ലണ്ടൻ: 'ഇന്ത്യ, ദ മോദി ക്വസ്റ്റ്യൻ' എന്ന സീരീസിൽ നിറയുന്നത് മോദി വിമർശനം തന്നെ. ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗവും ബിബിസി സംപ്രേഷണം ചെയ്ത് നൽകുന്നത് മോദിക്കെതിരായ വിമർശനം തുടരുമെന്ന സൂചനയാണ്. ആഗോള നേതാവായി മാറാൻ മോദി ശ്രമിക്കുന്നതിനിടെയാണ് ബിബിസിയുടെ ഈ ഇടപെടൽ. അതുകൊണ്ട് തന്നെ ശക്തമായി പ്രതികരിക്കാൻ കേന്ദ്ര സർക്കാരും ബിജെപിയും തയ്യാറായത്.

മോദി സർക്കാർ രണ്ടാമതും അധികാരത്തിൽ വന്നശേഷം നടന്ന വിവാദ സംഭവങ്ങളെയെല്ലാം പരാമർശിക്കുന്നതായിരുന്നു ഡോക്യുമെന്ററി. ബീഫിന്റെ പേരിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടന്ന സംഭവങ്ങളും കുറ്റക്കാരായവരെ രക്ഷിക്കാൻ നടത്തിയ ശ്രമങ്ങളും ഡോക്യുമെന്ററിയിൽ പറയുന്നുണ്ട്. നരേന്ദ്ര മോദി സർക്കാരിനു കീഴിൽ ഇന്ത്യയിൽ മതപരമായ അസ്വാസ്ഥ്യങ്ങൾ വർധിക്കുകയാണെന്നും മാധ്യമപ്രവർത്തകരും സന്നദ്ധസംഘടനകളും വേട്ടയാടപ്പെടുകയാണെന്നും ബി.ബി.സി. ഡോക്യുമെന്ററി. അങ്ങനെ ആഗോള തലത്തിൽ മോദിക്കുള്ള പ്രതിച്ഛായയെ തകർക്കുകയെന്ന ലക്ഷ്യമാണ് ബിബിസി ഡോക്യുമെന്റിക്കുള്ളത്.

ഡോക്യുമെന്ററിയിലെ അഭിപ്രായങ്ങളിൽനിന്ന് പിന്നോട്ടില്ലെന്ന് മുൻബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക്ക് സ്ട്രോ അറിയിച്ചു. ഡോക്യുമെന്ററി പിൻവലിക്കില്ലെന്ന് ബി.ബി.സി.യും വ്യക്തമാക്കി. രണ്ടാംഭാഗത്തിന്റെ ലിങ്കുകൾ തൃണമൂൽ കോൺഗ്രസ് എംപി. മഹുവാ മൊയ്ത്ര ട്വിറ്ററിൽ പങ്കുവെച്ചു. സാമൂഹികമാധ്യമങ്ങളിൽ ഡോക്യുമെന്ററിയുടെ ആദ്യഭാഗത്തിന്റെ ലിങ്കുകൾ പങ്കുവെക്കുന്നത് ഐ.ടി. മന്ത്രാലയം വിലക്കിയിരുന്നു. വിലക്ക് ലംഘിച്ച് എംപി. മഹുവാ മൊയ്ത്ര, ഡെറിക് ഒബ്രിയാൻ തുടങ്ങിയവർ പങ്കുവെച്ചെങ്കിലും കേന്ദ്രം ഇത് ട്വിറ്ററിൽനിന്ന് നീക്കി.

ഡൽഹി ജാമിയ മിലിയ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളുടെ പാർലമെന്റ് മാർച്ചിനെ നേരിടാൻ യൂണിവേഴ്‌സിറ്റിയിലും കുട്ടികളുടെ ഹോസ്റ്റലിലും പൊലീസ് കയറിയതും ഡൽഹി കലാപത്തിന്റെ വിവരണങ്ങളുമെല്ലാം ഡോക്യുമെന്ററിയിലുണ്ട്. കഴിഞ്ഞയാഴ്ച സംപ്രേഷണം ചെയ്ത ഒന്നാം എപ്പിസോഡ് ഇന്ത്യയിൽ പ്രദർശിപ്പിക്കുന്നതിനെതിരെയുള്ള നിരോധനവും വിവാദങ്ങളും കത്തിപ്പടരുന്നതിനിടെയാണ് ഡോക്യുമെന്ററിയുടെ രണ്ടാംഭാഗവും പുറത്തുവന്നത്. ഗുജറാത്ത് കലാപത്തിൽ മോദിക്കു പങ്കുണ്ടെന്നാരോപിക്കുന്ന ആദ്യഭാഗം രാജ്യത്ത് രാഷ്ട്രീയസംഘർഷങ്ങൾക്ക് വഴിയൊരുക്കിയതിനിടെയാണ് ചൊവ്വാഴ്ച പുലർച്ചെ ഇന്ത്യൻസമയം രണ്ടോടെ ബി.ബി.സി.-2 ചാനൽ രണ്ടാംഭാഗം സംപ്രേഷണം ചെയ്തത്. ഇത് ഇന്ത്യയിൽ ലഭ്യമല്ല.

ഗോരക്ഷയുടെപേരിലുള്ള ആൾക്കൂട്ടക്കൊലപാതകങ്ങൾ, പൗരത്വനിയമപ്രക്ഷോഭത്തെ തുടർന്നുള്ള ഡൽഹി കലാപം, കശ്മീരിന്റെ പ്രത്യേക പദവി നീക്കൽ എന്നിവയൊക്കെ രാജ്യത്തെ മുസ്‌ലിം വിഭാഗത്തെ ലക്ഷ്യമിട്ടുള്ള സർക്കാർ നീക്കങ്ങളായാണ് ഡോക്യുമെന്ററി നിരീക്ഷിക്കുന്നത്. ഈ വിഷയങ്ങളിൽ 2014 മുതലുള്ള മോദി സർക്കാരിന്റെ പ്രവർത്തനങ്ങളെപ്പറ്റി ദൃക്സാക്ഷികൾ, അക്കാദമിക് വിദഗ്ദ്ധർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരുടെ അഭിമുഖങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതെല്ലാം ഏകപക്ഷീയമാണെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.

ഗോരക്ഷാപ്രവർത്തകർ 2015 മെയ്‌-2018 ഡിസംബർ കാലത്ത് 44 പേരെ കൊലപ്പെടുത്തിയെന്ന് ഡോക്യുമെന്റി ആരോപിക്കുന്നു. 2017-ൽ അലിമുദ്ദീൻ അൻസാരിയെ കൊലപ്പെടുത്തിയ പ്രതികളുടെ ബിജെപി. ബന്ധം, ഇവർക്ക് പാർട്ടി നൽകിയ സഹായം എന്നിവയും പരാമർശിക്കുന്നു. പ്രതികളെ 'മോദിയുടെ മന്ത്രി' മാലയിട്ട് സ്വീകരിച്ചുവെന്ന് കുറ്റപ്പെടുത്തുന്നുണ്ട്. 2020-ലെ ഡൽഹി കലാപം ബിജെപി. പിന്തുണയുള്ള തീവ്രവിഭാഗങ്ങൾ മുസ്‌ലിങ്ങൾക്കെതിരേ ഇളക്കിവിട്ടതാണെന്നും പൊലീസ് പക്ഷപാതപരമായി പെരുമാറിയെന്നും ഡോക്യുമെന്ററി ആരോപിക്കുന്നു.

ആംനസ്റ്റി ഉൾപ്പെടെ ആയിരത്തോളം സന്നദ്ധസംഘടനകളെ നിഷ്‌ക്രിയമാക്കിയെന്നതാണ് മറ്റൊരു ആക്ഷേപം. മുൻ എംപി. സ്വപൻദാസ് ഗുപ്തയാണ് ഡോക്യുമെന്ററിയിൽ ബിജെപി.യുടെ ഭാഗം വിശദീകരിക്കുന്നത്. നരേന്ദ്ര മോദിയുടെ ഹിന്ദുത്വ ആശയങ്ങൾക്ക് മഹാഭൂരിപക്ഷത്തിന്റെ പിന്തുണയുണ്ടെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു. പ്രധാനമന്ത്രിയായതിൽ പിന്നെ മോദിയും ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷവും തമ്മിലുള്ള ബന്ധം വഷളായതെങ്ങനെയെന്ന് വിലയിരുത്താനാണ് തങ്ങളുടെ ശ്രമമെന്ന് ബി.ബി.സി പറയുന്നു.

'ഗോരക്ഷ' ഗുണ്ടകളുടെ ആക്രമണത്തിൽ 2015 മേയിലും 2018 ഡിസംബറിനുമിടയിൽ 44 പേർ കൊല്ലപ്പെട്ടതായി 'ഹ്യൂമൻ റൈറ്റ്‌സ് വാച്ച്' വെളിപ്പെടുത്തി. സംഭവങ്ങളിൽ 280ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ ഭൂരിഭാഗവും മുസ്‌ലിംകളാണ്. ഇന്ത്യയുടെ സംവിധാനങ്ങളെല്ലാം ഹിന്ദുവത്കരിക്കുകയും രാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സ്വഭാവം മാറ്റിത്തീർക്കുകയും ചെയ്യുകയെന്നതാണ് ഇതിന്റെയെല്ലാം അടിസ്ഥാന ലക്ഷ്യമെന്ന് സ്‌കോട്ട്‌ലൻഡ് സെന്റ് ആൻഡ്രൂസ് സർവകലാശാല അസോ. പ്രഫസറും ഇന്ത്യൻരാഷ്ട്രീയ വിദഗ്ധനുമായ ക്രിസ് ഓഗ്‌ഡെൻ അഭിപ്രായപ്പെട്ടു.

മോദി രണ്ടാമത് അധികാരമേറ്റ് ഒമ്പതാഴ്ച കഴിയുമ്പോഴാണ് കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ് കേന്ദ്രഭരണ പ്രദേശമാക്കി വിഭജിച്ചത്. ആശയവിനിമയ സംവിധാനങ്ങൾ പൂർണമായും തടഞ്ഞു. പ്രതിഷേധങ്ങൾ അടിച്ചമർത്തി. ആദ്യമാസം മാത്രം നാലായിരത്തോളം പേരെ തടവിലാക്കി. ഈ നയങ്ങൾവഴി, പുതിയൊരുതരം 'ഇന്ത്യാവത്കരണം' ആണ് നടപ്പാക്കുന്നതെന്ന് ഇന്ത്യ, ദക്ഷിണേഷ്യ വിദഗ്ധനായ രാഷ്ട്രീയവിശാരദൻ ക്രിസ്റ്റോഫ് ജെഫ്രലോട്ട് പറഞ്ഞു.

മതവും പൗരത്വവും ബന്ധിപ്പിക്കാനുള്ള ശ്രമത്തിനെതിരെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധമുയർന്നു. പ്രതിഷേധക്കാർക്കെതിരെ തീവ്രഹിന്ദുത്വ നേതാക്കൾ ഭീഷണിയുയർത്തി. 2020 ഫെബ്രുവരിയിൽ ഡൽഹിയിലുണ്ടായ കലാപത്തിൽ 53 പേർ കൊല്ലപ്പെട്ടു. ഫൈസാൻ എന്ന 23കാരൻ പൊലീസിന്റെ അടിയേറ്റ് മരിച്ചു. ഡൽഹി കലാപത്തിൽ കൊല്ലപ്പെട്ട മൂന്നിൽ രണ്ടുപേരും മുസ്‌ലിംകളായിരുന്നു. പ്രതിഷേധക്കാർക്കുനേരെ പൊലീസ് ഗുരുതര മനുഷ്യാവകാശ ലംഘനം നടത്തിയതും മൂന്നാംമുറ പ്രയോഗിച്ചതും 'ആംനസ്റ്റി ഇന്റർനാഷനലി'നെ ഉദ്ധരിച്ച് ഡോക്യുമെന്ററി വിശദീകരിച്ചു.

'ഈ നടക്കുന്നകാര്യങ്ങൾ എല്ലാവരും അംഗീകരിക്കുന്നില്ല എന്നതിന് ഒരുരേഖയാവട്ടെ എന്ന് കരുതിയാണ് ഡോക്യുമെന്ററിയിൽ സംസാരിക്കുന്നതെന്നും സഹായത്തിന് ആരും വരാനില്ലാത്തതിനാൽ ഇത് സഹായാഭ്യർഥനയൊന്നുമല്ലെന്നും' എഴുത്തുകാരി അരുന്ധതി റോയ് പറഞ്ഞു. ഇത്തരം വിഷയങ്ങളിൽ അന്താരാഷ്ട്ര ഇടപെടൽ ഉണ്ടാകാത്തത് എന്തുകൊണ്ട് എന്നചോദ്യത്തിന് ജെഫ്രലോട്ടിന്റെ മറുപടി ഇങ്ങനെ: ' പടിഞ്ഞാറൻ രാജ്യങ്ങൾ ചൈനയുമായുള്ള ബാലൻസ് ഒപ്പിക്കാൻ കാണുന്നത് ഇന്ത്യയെയാണ്. ചൈന വെല്ലുവിളിയായി നിൽക്കുമ്പോൾ മനുഷ്യാവകാശമൊന്നും പരിഗണനയാകില്ല'.

തൊഴിലിന്റെ ഭാഗമായി മാധ്യമപ്രവർത്തകർ ആക്രമണവും ഭീഷണിപ്പെടുത്തലും അറസ്റ്റും നേരിടേണ്ടിവരുന്നു. 2015നുശേഷം ആയിരക്കണക്കിന് സർക്കാറിതര സംഘടനകൾക്കും പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നുവെന്നും ഡോക്യുമെന്ററി വിലയിരുത്തുന്നു.