- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രയേലിൽ മുങ്ങിയ കർഷകൻ ബിജു കുര്യന്റെ വീസ റദ്ദാക്കും; ഇസ്രയേൽ ഇന്ത്യൻ എംബസിക്ക് സംസ്ഥാന സർക്കാർ കത്തുനൽകും; ബിജുവിനെ എത്രയും വേഗം കണ്ടെത്തണമെന്നും ആവശ്യം; രാജ്യത്തിന് നാണക്കേടു വരുത്തി ആസൂത്രിതമായി മുങ്ങിയ കർഷകനെതിരെ നിലപാട് കടുപ്പിച്ചു സർക്കാർ
തിരുവനന്തപുരം: കൃഷി പഠനത്തിന് ഇസ്രയേലിൽ എത്തിയ ശേഷം മുങ്ങിയ മലയാളി കർഷകൻ ബിജു കുര്യനെ കണ്ടെത്തി തിരിച്ചയക്കണമെന്ന് സംസ്ഥാന സർക്കാർ. ഇക്കാര്യം ആവശ്യപ്പെട്ട് ഇസ്രയേലിലെ ഇന്ത്യൻ അംബാസിഡർക്ക് സർക്കാർ കത്ത് നൽകി. കൂടാതെ, ബിജു കുര്യന്റെ വിസ റദ്ദാക്കാൻ നടപടി സ്വീകരിക്കാനും നീക്കമുണ്ട്. ഇതിനായി ഇസ്രയേലിലെ ഇന്ത്യൻ എംബസിക്കു കത്തു നൽകും.
വീസ റദ്ദാക്കി ബിജുവിനെ ഇന്ത്യയിലേക്ക് അയയ്ക്കണമെന്നാണ് ആവശ്യം. ബിജുവിനെ എത്രയും വേഗം കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നു സംസ്ഥാന സർക്കാർ ഇസ്രയേലിലെ ഇന്ത്യൻ എംബസിയോട് ആവശ്യപ്പെട്ടിരുന്നു. ആധുനിക കൃഷിരീതി പഠിക്കാൻ കേരളത്തിൽനിന്നുള്ള കർഷക സംഘത്തോടൊപ്പം ഇസ്രയേലിലെത്തിയ ബിജുവിനെ 17ന് രാത്രിയിലാണ് കാണാതായത്. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോക് അപ്പോൾ തന്നെ എംബസിയെ വിവരം അറിയിച്ചു. തിരച്ചിൽ നടത്തുന്നുവെന്ന മറുപടിയാണ് ഇസ്രയേൽ അധികൃതരുടെ ഭാഗത്തുനിന്ന് ലഭിച്ചത്. ബിജു ഒഴികെയുള്ള സംഘം തിങ്കളാഴ്ച മടങ്ങിയെത്തി.
യാത്രയുടെ തുടക്കം മുതൽ ബിജു സംഘാംഗങ്ങളോട് അകലം പാലിച്ചിരുന്നു. ആസൂത്രിതമായി ബിജു മുങ്ങിയെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. രാത്രി ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ ശേഷം ബിജുവിനെ കാണാതായെന്നാണ് സംഘത്തോടൊപ്പം ഉണ്ടായിരുന്ന കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക് അറിയിച്ചത്. ഹോട്ടലിൽ പോകാനായി താമസസ്ഥലത്ത് പ്രത്യേക ബസ് തയാറാക്കി നിർത്തിയിരുന്നു. ഈ സമയത്ത് ബിജു സംഘത്തോടൊപ്പം ഉണ്ടായിരുന്നു. ബസ് പുറപ്പെടുന്ന സമയത്താണ് ബിജു കാണാതായത്.
പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ സൂക്ഷിച്ച ബാഗുമായാണ് ബിജു കടന്നുകളഞ്ഞത്. തുടർന്ന് വിവരം കൈമാറിയത് പ്രകാരം ഇസ്രയേൽ പൊലീസ് സി.സി ടിവി പരിശോധിച്ചെങ്കിലും ബിജുവിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിരുന്നില്ല. താൻ സുരക്ഷിതനാണെന്ന് വ്യക്തമാക്കി ബിജു കുര്യൻ ഭാര്യക്ക് മെസേജ് അയച്ചതായി പിന്നീട് അറിഞ്ഞു. ഇതോടെയാണ് ബിജുവിനെ ഇസ്രയേലിൽ കാണാതായതല്ലെന്നും ബോധപൂർവം മുങ്ങിയതാണെന്നും കൃഷി മന്ത്രി പി. പ്രസാദ് മാധ്യമങ്ങളെ അറിയിച്ചത്.
ബിജുവിന്റെ മുങ്ങലിന് പിന്നിൽ ചില സംഘങ്ങൾക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് ആരോപിക്കുന്നത്. വഞ്ചനയാണ് ബിജു കുര്യൻ ചെയ്തത്. ബിജു കുര്യൻ മുങ്ങിയത് ബോധപൂർവമാണ്. ഇത് സർക്കാരിന് ലാഘവത്തോടെ കാണാനാവില്ല. ഈ രീതി അനുവദിക്കാനാവില്ല. മുങ്ങിയതിനു പിന്നിൽ മറ്റ് ചില കാര്യങ്ങൾ കൂടിയുണ്ടെന്ന വിവരം ഇപ്പോൾ കിട്ടുന്നുണ്ട്. ഇതടക്കം എല്ലാ കാര്യങ്ങളും സർക്കാർ ഗൗരവത്തോടെ അന്വേഷിക്കും. ബിജു കുര്യൻ മുങ്ങുമെന്ന കാര്യം അടുത്ത ചില ബന്ധുക്കൾക്ക് നേരത്തെ അറിയുമെന്ന വിവരമുണ്ടെന്നും മന്ത്രി പ്രസാദ് പറഞ്ഞു.
കൃഷി മന്ത്രിയുടെ നേതൃത്വത്തിലെ പര്യടനമാണ് ആദ്യം പദ്ധതിയിട്ടത്. എന്നാൽ കൃഷി മന്ത്രിക്ക് പോകാനുള്ള അനുമതി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് കിട്ടിയില്ല. ഇതോടെ മന്ത്രി പിന്മാറി. അപ്പോഴും കർഷകരുമായുള്ള യാത്ര തുടരാൻ സർക്കാർ പച്ചക്കൊടി കാട്ടി. ഇത്തരത്തിലൊരു യാത്രയാണ് കർഷകന്റെ മുങ്ങലോടെ പ്രതിസന്ധിയിലായത്. ഇസ്രയേലിലെ കൃഷിരീതികൾ പഠിക്കാൻ സംസ്ഥാനത്തുനിന്ന് പോയ കർഷക സംഘത്തിൽ നിന്ന് മുങ്ങിയ ബിജു കുര്യനെ മടങ്ങുന്നതിന്റെ തൊട്ടുതലേന്നാണ് കാണാതായതെന്ന് കൂടെ ഉണ്ടായിരുന്നവർ വ്യക്തമാക്കിയിരുന്നു.
വ്യക്തമായി ആസൂത്രണം ചെയ്താണ് ബിജു കുര്യൻ സംഘത്തിൽ നിന്ന് മുങ്ങിയതെന്ന് സഹയാത്രികർ പറയുന്നു. ഇസ്രയേലിൽ ശുചീകരണ ജോലി ചെയ്താൽ തന്നെ ദിവസം 15,000 രൂപ ലഭിക്കും. കൃഷിപ്പണിക്ക് ഇരട്ടിയാണ് കൂലിയെന്നും ബിജു ഒപ്പമുള്ളവരോട് പറഞ്ഞിരുന്നു. ഇതെല്ലാമറിഞ്ഞ് വളരെ ആസൂത്രിതമായാണ് ബിജു മുങ്ങിയതെന്ന് സഹയാത്രികനായ സുജിത് മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ ഇസ്രയേലിൽ തങ്ങുക എന്ന ലക്ഷ്യത്തോടെ വളരെ മുന്നൊരുക്കത്തോടെയും ആസൂത്രണത്തോടെയുമാണ് ബിജു സംഘത്തിനൊപ്പം ചേർന്നതെന്നാണ് സംശയം.
ഇസ്രയേലിലേക്കും തിരിച്ചും വിമാനടിക്കറ്റിന് 55,000 രൂപ സ്വയം മുടക്കിയാണ് ബിജു സംഘത്തോടൊപ്പം കൂടിയത്. സന്ദർശനത്തിനിടയിലും യാത്രയിലും ബിജു ഇസ്രയേലിലെ മലയാളി സുഹൃത്തുക്കളുമായി നിരന്തരം ഫോണിൽ സംസാരിക്കാറുണ്ടായിരുന്നെന്നാണ് കൂടെയുണ്ടായിരുന്ന കർഷകർ പറയുന്നത്. കർഷക സംഘത്തെ അയയ്ക്കാനുള്ള തീരുമാനം വന്നയുടൻ ബിജു നീക്കങ്ങൾ തുടങ്ങിയെന്നാണ് സർക്കാരിന്റെ സംശയം. പായം കൃഷി ഓഫിസിലാണ് ബിജു കുര്യൻ അപേക്ഷ നൽകിയത്.
കർഷകനായ ബിജുവിന്റെ കൃഷിയിടം കൃഷി ഓഫിസർ പരിശോധിച്ച് ഉറപ്പ് വരുത്തിയാണ് ബിജുവിനെ തെരഞ്ഞെടുത്തത്. എല്ലാ പരിശോധനകളും കഴിഞ്ഞ് യോഗ്യത ഉറപ്പുവരുത്തിയാണ് ബിജുവിനെ തെരഞ്ഞെടുത്തതെന്നും കൃഷി ഓഫിസർ വ്യക്തമാക്കി. അപ്പോഴും ചില സംശയങ്ങൾ ബിജുവുമായി ബന്ധപ്പെട്ടുയരുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ