തിരുവനന്തപുരം: വെള്ളനാട് എന്ന കൊച്ചു ഗ്രാമത്തിലെ ജനവാസമേഖലയിൽ കരടി എത്തിയതിന്റെ നടുക്കം മാറാതെ നിൽക്കുകയാണ് ഇവിടുത്തെ നാട്ടുകാർ. എവിടെ നിന്നാണ് കരടി എത്തിയത് എന്നതാണ് നാട്ടുകാർ ഉയർത്തുന്ന പ്രധാന ചോദ്യം. കാട്ടുപന്നിയെയും കുരങ്ങന്മാരെയുമാല്ലാതെ ഈ പ്രദേശങ്ങളിൽ ഇതുവരെ ആരും കരടിയെ കണ്ടിട്ടില്ല.

ഇവിടെ നിന്നും വനമേഖലയിലേക്ക് എത്താൻ കിലോമീറ്ററുകൾ പോകണം. എന്തായാലും നിലവിൽ കരടി എവിടെ നിന്നു വന്നു എന്നതിൽ വ്യക്തത വരുത്താൻ വനം വകുപ്പിന് സാധിച്ചിട്ടില്ല. ഇന്നലെ പുലർച്ചെ ഒരുമണിയോടെ കണ്ണംമ്പള്ളി ശ്രീവിലാസത്തിൽ വിജയന്റെ വീട്ടിലെ കോഴിക്കൂട് കരടി ആദ്യം തകർത്തു. ഇതിനുള്ളിൽ കോഴികൾ ഇല്ലായിരുന്നു. പിന്നീട് സമീപത്തെ രണ്ടാമത്തെ കോഴിക്കൂടിന്റെ വാതിൽ തകർത്തു. ഇതിനുള്ളിൽ ഉണ്ടായിരുന്ന 15 കോഴികളിൽ രണ്ടെണ്ണത്തിനെ കടിച്ചു കുടഞ്ഞതിന്റെ അവശിഷ്ടങ്ങൾ സമീപത്തുണ്ടായിരുന്നു.

അതേസമയം ബാക്കിയുള്ള കോഴികൾ പറന്നു പോയി. എത്ര എണ്ണത്തെ കരടി അകത്താക്കി എന്നതിൽ വീട്ടുകാർക്കും വ്യക്തതയില്ല. ഈ കോഴിക്കൂടിനോട് ചേർന്നാണ് പശുത്തൊഴുത്ത്. പശുക്കളുടെ കരച്ചിൽ കേട്ട് വിജയന്റെ കുടുംബം എത്തിയപ്പോഴാണ് കരടിയെ കണ്ടത്. വീട്ടുകാർ ലൈറ്റ് തെളിച്ചപ്പോൾ കരടി കിണറ്റിനുള്ളിലേക്ക് വീണതു കണ്ടെന്ന് പ്രഭാകരൻ നായർ പറഞ്ഞു. പത്തിലധികം തവണ കരടി കിണറിന് മുകളിലേക്ക് കയറി വന്നെങ്കിലും സിമന്റ് പൂശിയ സംരക്ഷണഭിത്തിയിൽ കയറാൻ സാധിക്കാതെ താഴേക്ക് വീഴുകയായിരുന്നു.

പിന്നീട് രക്ഷാ പ്രവർത്തനത്തിനിടെ കരടി മരിക്കുകയും ചെയ്തു. അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരാണ് കരടിയെ വലയിലാക്കി പുറത്തെടുത്തത്. മയക്കുവെടിവച്ച് രക്ഷിക്കാനുള്ള ശ്രമത്തിനിടെ കരടി വെള്ളത്തിൽ മുങ്ങിത്താഴ്ന്നിരുന്നു. ഒരുമണിക്കൂറിലേറെ കരടി കിണറ്റിലെ വെള്ളത്തിൽ മുങ്ങിത്താഴ്ന്ന നിലയിലായിരുന്നു. ഒടുവിൽ അഗ്‌നിരക്ഷാ സേന എത്തിയാണ് കരടിയെ വലയിലാക്കി പുറത്തെടുത്തത്. കരടിയെ പാലോട് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു.

അതേസമയം സംഭവത്തിൽ വീഴ്ച ഉണ്ടായെങ്കിൽ നടപടിയെടുക്കുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. കിണറ്റിൽ വെച്ച് കരടിയെ മയക്കുവെടി വെച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. കരടിയെ രക്ഷപ്പെടുത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ പരമാവധി ശ്രമിച്ചിരുന്നുവെന്നും അതിനിടയിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുമെന്നും ഇതുസംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് മന്ത്രി പ്രതികരിച്ചു.

'കരടി കിണറ്റിൽ വീണെന്ന വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാദൗത്യത്തിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. പക്ഷേ, അതിനിടയിൽ അവർക്കും ശ്വാസംമുട്ടലുണ്ടാകുന്ന സ്ഥിതിവന്നു. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കും. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനനുസരിച്ച് നടപടികൾ സ്വീകരിക്കും', മന്ത്രി പറഞ്ഞു. ബുധനാഴ്ച രാത്രിയായിരുന്നു കണ്ണംപള്ളി സ്വദേശി പ്രഭാകരന്റെ വീട്ടിലെ കിണറ്റിൽ കരടി വീണത്. വ്യാഴാഴ്ച രാവിലെ രക്ഷാപ്രവർത്തനത്തിനിടെ വനംവകുപ്പ് അധികൃതരുടെ മയക്കുവെടിയേറ്റ കരടി കിണറ്റിലെ വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു. മയക്കുവെടിവെച്ച് കരടിയെ വലയിൽ വീഴ്‌ത്താനാണ് വനംവകുപ്പ് ശ്രമിച്ചതെങ്കിലും ഇത് പാളി.

ദീർഘനേരം കരടി വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന സാഹചര്യമുണ്ടായി. തുടർന്ന് അഗ്നിശമനസേന വെള്ളം വറ്റിച്ച ശേഷം കരടിയെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെള്ളം വറ്റിക്കാതെ കരടിയെ മയക്കുവെടിവെച്ചത് വനംവകുപ്പിന്റെ വീഴ്ചയാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്.