ന്യൂഡൽഹി: നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ ഗവർണർമാർ അതിവേഗം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശം കേരള സർക്കാരിനും ആശ്വാസമാകും. ഭരണഘടനയുടെ 200-ാം അനുച്ഛേദം അതാണ് ആവശ്യപ്പെടുന്നതെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. എത്രയും വേഗമെന്ന് ഭരണഘടന പറയുന്നതിന്റെ അതിന്റേതായ പ്രാധാന്യമുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ തമിഴിസൈ സൗന്ദരരാജൻ തീരുമാനമെടുക്കുന്നില്ലെന്ന് ആരോപിച്ച് തെലങ്കാന സർക്കാർ ഫയൽചെയ്ത ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ബില്ലുകളിലെല്ലാം ഒപ്പുവെച്ചെന്ന് ഗവർണർ അറിയിച്ച സാഹചര്യത്തിൽ ഹർജി സുപ്രീം കോടതി തീർപ്പാക്കി. കേരളത്തിലും നിയമസഭ പാസാക്കിയ പല ബില്ലുകളിലും ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടിട്ടില്ല. ഈ സാഹചര്യത്തിൽ ഈ കേസ് കേരള സർക്കാരിനും ആത്മവിശ്വാസം നൽകും. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികളെ കേരളവും ഇനി സുപ്രീംകോടതിയിൽ ചോദ്യം ചെയ്യും.

മിക്ക സംസ്ഥാനങ്ങളിലും ഗവർണർമാർ നിയമസഭ പാസാക്കിയ ബില്ലുകൾ തീരുമാനമെടുക്കാതെ പിടിച്ചുവയ്ക്കുകയാണെന്ന് തെലങ്കാന സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദാവെ സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി. അതിനാൽ ഈ ഹർജി പരിഗണിച്ച് സുപ്രീംകോടതി ഇക്കാര്യത്തിൽ തീർപ്പു കൽപ്പിക്കണമെന്നും ദാവെ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യത്തെ സോളിസിറ്റർ ജനറൽ തുഷാർ മേത്ത എതിർത്തു. എല്ലാ സംസ്ഥാനങ്ങളിലെയും വിഷയം ഒരുപോലെ കാണാനാകില്ലെന്ന് തുഷാർ മേത്ത വാദിച്ചു. ഇതിനിടെയാണ് ഇക്കാര്യത്തിൽ ഒരു നിലപാട് സുപ്രീംകോടതി എടുക്കുന്നത്.

സഹകരണവും ഉന്നത വിദ്യാഭ്യാസവുമടക്കം സുപ്രധാന മേഖലകളുമായി ബന്ധപ്പെട്ട് കേരള നിയമസഭ പാസാക്കിയ എട്ടു ബില്ലാണ് ഗവർണർ പിടിച്ചുവച്ചിരിക്കുന്നത്. സഹകരണ മേഖലയിലെ രണ്ടു ബില്ലാണ് ഒപ്പിടേണ്ടത്. മിൽമയുടെ ഭരണക്രമത്തിൽ യഥാർഥ ക്ഷീരകർഷകർക്കുമാത്രം പ്രാതിനിധ്യം ഉറപ്പാക്കുന്നത് വ്യവസ്ഥ ചെയ്യുന്നതാണ് ഒന്ന്. മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനുള്ള സമയപരിധി ഒരുവർഷമെന്നത് രണ്ടുവർഷമായി ഉയർത്തുന്നത് വ്യവസ്ഥ ചെയ്യുന്നതാണ് മറ്റൊരു സഹകരണ നിയമ ഭേദഗതി ബിൽ. ഇത് റിസർവ് ബാങ്ക് വ്യവസ്ഥകളിലൊന്ന് പാലിക്കാനുള്ള സാങ്കേതിക നിയമ ഭേദഗതി മാത്രമാണ്.

സർവകലാശാലകളുടെയും ഉന്നത വിദ്യാഭ്യാസ മേഖലയുടെയും കൂടുതൽ ശാക്തീകരണവും ജനാധിപത്യവും ഉറപ്പാക്കാനായി നിയമസഭ പാസാക്കിയ നാലു ബില്ലും ഒപ്പിടാതെയുണ്ട്. സ്വാശ്രയ കോളേജ് അദ്ധ്യാപക, അനധ്യാപക ജീവനക്കാർ നിയമനവും സേവനവ്യവസ്ഥകളും സംബന്ധിച്ച ബില്ലുമുണ്ട്. കേരള ലോകായുക്ത നിയമത്തിലെ അന്വേഷണ ഏജൻസിതന്നെ വിധി പ്രഖ്യാപിക്കുന്ന ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമായ വ്യവസ്ഥകൾ ഒഴിവാക്കിയുള്ള ഭേദഗതി ബില്ലും ഗവർണർ ഒപ്പിട്ടിട്ടില്ല. കുറ്റാരോപിതന് അപ്പീൽ അവസരമില്ലാതാക്കി മൗലികാവകാശം ലംഘിക്കുന്ന വ്യവസ്ഥകളും ഇല്ലാതാക്കുന്നതാണ് നിയമ ഭേദഗതിയെന്ന് സംസ്ഥാന സർക്കാർ പറയുന്നു.

ലോകായുക്ത റിപ്പോർട്ടിൽ നിയമസഭയ്ക്കും സ്പീക്കർക്കും തീരുമാനമെടുക്കാമെന്നതിലൂടെ തെരഞ്ഞെടുക്കപ്പെട്ട സഭയുടെ അധികാരം ആവർത്തിച്ചുറപ്പിക്കാൻ നിയമസഭ പാസാക്കിയ ബിൽ വ്യവസ്ഥ ചെയ്യുന്നു. രാജ്യത്തിന്റെ ലോക്പാലിനും മാതൃകാ ലോകായുക്ത നിയമ നിർദേശത്തിനും അനുസൃതമായാണീ ഭേദഗതിയെന്നാണ് സർക്കാർ വാദം.