മുംബൈ: ആദായ നികുതി വകുപ്പിന്റെ ബിബിസി ഓഫീസുകളിലെ പരിശോധന മൂന്നാം ദിവസത്തിലേക്ക്. പരിശോധന ഇന്ന് അവസാനിച്ചേക്കുമെന്നാണ് വിവരം.നികുതി നൽകാതെ അനധികൃതമായി ലാഭം വിദേശത്തേക്ക് കടത്തിയെന്ന ആരോപണത്തിലാണ് പരിശോധന തുടരുന്നത്. എന്നാൽ പരിശോധന സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം മൂന്നാം ദിവസത്തിലും വകുപ്പ് നൽകിയിട്ടില്ല. അതിനിടെ ബിബിസി ഡോക്യുമെന്ററി വിഷയത്തിൽ കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ച നടപടിയിൽ സുപ്രീംകോടതിയെ ആർ എസ് എസ് വിമർശിക്കുകയും ചെയ്തു. ആർ എസ് എസ് മുഖപത്രത്തിന്റെ എഡിറ്റോറിയയിലാണ് വിമർശനം.

ബിബിസിയിൽ പരിശോധന അന്തിമ ഘട്ടത്തിലാണ്. പരിശോധന കണക്കിലെടുത്ത് വാർത്താ വിഭാഗത്തിലെ ചില ജീവനക്കാർ മാത്രമാണ് ജോലിക്ക് എത്തുന്നത്.മറ്റുള്ളവരോട് വർക്ക് ഫ്രം ഹോം രീതിയിൽ തുടരാനാണ് ഇന്നും നിർദ്ദേശം. അതെ സമയം ഇന്നലെ ബിബിസിയെ നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് ഹിന്ദു സേന പ്രവർത്തകർ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചതോടെ ഓഫീസിന് സുരക്ഷ കൂട്ടി. ഇതിന് പിന്നാലെയാണ് ആർ എസ് എസും ബിബിസി വിഷയത്തിൽ സുപ്രീംകോടതിയെ വിമർശിക്കുന്നത്. ഇതും നിർണ്ണായക നീക്കമാകും. പരിശോധന പെട്ടെന്നുള്ള നടപടിയല്ലെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളുടെ നിലപാട്. വിശദമായ നടപടിക്രമങ്ങളുടെ തുടർച്ചയാണിത്.

ബിബിസി ഓഫിസുകളിലെ സാമ്പത്തിക ഇടപാടു രേഖകളുടെ പകർപ്പുകൾ ഉദ്യോഗസ്ഥർ ശേഖരിച്ചു. ചൊവ്വാഴ്ച രാത്രി മാധ്യമപ്രവർത്തകരെ വീട്ടിൽ പോകാൻ അനുവദിച്ചെങ്കിലും ധനകാര്യ വിഭാഗം ജീവനക്കാരോടു ഓഫിസിൽ തുടരാൻ ആവശ്യപ്പെട്ടു. അന്വേഷണവുമായി സഹകരിക്കുമെന്നു ബിബിസി ആവർത്തിച്ചു. ഓഫിസിൽ നിർബന്ധമായും എത്തേണ്ടതില്ലാത്ത ജീവനക്കാർക്കു വീട്ടിലിരുന്നു ജോലി ചെയ്യാൻ നിർദ്ദേശം നൽകി.

ഇന്ത്യയിൽ ബിബിസിയുടെ ഘടന, പ്രവർത്തനം തുടങ്ങിയവ സംബന്ധിച്ച ചോദ്യങ്ങൾക്കു വിശദമായ മറുപടി നൽകണമെന്നു ബിബിസി വേൾഡ് സർവീസ് ഡയറക്ടർ ലിലെയ്ൻ ലാൻഡർ ജീവനക്കാർക്ക് അയച്ച കത്തിൽ പറയുന്നു. വ്യക്തിഗത വരുമാനത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽനിന്നു വിട്ടുനിൽക്കാമെങ്കിലും ശമ്പളം സംബന്ധിച്ച മറ്റു ചോദ്യങ്ങൾക്കു മറുപടി നൽകാമെന്നു നിർദേശമുള്ളതായാണു സൂചന.

ആദ്യ നോട്ടിസുകൾക്കു തൃപ്തികരമായ മറുപടിയില്ലാതെ വരുമ്പോഴാണ് ഇത്തരം സർവേയിലേക്കു നീങ്ങുന്നതെന്നും അനൗദ്യോഗികമായി നൽകിയ മറുപടിയിൽ പറയുന്നു. അതിനിടെ മാധ്യമപ്രവർത്തന സ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും മതസ്വാതന്ത്ര്യത്തെയും വിലമതിക്കുന്നുവെന്നും അവയെ ജനാധിപത്യത്തിന്റെ അടിത്തറയായി കാണുന്നുവെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.

ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവും പ്രധാനമന്ത്രി നരേന്ദ്ര മോദി കാപട്യത്തിന്റെ പിതാവുമാണെന്നും കോൺഗ്രസ് വിമർശിച്ചു. ബിജെപി നേതാക്കളുടേത് ഹിറ്റ്‌ലറുടേതിനെക്കാൾ ഉയർന്ന ഏകാധിപത്യമാണെന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കുറ്റപ്പെടുത്തി. ഏറ്റവും വിശ്വാസ്യതയുള്ള മാധ്യമമെന്ന് 2014 നു മുൻപ് ബിബിസിയെ വിശേഷിപ്പിച്ച മോദിക്ക് ഗുജറാത്ത് ഡോക്യുമെന്ററിക്കു ശേഷം വിശ്വാസം നഷ്ടപ്പെട്ടോ എന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര ചോദിച്ചു.

ഓരോ സ്ഥാപനവും ആദ്യം അവർ റെയ്ഡ് ചെയ്യും. പിന്നാലെ മോദിയുടെ സുഹൃത്ത് അദാനി അതു വാങ്ങും. മാധ്യമ സ്ഥാപനങ്ങളിൽ മാത്രമല്ല, തുറമുഖങ്ങൾ, സിമന്റ് കമ്പനികൾ എന്നിവയിലെല്ലാം ഇതു കണ്ടതാണ്. ലോകത്തിനു മുന്നിൽ മോദി ഇന്ത്യയെ പരിഹാസ്യമാക്കി പവൻ ഖേര പറഞ്ഞു.