്ചെന്നാണ് പരാതി. ഒരു സ്‌കൂളിലെ പ്രഥമാധ്യാപകനാണ് ഇത് തയ്യാറാക്കിയതെന്നാണ് ആരോപണം. ഈ കേസിൽ അന്വേഷണം നടത്തിയാൽ അത് നിർണ്ണായക വഴിത്തിരിവാകും.
പഞ്ചായത്തിലെ ഇടതുപക്ഷ ഭരണസമിതിക്കെതിരേ കോൺഗ്രസ് അവിശ്വാസപ്രമേയം കൊണ്ടുവന്നെങ്കിലും കൂറുമാറി എത്തിയ ഇടതുപക്ഷ അംഗം ബാലചന്ദ്രന്റെ രാജിക്കത്ത് തപാലിൽ ലഭിച്ചതിനാൽ ബാലചന്ദ്രനെ അയോഗ്യനാക്കുകയായിരുന്നു. തുടർന്ന് ക്വാറം തികയാത്തതിനാൽ അവിശ്വാസപ്രമേയം ചർച്ചക്കെടുത്തില്ല. പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിച്ച കത്ത് വ്യാജമാണെന്നും തന്റെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്. പരാതിയിൽ മൂന്നാർ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം നടത്തുമോ എന്നത് ഇനി നിർണ്ണായകമാകും.
എൽ.ഡി.എഫ്. ഭരണസമിതിക്കെതിരേ കോൺഗ്രസ് നൽകിയ അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യാൻ സിപിഎം. പഞ്ചായത്തംഗം കൂറുമാറിയെത്തി സിപിഎമ്മിൽ പൊട്ടിത്തെറിയായിരുന്നു. സിപിഎം. മൂന്നാർ ഏരിയാ കമ്മിറ്റിയംഗവും 17-ാം വാർഡ് മെമ്പറുമായ വി. ബാലചന്ദ്രനാണ് കൂറുമാറി കോൺഗ്രസിൽ എത്തിയത്. എന്നാൽ, രാജിക്കത്ത് താൻ അയച്ചതല്ലെന്നും അതിലെ ഒപ്പ് തന്റേതല്ലെന്നും വി. ബാലചന്ദ്രൻ ആരോപിച്ചു. ഇക്കാര്യം ഉന്നയിച്ച് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർക്ക് സത്യവാങ്മൂലവും നൽകി. ഇടത് അംഗങ്ങൾ ആരും ചർച്ചയ്ക്ക് എത്തിയില്ല.
2021-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ, 21 വാർഡുകളുള്ള പഞ്ചായത്തിലെ 11 സീറ്റുകൾ നേടി കോൺഗ്രസ് അധികാരത്തിൽ എത്തിയിരുന്നു. എൽ.ഡി.എഫിന് 10 സീറ്റുകൾ കിട്ടി. 2021 ഡിസംബറിൽ രണ്ട് കോൺഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ എൽ.ഡി.എഫ്. അവിശ്വാസംകൊണ്ടുവന്നു. കോൺഗ്രസിന് ഭരണംനഷ്ടമായി. തുടർന്ന് എൽ.ഡി.എഫ്. അധികാരത്തിൽ എത്തി. കോൺഗ്രസിൽനിന്ന് കൂറുമാറിയ പ്രവീണ രവികുമാർ പ്രസിഡന്റും എം. രാജേന്ദ്രൻ വൈസ് പ്രസിഡന്റുമായി. ഇതിനിടെ സിപിഐ. അംഗം തങ്കമുടി കൂറുമാറി കോൺഗ്രസിൽ എത്തി. എങ്കിലും ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ്. ഭരണം തുടർന്നു. കുറച്ചുദിവസം മുൻപാണ് കോൺഗ്രസ് 10 അംഗങ്ങൾ ഒപ്പിട്ട അവിശ്വാസപ്രമേയ നോട്ടീസ് നൽകിയത്.
ബാലചന്ദ്രന് 15 ദിവസത്തിനകം ഇലക്ഷൻ കമ്മിഷന് പരാതി നൽകാമെന്നും സംഭവം സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് നൽകുമെന്നും ദേവികുളം ബി.ഡി.ഒ. ടോമി ജോസഫ് പറഞ്ഞു. കമ്മിഷന്റെ തീരുമാനം വരുന്നതുവരെ പഞ്ചായത്ത് ഭരണത്തിൽ തത്സ്ഥിതി തുടരുമെന്നും ബി.ഡി.ഒ. പറഞ്ഞു.
കത്തിൽ ഒപ്പ് സാക്ഷ്യപ്പെടുത്തിയിരിക്കുന്ന ഗസറ്റഡ് ഓഫീസർക്കെതിരെയും പരാതിയുണ്ട്. അവിശ്വാസ പ്രമേയ ചർച്ചകൾക്ക് മുന്നോടിയായി ഉള്ള രണ്ട് ദിവസം എംജി കോളനിയിലെ സുഹൃത്തിന്റ വീട്ടിലാണ് ബാലചന്ദ്രൻ ഉണ്ടായിരുന്നത്. ആ ദിവസങ്ങളിൽ വേറെ എവിടെയും പോയിട്ടില്ല. രാജിക്കത്ത് തയ്യറാക്കുന്നതിന് ഗസറ്റഡ് ഒഫീസർ മുമ്പാകെ പോയെന്ന് പറയുന്നത് വ്യാജമാണ്. അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് മുന്നോടിയായി സെക്രട്ടറി കത്ത് റിട്ടേണിംങ്ങ് ഓഫീസർക്ക് കൈമാറിയപ്പോൾ ഇക്കാര്യം രേഖാമൂലം പറഞ്ഞിരുന്നു. രാജിക്കത്തിലെ വ്യാജ ഒപ്പിന്റെ ഉറവിടം കണ്ടെത്തുന്നതോടൊപ്പം പ്രതികൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് ബാലചന്ദ്രൻ മൂന്നാർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ