പത്തനംതിട്ട: നരബലിക്കേസിൽ അറസ്റ്റിലായ മുഖ്യപ്രതികളിലൊരാളുടെ പേര് കേട്ടപ്പോൾ എല്ലാവർക്കും സംശയം. ഭഗവൽ സിങ്-ഇയാൾ സിഖുകാരനാണോ? എങ്കിൽ താടിയും മുടിയും കൃപാണും കങ്കണവുമെവിടെ? ഇനി ഇയാൾ സിങ് എന്ന പേര് അലങ്കാരത്തിന് സ്വീകരിച്ചതാണോ? അതുമല്ല. ഇയാളുടെ യഥാർഥ പേര് തന്നെയാണ് ഭഗവൽ സിങ്.

സിങ് എന്ന വാല് പേരിനൊപ്പം ചേർത്തിരിക്കുന്ന ഒരു പാട് പേരുണ്ട് പത്തനംതിട്ട ജില്ലയിൽ. പ്രത്യേകിച്ചും മെഴുവേലി, ഇലന്തൂർ, റാന്നി മേഖലകളിൽ. ഈഴവ സമുദായത്തിൽപ്പെട്ടവർക്കാണ് സിങ് ചേർത്തുള്ള പേര് കൂടുതൽ. മംഗൾ സിങ്, ജയൻ സിങ്, ജയസിങ് തുടങ്ങിയ പേരുകൾ ഇവിടെ ചിരപരിചിതമാണ്. പക്ഷേ, ഈ പേരിന് പിന്നിലെ കഥയൊന്നും ആരും ഇതു വരെ ചികഞ്ഞിരുന്നില്ല.

എന്തു കൊണ്ട് കേരളത്തിൽ, പ്രത്യേകിച്ച് ഈഴവസമുദായക്കാർക്കിടയിൽ സിങ് എന്ന പേര് വ;്യാപകമായി എന്ന് പരിശോധിച്ചാൽ അതിന് ശ്രീനാരായണ ഗുരുവിന്റെ കാലത്തോളം പഴക്കമുണ്ടെന്ന് കാണാം. പ്രഫ. എം.കെ. സാനു രചിച്ച ഒരു പുസ്തകത്തിൽ ഇതു സംബന്ധിച്ച് പരാമർശമുണ്ട്. അയിത്തം കൊടികുത്തി വാണ കേരള സമൂഹത്തിൽ ഈഴവ സമുദായാംഗങ്ങളിൽ ചിലർ മറ്റു മതങ്ങളിലേക്ക് ചേക്കേറി. ഈഴവ സമുദായാംഗങ്ങൾ ബുദ്ധമതം സ്വീകരിക്കണമെന്ന് സഹോദരൻ അയ്യപ്പൻ ആഹ്വാനം ചെയ്തിരുന്നു. അംബേദ്കറെ ബുദ്ധമതം സ്വീകരിക്കാൻ പ്രേരിപ്പിച്ചതും ജാതി വ്യവസ്ഥയായിരുന്നു.

സഹോദരൻ അയ്യപ്പന്റെ ആഹ്വാനം കൊണ്ടാകണം ഈഴവ സമുദായാംഗങ്ങൾ ബുദ്ധമതം മാത്രമല്ല, മറ്റു മതങ്ങളും സ്വീകരിച്ചു. റാന്നിയിൽ ചില കുടുംബങ്ങൾ സിഖ് മതം സ്വീകരിച്ചു. പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ പോയി ആചാരപ്രകാരം സിഖ് മതം സ്വീകരിച്ച ഇവർ ഇപ്പോഴും റാന്നിയിലുണ്ട്. പേര് കൊണ്ട് ജാതി തിരിച്ചറിയുന്ന കാലത്ത് തങ്ങൾ ഈഴവർ അല്ലെന്ന് അറിയിക്കാൻ വേണ്ടി വ്യാപകമായി മറ്റു മതനാമങ്ങൾ സ്വീകരിച്ചിരുന്നവരുമുണ്ട്. ഏറ്റവും കുടുതൽ ക്രൈസ്തവ, മുസ്ലിം നാമങ്ങളാണ് ഇവർ സ്വീകരിച്ചത്. സലിമും സെലിനയും ഷിബുവും സണ്ണിയുമൊക്കെ ഈഴവ സമുദായത്തിൽ വന്നത് അങ്ങനെയാണ്. ഇത്തരം പേരുമാറ്റങ്ങളുടെ ഭാഗമായി സിങ് എന്ന വാൽ ചേർത്തുവെന്നും കരുതുന്നു.

ജാതിവ്യവസ്ഥ കൊടികുത്തി വാണിരുന്ന കാലത്ത് ഏറ്റവുമധികം ഈഴവർ ക്രിസ്തുമതം സ്വീകരിച്ചത് ചെങ്ങന്നൂരിലായിരുന്നു. അവരെ തിരിച്ചു കൊണ്ടു വരാൻ വേണ്ടി നാണു ആശാൻ എന്നയാളെ ശ്രീനാരായണ ഗുരു നിയോഗിച്ചുവെന്ന് എം.കെ. സാനുവിന്റെ പുസ്തകത്തിൽ പരാമർശം ഉണ്ട്.