- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിബിസി ഓഫിസുകളിലെ റെയ്ഡ്: ഉഭയകക്ഷി ചർച്ചയിൽ വിഷയം ഉന്നയിച്ച് ബ്രിട്ടിഷ് വിദേശകാര്യമന്ത്രി; രാജ്യത്തെ നിയമങ്ങൾ എല്ലാ സ്ഥാപനങ്ങൾക്കും ഒരുപോലെ ബാധകമെന്ന് എസ്.ജയ്ശങ്കർ; കൂടിക്കാഴ്ച, ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനിടെ
ന്യൂഡൽഹി: ബിബിസിയുടെ മുംബൈ, ഡൽഹി ഓഫീസുകളിൽ ആദായനികുതി വകുപ്പ് അധികൃതർ നടത്തിയ പരിശോധന സംബന്ധിച്ച വിഷയം ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ ഉന്നയിച്ച് ബ്രിട്ടൺ. ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ജെയിംസ് ക്ലവർലിയാണ് എസ്. ജയ്ശങ്കറുമായി നടത്തിയ ചർച്ചയിൽ വിഷയം ഉന്നയിച്ചത്.
ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനായി ഇവിടെ എത്തിയതായിരുന്നു ജെയിംസ് ക്ലവർലി. രാജ്യത്തെ നിയമങ്ങൾ എല്ലാ സ്ഥാപനങ്ങൾക്കും ഒരുപോലെ ബാധകമാണെന്ന് ഇന്ത്യ മറുപടി നൽകി. ബുധനാഴ്ച നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് വിഷയം ഉന്നയിച്ചതെന്ന് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഒരു അഭിമുഖത്തിലാണ് വെളിപ്പെടുത്തിയതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.
ന്യൂഡൽഹിയിലേയും മുംബൈയിലെയും ബിബിസി ഓഫീസുകളിലാണ് ആദായനികുതി വകുപ്പ് അധികൃതർ കഴിഞ്ഞമാസം പരിശോധന നടത്തിയത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി ബിബിസി സംപ്രേഷണം ചെയ്തതിന് പിന്നാലെ നടന്ന റെയ്ഡിനെതിരെ വിമർശനം ഉയർന്നിരുന്നു. കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടിയാണ് റെയ്ഡെന്ന വിമർശനം ഉയർന്നിരുന്നു. പിന്നാലെയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ബ്രിട്ടീഷ് വിദേശകാര്യമന്ത്രി വിഷയം ഉന്നയിച്ചത്.
ബിബിസിയുടെ ഓഫിസുകളിൽ നടത്തിയ പരിശോധനയിൽ നികുതിയുമായി ബന്ധപ്പെട്ട് ഒട്ടേറെ പൊരുത്തക്കേടുകൾ കണ്ടെത്തിയതായി കേന്ദ്ര ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 58 മണിക്കൂർ നീണ്ട പരിശോധന വ്യാഴാഴ്ച രാത്രിയാണ് അവസാനിച്ചത്. ബിബിസി ഗ്രൂപ്പിൽപ്പെട്ട പല കമ്പനികളുടെയും കണക്കിൽ കാണിച്ചിട്ടുള്ള വരുമാനവും ലാഭവും ഇന്ത്യയിലെ പ്രവർത്തനത്തിന്റെ തോതുമായി ഒത്തുപോകുന്നില്ലെന്നാണു പ്രധാന കണ്ടെത്തൽ.
ജീവനക്കാരുടെ മൊഴി, ശേഖരിച്ച ഡിജിറ്റൽ തെളിവുകൾ, രേഖകൾ എന്നിവ വരുംദിവസങ്ങളിൽ പരിശോധിക്കുമെന്ന് കേന്ദ്രം അറിയിച്ചു. ധനകാര്യവിഭാഗം, കണ്ടന്റ് ഡവലപ്‌മെന്റ് തുടങ്ങിയ മേഖലകളിലെ പ്രധാനപ്പെട്ടവരുടെ മൊഴികളാണ് എടുത്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും 2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുമുള്ള ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് ആദായ നികുതി വകുപ്പ് ബിബിസിയുടെ ഓഫിസുകളിൽ പരിശോധന നടത്തിയത്. പരിശോധനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ