ന്യൂഡൽഹി: ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ മൂന്നുദിവസത്തോളം നീണ്ട പരിശോധനകൾക്ക് ഒടുവിൽ ഓഫിസുകളിലെ ധനവിനിമയത്തിൽ ക്രമക്കേട് സ്ഥിരീകരിച്ച് ആദായ നികുതി വകുപ്പ്. ബിബിസി ഓഫിസുകളിൽനിന്നു കണ്ടെത്തിയ വരുമാന ലാഭ കണക്കുകൾ അവരുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളും തമ്മിൽ യോജിക്കുന്നില്ലെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി.

ജിവനക്കാരുടെ മൊഴികളിൽനിന്നും, ഡിജിറ്റൽ തെളിവുകൾ, രേഖകൾ എന്നിവ പരിശോധിച്ചതിൽനിന്നും നിർണായക വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും ബിബിസിക്കെതിരായ നടപടികൾ തുടരുമെന്നും വ്യക്തമാക്കി. ബിബിസിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധി തെളിവുകൾ ശേഖരിച്ചെന്നും വകുപ്പ് അറിയിച്ചു.

60 മണിക്കൂർ നീണ്ട മാരത്തൺ പരിശോധന ഇന്നലെ രാത്രി പൂർത്തിയായതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പ് പ്രസ്താവനയിലൂടെ വിശദാംശങ്ങൾ പുറത്തുവിടുന്നത്. ആദായ നികുതി നിയമം 133 എ പ്രകാരമാണ് സർവേ നടത്തിയത്. പ്രവർത്തനത്തിന് ആനുപാതികമായ വരുമാനമല്ല ബിബിസി രേഖകളിൽ കാണിച്ചിരിക്കുന്നതെന്നാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്.

ചില രേഖകൾ ആവശ്യപ്പെട്ടപ്പോൾ കാലതാമസം വരുത്തി. പരിശോധന നീളാൻ ഇത് കാരണമായെങ്കിലും സ്ഥാപനത്തിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തിയിരുന്നുവെന്നും പ്രസ്താവയിൽ ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നു. ക്രമക്കേടുകൾ കണ്ടെത്തിയെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ ബിബിസിക്കെതിരായ നടപടി ഇനിയും തുടരുമെന്ന് ഉറപ്പായി.

ബിബിസി ഗ്രൂപ്പിന്റെ വിദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചില പണമിടപാടുകൾക്ക് നികുതി കൃത്യമായ അടച്ചിട്ടില്ലെന്നും ആദായ നികുതി വകുപ്പ് ആരോപിച്ചു. ഇന്ത്യയിലെ പ്രവർത്തനങ്ങളിൽനിന്ന് ലഭിച്ച വരുമാനം വിദേശത്തേക്ക് വകമാറ്റി. ബിബിസി ഉദ്യോഗസ്ഥർ രേഖകൾ ഹാജരാക്കാൻ കാലതാമസം എടുത്തതിനാലാണ് പരിശോധന നീണ്ടതെന്നും ഇവർ വ്യക്തമാക്കി.

രാജ്യാന്തര നികുതി, ബിബിസി ഉപകമ്പനികൾ തമ്മിലുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ പ്രൈസിങ് രീതി എന്നിവ സംബന്ധിച്ചാണ് ബിബിസി ഓഫിസുകളിൽ പരിശോധന നടത്തിയതെന്നാണ് വിവരം. ബിബിസിയുടെ മുംബൈ, ഡൽഹി ഓഫിസുകളിൽ ചൊവ്വാഴ്ച രാവിലെ 11ന് ആരംഭിച്ച പരിശോധന വ്യാഴാഴ്ച രാത്രിയോടയാണ് പൂർത്തിയായത്.

വിവിധ ഇന്ത്യൻ ഭാഷകളിൽ ബിബിസിക്ക് പ്രക്ഷേപണമുണ്ട്. എന്നാൽ സ്ഥാപനം കാണിക്കുന്ന ലാഭവും രാജ്യത്തെ പ്രവർത്തനങ്ങളുടെ സ്‌കെയിലും അനുപാതികമല്ലെന്ന് വകുപ്പ് ചൂണ്ടിക്കാട്ടി. ബിബിസി ഗ്രൂപ്പ് വിദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചില പണമിടപാടുകളിൽ നികുതി അടച്ചിട്ടില്ല. രേഖകളും കരാറുകളും ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ ബിബിസി ഉദ്യോഗസ്ഥർ മനഃപൂർവ്വം വൈകിപ്പിച്ചതായും വാർത്താകുറിപ്പിൽ പറയുന്നു. എന്നാൽ കണ്ടെത്തലുകളോട് ബിബിസി പ്രതികരിച്ചിട്ടില്ല.

ബിബിസി ഇന്ത്യയുടെ 2012 മുതലുള്ള സാമ്പത്തിക രേഖകളുടെ സർവേയാണ് നടന്നതെന്നാണ് ആദായനികുതി വകുപ്പ് അറിയിച്ചത്. ചൊവ്വാഴ്ച പകൽ 11.30ഓടെയാണ് ആദായനികുതി ഉദ്യോഗസ്ഥർ റെയ്ഡിനായി ഡൽഹി, മുംബൈ ഓഫീസുകളിൽ എത്തിയത്. പൊലീസ് സുരക്ഷയിലായിരുന്നു പരിശോധന. നടക്കുന്നത് റെയ്ഡല്ല, സർവേയാണെന്നായിരുന്നു വിശദീകരണം. ഗുജറാത്ത് കലാപമടക്കം പരാമർശിച്ചുള്ള ബി.ബി.സിയുടെ ഇന്ത്യ: ദി മോദി ക്വസ്റ്റിയൻ എന്ന ഡോക്യുമെന്ററി നിരോധിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെയാണ് ബി.ബി.ബി. ഓഫീസുകളിൽ റെയ്ഡ് നടന്നത്. റെയ്ഡിനെതിരെ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു.