തിരുവനന്തപുരം: കോവിഡ് കാലത്ത് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ വിമർശനവുമായി ട്രാൻസ്‌പോർട്ട് സെക്രട്ടറിയും കെ.എസ്.ആർ.ടി.സി. എം.ഡിയുമായ ബിജു പ്രഭാകർ. മദ്യശാലകൾ അടച്ചിട്ടത് മൂലം ഒരു തലമുറ മയക്കുമരുന്നിലേക്ക് മാറിയെന്ന് കെഎസ്ആർടിസി എംഡി കൂടിയായ ബിജു പ്രഭാകർ രൂക്ഷമായി വിമർശിച്ചു.

സംസ്ഥാന സർക്കാർ നടപ്പിലാക്കിയ കോവിഡ് നിയന്ത്രണങ്ങളെയും ബസുകളിൽ ഇരുന്ന് യാത്ര ചെയ്യുന്നതിൽ സർക്കാർ ഏർപ്പെടുത്തിയ നിയമങ്ങളെയും അദ്ദേഹം വിമർശിച്ചു. ലക്ഷക്കണക്കിന് പേർ യാത്ര ചെയ്യുന്ന പൊതുഗതാഗതത്തിന് വേണ്ടി ആവശ്യമായ പിന്തുണ സർക്കാർ നൽകുന്നില്ലെന്നും ഇവിടെ മെട്രോ നടപ്പിലാക്കാൻ മാത്രമാണ് ചർച്ചകൾ നടക്കുന്നതെന്നും ബിജു പ്രഭാകർ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് കെഎസ്ടിഎ സംഘ് 22-ാം സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുഗതാഗതം ശക്തിപ്പെടുത്തുന്ന നിലപാട് അല്ല കേന്ദ്രത്തിനും സംസ്ഥാനത്തിനുമുള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസംഗത്തിൽ സംസ്ഥാന സർക്കാരിന്റെ കോവിഡ് നിയന്ത്രണങ്ങളെ ശക്തമായി വിമർശിക്കുന്നുണ്ട്. മദ്യ ശാലകൾ അടച്ചിട്ടതും ബസുകളിൽ നിന്ന് യാത്ര ചെയ്യുന്നത് നിരോധിച്ചതിനേയും അദ്ദേഹം വിമർശിച്ചു. 20 ലക്ഷം ആളുകളെ കൊണ്ടു പോകുന്ന പൊതുഗതാഗതത്തിന് ഒരു പിന്തുണയുമില്ല. എല്ലാവർക്കും മെട്രോ മതി. ചർച്ചകൾ മെട്രോ നടപ്പാക്കാൻ വേണ്ടി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'എന്താണ് ലോക്ക് ഡൗൺ കൊണ്ട് ഉണ്ടായത്? കെ.എസ്.ആർ.ടി.സി. ബസിനകത്ത് ഇരുന്ന് യാത്രചെയ്യാം, നിന്നാൽ കൊറോണ പിടിക്കും. കോവിഡ് നിയന്ത്രണം ലംഘിക്കുന്ന വാഹനങ്ങളെ എവിടെ കണ്ടാലും പിടിച്ചു നിർത്താം. പൊലീസുകാർ, മജിസ്‌ട്രേറ്റുമാർ അടുത്തടുത്ത് ഇരുന്നാൽ കൊറോണ പിടിക്കില്ല. അടുത്തടുത്ത് നിന്ന് പോയാൽ കൊറോണ പിടിക്കും. ബിവറേജസിൽ നിന്ന് രണ്ടെണ്ണം വാങ്ങി വീട്ടിൽ കൊണ്ടുവന്ന് അടിച്ചു കഴിഞ്ഞാൽ കൊറോണപിടിക്കും. അന്ന് ബിവറേജസ് അടച്ചിട്ടതുകൊണ്ടു മാത്രമാണ് ഇന്ന് കാണുന്ന തരത്തിൽ ആളുകൾ മറ്റു മയക്കുമരുന്നുകളിലേക്ക് മാറിയിരിക്കുന്നത്. ബിവറേജസ് അടച്ചിടാൻ പാടില്ല എന്ന് ചീഫ് സെക്രട്ടറിയുടെ മീറ്റിൽ പറഞ്ഞിരുന്നു. ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും അതിന്റെ അനന്തരഫലം എന്താണെന്നുള്ളതെന്ന് നമ്മൾ മനസ്സിലാക്കണം.

പൊതുഗതാഗതം ശക്തിപ്പെടുത്തുന്ന നിലപാടല്ല കേരളത്തിനും കേന്ദ്രത്തിനും. ഇരുപത് ലക്ഷം ആൾക്കാരെ കൊണ്ടുപോകുന്ന പൊതുഗതാഗതത്തിന് ഒരു പിന്തുണയുമില്ല. ചർച്ചകൾ മെട്രോ നടപ്പാക്കാൻ വേണ്ടി മാത്രമാണ്. പൊതുഗതാഗതം ശക്തിപ്പെടുത്തുന്ന രീതിയിലുള്ള നയങ്ങളല്ല പലപ്പോഴും ചെയ്യുന്നത്. ഒറ്റ കാര്യം മാത്രമാണ് ചിന്തിക്കുന്നത്, മെട്രോ, മെട്രോ, മെട്രോ. മെട്രോയ്ക്ക് വേണ്ടി കോടിക്കണക്കിന് രൂപ മുടക്കുമ്പോൾ 20 ലക്ഷം ആൾക്കാരെ കൊണ്ടു പോകുന്ന കെ.എസ്.ആർ.ടി.സിക്ക് വേണ്ടി എത്ര രൂപ ചിലവഴിക്കുന്നുവെന്ന് ബിജുപ്രഭാകർ ചോദിച്ചു.