തിരുവനന്തപുരം: വെള്ളനാട് കിണറ്റിൽ വീണ കരടി മരിക്കാൻ കാരണം വനംവകുപ്പിന്റെ അനാസ്ഥ. പാമ്പിനെ പിടിക്കാൻ തീവ്രപരിശീലനം ലഭിച്ചവരാണ് ആർആർടിയിലുള്ളവരിലേറെയും. ഇവരെ ഉപയോഗിച്ച് 400 കിലോ ഭാരമുള്ള കരടിയെ കിണറ്റിനുള്ളിൽ നിന്നും പിടിക്കാൻ ശ്രമിച്ചു. ഇവിടെയാണ് പിഴവുണ്ടായത്. കിണറ്റിലെ വെള്ളം വറ്റിച്ച ശേഷം മയക്കു വെടി വയ്ക്കണമായിരുന്നു. ഇതിനൊപ്പം ഫയർഫോഴ്‌സ് സേവനവും അനിവാര്യമായിരുന്നു. ഇതൊന്നും വനം വകുപ്പ് ചെയ്തില്ല. ആസൂത്രണത്തോടെയും ഏകോപനത്തോടെയും പ്രവർത്തിച്ചിരുന്നെങ്കിൽ കരടിയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നു എന്നതാണ് വസ്തുത.

അതിനിടെ കരടി കിണറ്റിനുള്ളിൽ മയക്കു വെടിയേറ്റ് മുങ്ങി മരിച്ച സംഭവത്തിൽ 2 ഉന്നത ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകി ഒതുക്കി തീർക്കാൻ നീക്കം സജീവമാണ്. മയക്കു വെടിവയ്ക്കാൻ അനുമതി നൽകിയ ഉദ്യോഗസ്ഥൻ, സ്ഥലത്ത് ഉണ്ടായിരുന്നിട്ടും ഏകോപനത്തിൽ ഗുരുതര വീഴ്ച വരുത്തിയ 2 ഉദ്യോഗസ്ഥർ എന്നിവർക്കാണ് നോട്ടിസ് നൽകുക. സംഭവത്തെക്കുറിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിങ്, വനം മന്ത്രി എ.കെ.ശശീന്ദ്രന് നൽകുന്ന വിശദ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നോട്ടിസ് നൽകുക.

ജനങ്ങളുടെ സുരക്ഷാർഥമാണ് കിണറ്റിനുള്ളിൽ വച്ച് കരടിയെ മയക്കുവെടിവച്ചതെന്ന വിശദീകരണമാണ് സ്ഥലത്തുള്ളവർ വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർക്കു കൈമാറിയത്. വനംവകുപ്പിന്റെ ദ്രുതപ്രതികരണ സേനയുടെ(ആർആർടി) ചുമതലയുള്ള ഉദ്യോഗസ്ഥരെ കരടിയെ പുറത്തെടുക്കാൻ നിയോഗിച്ചതും, റിങ് വല പിടിക്കാൻ നാട്ടുകാരുടെ സഹായം തേടിയതും ഉചിതമായില്ലെന്നു വനം വകുപ്പ് ഇന്റലിജൻസിനു റിപ്പോർട്ട് ചെയ്തു. 6 ആർആർടി അംഗങ്ങളാണ് കരടിയെ കിണറ്റിൽ നിന്നു പുറത്തെടുക്കാൻ സ്ഥലത്തുണ്ടായിരുന്നത്. ഇവർ പാമ്പു പിടിത്തക്കാരായിരുന്നു.

കൂടുതൽ അംഗങ്ങളെ വിളിച്ചു വരുത്താൻ തയാറാകാത്തതും രക്ഷാപ്രവർത്തനം വൈകുന്നതിന് ഇടയാക്കി. രക്ഷാദൗത്യത്തിൽ വിദഗ്ധ പരിശീലനം ലഭിച്ച അഗ്‌നിരക്ഷാ സേനാംഗങ്ങളെ തുടക്കത്തിൽ തന്നെ രക്ഷാപ്രവർത്തനത്തിൽ ഒപ്പം കൂട്ടാൻ മടിച്ചു. അതേസമയം, ആർആർടി അംഗങ്ങളിൽ ചിലർ മുൻപ് പാലോട് മേഖലയിൽ ഒരു കരടിയെ പിടികൂടി കൂട്ടിലാക്കിയിട്ടുണ്ടെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. അത് കിണറ്റിൽ വീണ കരടിയായിരുന്നില്ലെന്നതാണ് വസ്തുത.

കരടി മയക്കുവെടിയേറ്റ് മുങ്ങിച്ചത്ത സംഭവം വിജിലൻസ് സംഘം അന്വേഷിക്കും. ദൗത്യത്തിൽ ജീവനക്കാർക്ക് തെറ്റ് പറ്റിയോയെന്നും വീഴ്ച വരുത്തിയോയെന്നുമാണ് അന്വേഷിക്കുക. റാപിഡ് റെസ്പോൺസ് ടീമിന്റെ (ആർ.ആർ.ടി) പ്രവർത്തനത്തെക്കുറിച്ചും അന്വേഷിക്കും. വിശദമായ അന്വേഷത്തിന് ശേഷമേ നടപടിയിലേക്ക് കടക്കുകയുള്ളൂ. വനംവകുപ്പിന്റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ പാലിക്കുന്നതിലുണ്ടായ വീഴ്ചയും പരുത്തിപ്പള്ളിയിലെ ആർ.ആർ.ടിയെക്കുറിച്ചുയർന്ന ആക്ഷേപങ്ങളും സംഘം പരിശോധിക്കും.

വ്യാഴം പുലർച്ചെയാണ് വെള്ളനാട് കണ്ണമ്പള്ളി കുറിഞ്ചിലക്കോട് പ്രഭാ മന്ദിരത്തിൽ ബി.പ്രഭാകരൻ നായർ വാടകയ്ക്കു താമസിക്കുന്ന വീടിന്റെ പിൻവശത്തെ കിണറ്റിൽ കോഴിയെ പിടിക്കാനുള്ള ശ്രമത്തിനിടെ ആൺ കരടി വീണത്. വനം വകുപ്പ് മയക്കുവെടി വച്ച് മയക്കി റിങ് നെറ്റ് ഉപയോഗിച്ച് കരയ്ക്കു കയറ്റാനുള്ള ശ്രമത്തിനിടെയാണ് വെള്ളത്തിൽ വീണ് കരടി ചത്തത്. കരടി മുങ്ങിച്ചത്ത സംഭവത്തെ തുടർന്ന് ഈ പ്രദേശങ്ങളിൽ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി. നാട്ടുകാർ ആശങ്ക പങ്കു വച്ചതോടെയാണ് പ്രദേശങ്ങൾ നിരീക്ഷിക്കുന്നതെന്ന് ഡിഎഫ്ഒ പ്രദീപ്കുമാർ പറഞ്ഞു.

ജനവാസമേഖലയിൽ കരടി എത്താനിടയായതിനെക്കുറിച്ച് ഇതുവരെ അന്വേഷണം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കരടി അഗസ്ത്യമലനിരകളിൽ നിന്നായിരിക്കാം എത്തിയതെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. അതേസമയം, അവിടെ നിന്ന് 20 കിലോമീറ്ററിൽ അധികം ദൂരം വരുന്ന കണ്ണമ്പള്ളിയിൽ ദിവസങ്ങളെടുത്താണ് എത്തിയതെങ്കിൽ, ആരുടെയെങ്കിലും കണ്ണിൽപ്പെടുമായിരുന്നില്ലേ എന്ന ചോദ്യവും വനം വകുപ്പിനെ കുഴക്കുന്നു. സർ്ക്കാരിന് വ്യക്തമായ ഉത്തരം ഇക്കാര്യത്തിൽ ഇല്ല. ഇത് നാട്ടുകാരെ ആശങ്കയിലാക്കുന്നുണ്ട്.